കൊല്ലം: ശക്തികുളങ്ങര ആൽത്തറമൂട് ജംഗ്ഷനിലെ അപകടക്കുഴികൾക്ക് പരിഹാരമില്ല. ദേശീയപാതയിൽ നിന്ന് കാവനാട് ഭാഗത്തെ റോഡിലേക്ക് തിരിയുന്നിടത്തെ, ആലിന് സമീപത്തുള്ള റോഡിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
മേവറം കാവനാട് ബൈപ്പാസ് അവസാനിക്കുന്നതും ഇവിടെയാണ്. വളവുള്ള ഭാഗത്ത് രൂപപ്പെട്ട കുഴികളിൽ വീണ് നിരവധി വാഹനങ്ങളാണ് ദിനംപ്രതി അപകടത്തിൽപ്പെടുന്നത്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും. ദേശീയപാത വികസനം തുടങ്ങിയ ശേഷമാണ് കുഴികളുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പലതവണ അറ്റകുറ്റപ്പണികൾ നടത്തി. പക്ഷേ, അധികം വൈകാതെ ഈ ഭാഗം പൂർവസ്ഥിയിലാവും. കഴിഞ്ഞ ജൂണിലാണ് അവസാനമായി ഇവിടത്തെ കുഴിയടച്ചത്. എന്നാൽ ഇപ്പോൾ, പഴയതിനേക്കാൾ മോശമായ അവസ്ഥയിലാണ് ഇവിടം. തകർന്ന റോഡിൽ നിന്ന് ടാറും മെറ്റലും ഇളകി പലഭാഗത്തായി ചിതറിക്കിടക്കുകയാണ്. ചെറിയമെറ്റിൽ കഷ്ണങ്ങൾ റോഡിന്റെ പകുതിയോളം ഭാഗത്ത് പരന്നുകിടക്കുന്നു. മുൻപ് ഇവിടെ വീപ്പവച്ചും മറ്റുമാണ് അപായമുന്നറിയിപ്പ് നൽകിയിരുന്നത്. ഇപ്പോൾ പേരിനുപോലും മുന്നറിയിപ്പില്ല. ദേശീയപാത അതോറിട്ടിയുടെ നിയന്ത്രണത്തിലുള്ള റോഡാണിത്.
മഴ പെയ്താൽ ഇരട്ടിദുരിതം
മഴക്കാലത്ത് കുഴികളിൽ വെള്ളം നിറയുന്നതിനാൽ കുഴി എവിടെ, റോഡ് എവിടെ എന്നറിയാനാവാത്ത അവസ്ഥയാവും. ഇത് വലിയ അപകടങ്ങൾക്ക് വഴിതെളിക്കും. കഴിഞ്ഞദിവസം പെയ്ത മഴയിലും ഈ ഭാഗത്ത് വെള്ളക്കെട്ടുണ്ടായി. റോഡിലെ തിരക്കും വളവും കാരണം പലപ്പോഴും കുഴികൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാറില്ല. സന്ധ്യയായാൽ വേണ്ടത്ര വെളിച്ചവും ആൽത്തറമൂട് ഭാഗത്ത് ലഭിക്കാറില്ല.
ഈ ഭാഗത്തെ ടാറിടൽ വെറും പ്രഹസനം മാത്രമാണ്. ദിവസവും എന്തെങ്കിലും അപകടം നടക്കുമെന്ന അവസ്ഥയാണ്. പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാണ് വേണ്ടത്
പ്രകാശൻ, പ്രദേശവാസി
കാഴ്ചമറയ്ക്കുന്ന രീതിയിലുള്ള വളവായതുകൊണ്ട് പെട്ടെന്ന് റോഡിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെടാറില്ല. എത്ര പതിയെ വന്നാലും മെറ്റിലിൽ തട്ടി വീഴുന്ന അവസ്ഥയാണ്
രാഹുൽ, ഇരുചക്രവാഹന യാത്രക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |