പുനലൂർ: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സിയുടെ വേണാട് ബസിന് തീപിടിച്ചു. പിന്നിൽ സഞ്ചരിച്ചിരുന്ന കാറിലെ യാത്രക്കാർ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുത്തിയതോടെ ബസ് നിറുത്തി. ഓടിയെത്തിയ നാട്ടുകാർ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരെ പുറത്തിറക്കിയശേഷം വെള്ളമൊഴിച്ച് തീ ഭാഗികമായി കെടുത്തി. തുടർന്ന് ഫയർഫോഴ്സ് എത്തി ബസിന് പുറമേ റോഡിലേക്കും പടർന്ന തീ പൂർണമായും കെടുത്തി.
ഇരുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.10ന് പുനലൂർ ബോയ്സ് ഹൈസ്കൂളിന് സമീപമായിരുന്നു അപകടം. ഡീസൽ ചോർച്ചയും ഷോർട്ട് സർക്യൂട്ടുമാകാം കാരണമെന്ന് സംശയിക്കുന്നു. കായംകുളത്ത് നിന്ന് പുനലൂർ ഡിപ്പോയിൽ എത്തിയശേഷം മടങ്ങുമ്പോഴാണ് എൻജിന് തീപിടിച്ചത്. കായംകുളം ഡിപ്പോയിലെ 15 വർഷത്തോളം പഴക്കമുള്ള ബസാണിത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |