ഇളകിത്തെറിച്ച് ഇന്റർലോക്ക് കട്ടകൾ
കാസർകോട്: വാഹന, ബസ് യാത്രക്കാരെ ഏറെ കഷ്ടപ്പെടുത്തി പതിനാറു ദിവസം അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തി നിർമ്മിച്ച കാസർകോട് ചന്ദ്രഗിരി റോഡിലെ ഇന്റർലോക്ക്, ഗതാഗതത്തിന് തുറന്നുനൽകി പത്ത് മണിക്കൂർ കഴിയുന്നതിന് മുമ്പ് തകർന്നു. റോഡിന്റെ ഇടതുഭാഗത്ത് പാകിയ ഇന്റർലോക്ക് കട്ടകൾ ഇളകി കുഴികൾ രൂപപ്പെട്ടു. കൂടുതൽ വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ റോഡ് വീണ്ടും പഴയതുപോലെ ഇടിഞ്ഞുതാഴുകയാണ്.
വാഹന ഗതാഗതം പൂർണ്ണമായും തടഞ്ഞ ശേഷം പുതുക്കിപ്പണിത ചെമ്മനാട് റോഡ് ശനിയാഴ്ച രാവിലെയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. സ്ഥിരമായ അടിയൊഴുക്ക് കാരണം എന്നും തകർന്നുകൊണ്ടിരിക്കുന്ന പ്രസ് ക്ലബ് ജംഗ്ഷനും ചന്ദ്രഗിരി പാലത്തിനും ഇടയിലുള്ള ഭാഗത്താണ് ഇന്റർലോക്ക് പാകിയിരുന്നത്. നിരവധി തവണ പൊടിയിട്ടും കല്ലുകളിട്ടും ലക്ഷങ്ങൾ ചിലവിട്ട് അറ്റകുറ്റപ്പണി നടത്തിയിട്ടും അതൊന്നും ഫലപ്രദമായിരുന്നില്ല. ജനപ്രതിനിധികളും സംഘടനകളും നിരന്തരം ആവശ്യപ്പെട്ടതിനാലാണ് പൂർണ്ണമായും അടച്ചിട്ട ശേഷം റോഡ് റിപ്പയർ ചെയ്ത് ഇന്റർലോക്ക് പാകിയത്.
റോഡിന്റെ മറ്റേ സൈഡും തകരാൻ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തി കയർ കെട്ടി ഗതാഗതം തടഞ്ഞിരിക്കുകയാണ്. വലിയ അഴിമതിയാണ് നടന്നതെന്നും ഇക്കാര്യത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
അടിയൊഴുക്ക് തടയാൻ റോഡിന്റെ അടിത്തറയിൽ ഒന്നും ചെയ്യാതെ മുകൾഭാഗം മാത്രം വെടിപ്പാക്കുന്ന പൊടിക്കൈ ആണ് ചെമ്മനാട് റോഡിൽ ചെയ്തത്
മുസ്ലിം യൂത്ത് ലീഗ്.
കരാറുകാരനും പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും ഒത്തുകളിച്ച് റോഡ് പണിയിൽ നടത്തിയ വീഴ്ചയാണ് റോഡ് തകരാൻ കാരണമായത്
നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |