കഴിഞ്ഞ വർഷം 25 ലക്ഷമാണ് പോയത്. ഇരുന്നൂറ് ഏക്കറായിരുന്ന കൃഷി ഇപ്പോൾ നൂറ്റമ്പതിൽ ഒതുക്കി." നിരണം വെള്ളങ്കരി 80 ഏക്കറിൽ പുഞ്ചക്കൃഷിയുടെ വിതയ്ക്ക് മോട്ടോർവച്ച് വെള്ളം വറ്റിക്കുകയായിരുന്ന കർഷകൻ ഇരുപതിൽച്ചിറ ആന്റണി മാത്യുവെന്ന അമ്പത്തിമൂന്നുകാരന്റെ വാക്കുകളിൽ നിസംഗത. ഇത് ആന്റണിയുടെ മാത്രം അനുഭവമല്ല. കുട്ടനാട്ടിൽ കൃഷിയിറക്കുന്ന പതിനായിരക്കണക്കിന് കർഷകരുടെ നൊമ്പരമുണ്ട്, ഈ വാക്കുകളിൽ. നെല്ലുവിറ്റ പണം വൈകിയതുകൊണ്ട് ഉണ്ടായ കടക്കെണിയും അർബുദരോഗിയായ മകന്റെ ചികിത്സാചെലവും താങ്ങാനാകാതെ വണ്ടാനം നീലുകാട് ചിറയിൽ കെ.ആർ. രാജപ്പൻ എന്ന എൺപത്തിയെട്ടുകാരൻ ജീവനൊടുക്കിയത് കഴിഞ്ഞ നവംബറിലാണ്.
പി.ആർ.എസ് വായ്പയിൽ സിബിൽ സ്കോർ നഷ്ടപ്പെട്ട് ബാങ്ക് വായ്പ ലഭിക്കാതെ തകഴി കുന്നുമ്മ കാട്ടിൽപ്പറമ്പിൽ കെ.ആർ.പ്രസാദും (55) പിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കി. കുട്ടനാട്ടിൽ നെൽകർഷകർ നേരിടുന്ന ദുരിതങ്ങളുടെ നേർച്ചിത്രമായിരുന്നു രാജപ്പനും പ്രസാദും. കാലാവസ്ഥ തെറ്റിയാൽ കൃഷിയും ജീവിതവും താളംതെറ്റും. കടം വാങ്ങിയിറക്കിയ കൃഷിയിൽനിന്ന് ആദായം കിട്ടിയില്ലെങ്കിൽ പകരം ജീവൻ നൽകേണ്ടിവരും. വിത്തിനും വളത്തിനും വിഷത്തിനും കർഷകൻ രൊക്കം പണം കൊടുക്കണം. കൊയ്ത്തുമെഷീന്റെ വാടകയും കൊടുക്കണം. എന്നാൽ, ഒരു വിള കഴിഞ്ഞ് അടുത്ത വിളയിറക്കിയശേഷവും സംഭരിച്ച നെല്ലിനുള്ള പണം സർക്കാർ നൽകാത്തതാണ് ഇവരുടെ ജീവിതം ഇരുട്ടിലാക്കുന്നത്. നെല്ലുസംഭരണ സമ്പ്രദായം പരിഷ്കരിക്കുന്നതിന് നിയോഗിച്ച വി.കെ. ബേബി കമ്മിറ്റി കഴിഞ്ഞ ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഉത്പാദനം
കുറവ്
1959-ൽ കേരളത്തിൽ 19.54 ലക്ഷം ഏക്കറിലുണ്ടായിരുന്ന നെൽക്കൃഷി 2021-22ൽ 1,95,734 ഹെക്ടറിലേക്ക് ചുരുങ്ങി. 1980 മുതൽ നെൽവയലുകളുടെ വിസ്തൃതി കുറഞ്ഞു. 1974-75 ൽ 8.82 ലക്ഷം ഹെക്ടറായിരുന്ന നെൽവയലുകളുടെ വിസ്തീർണ്ണം 2015-16ൽ 1.96 ലക്ഷം ഹെക്ടറായി ചുരുങ്ങി. 1974-75 ൽ 13.76 ലക്ഷം ടണ്ണായിരുന്ന നെല്ലുത്പാദനം 2015-16ൽ 5.49 ലക്ഷം ടണ്ണായി. 2021-22ൽ നെൽകൃഷി വിസ്തൃതിയിൽ 9300 ഹെക്ടറിന്റെ കുറവാണുണ്ടായത്. രണ്ട് ദശാബ്ദത്തിനിടെ 1,26,634 ഹെക്ടറിൽ നെൽകൃഷി ഇല്ലാതായി. അരി ഉത്പാദനം 1,41,407 ടണ്ണായി കുറഞ്ഞു. ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയാണ് കഴിഞ്ഞ വർഷമുണ്ടായത്. 2022-23ൽ 7.3 ലക്ഷം ടണ്ണായിരുന്ന ആഭ്യന്തര ഉത്പാദനം 2023-24ൽ 5.6ലക്ഷം ടണ്ണായി കുറഞ്ഞു. 1.7ലക്ഷം ടണ്ണിന്റെ കുറവ്! ഇതിലൂടെ 500കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
താങ്ങാൻ
വയ്യാത്ത കൂലി
ഒരേക്കറിന് 17,000 രൂപ വരെ കൂലി നൽകേണ്ടി വരുന്നുണ്ട്, നെൽക്കൃഷിയിൽ. 32 പാടശേഖര സമിതികളുള്ള ചമ്പക്കുളം പഞ്ചായത്തിൽ മാത്രം 1600 ഹെക്ടറിൽ കൃഷിയുണ്ട്. അതിൽ 1200ഹെക്ടറിൽ രണ്ടു സീസണിലും കൃഷിയിറക്കും. ഒരുപുഞ്ച സീസണിൽ 1600 ഹെക്ടറിലെ കൂലിച്ചെലവു മാത്രം എട്ടുകോടിയിൽ അധികമാണ്. കർഷകരുടെ ആദായം12 കോടിയും. സംസ്ഥാനത്ത് നെല്ലിന്റെ ഉത്പാദനക്ഷമത കുറവാണെന്നതും തിരിച്ചടിയാണ്. ഇവിടെ ഹെക്ടറിന് 2790 കിലോ മാത്രമുള്ളപ്പോൾ പഞ്ചാബിന്റെ ഉത്പാദനക്ഷമത ഹെക്ടറിന് 3952 കിലോയാണ്.
തൊഴിലാളികളെ കിട്ടാനില്ലാത്തതും ഉയർന്ന കൂലിയും ഉൾപ്പെടെ നെൽക്കൃഷിയെ ലാഭകരമല്ലാതാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. കീടനാശിനികളുടെ വിലയും ഏതാനും വർഷങ്ങൾക്കിടെ പതിന്മടങ്ങ് കൂടി. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ പാടത്ത് പണിയെടുക്കുന്ന ആണാളുടെ കൂലി 1200 രൂപയാണ്. നെല്ലു കയറ്റുകൂലി കഴിഞ്ഞവർഷം മുതൽ ആയിരമായി. ഒരേക്കറിൽ 3000 മുതൽ 4000 രൂപ വരെ കൂലിച്ചെലവ് കൂടി ! 45,000 രൂപയ്ക്കു മുകളിൽ മുടക്കി, ഒരേക്കറിൽ കൃഷിയിറക്കി നല്ലവിള കിട്ടിയാൽപ്പോലും കർഷകന് പരമാവധി ലഭിക്കുന്നത് 15,000 രൂപയിൽ താഴെയാണ്. നെല്ലിന്റെ വില വൈകുമ്പോൾ അടുത്തകൃഷിക്ക് കടം വാങ്ങേണ്ടിവരും.
തൊഴിലുറപ്പ് പദ്ധതികൾ പാടത്തേക്കും നടപ്പാക്കുന്ന രീതിയിലേക്ക് സർക്കാർനയം മാറണമെന്നാണ് കർഷകരുടെ ആവശ്യം. തൊഴിലാളികളുടെ കൂലി പകുതി തൊഴിലുറപ്പ് പദ്ധതി വഴി സർക്കാരും ബാക്കി കർഷകനും വഹിക്കുന്ന ഒരു സംവിധാനമുണ്ടായാൽ പ്രശ്നം പരിഹരിക്കാം.
കൂലിച്ചെലവ്
............................
സ്ത്രീകൾക്ക്: 650+50...........700
പുരുഷന്: ..............1200
ഒരു ഏക്കർ വിതയ്ക്ക്: .............1000
വളമിടീലിന്: .....................................1000
വിഷം തളിക്കാൻ: ....................................900
(നാളെ: സീസണായിട്ടും സംഭരണനയമായില്ല; സംഭരണം കീറാമുട്ടി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |