തൊടുപുഴ: വീട്ടിൽ അതിക്രമിച്ചു കയറി പതിനൊന്നുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയ്ക്ക് ഏഴു വർഷം തടവ്. കരിമണ്ണൂർ കിളിയറ മാരാംകണ്ടത്തിൽ തങ്കച്ചനെയാണ് (39) തൊടുപുഴ പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി ആഷ് കെ. ബാൽ ഏഴു വർഷം കഠിന തടവിനും 85,000 രൂപ പിഴയും ശിക്ഷിച്ചത്. 2024 മാർച്ച് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് അറിഞ്ഞ പ്രതി വീട്ടിൽ കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ലൈംഗികാതിക്രമം നടത്തിയതിന് നാല് വർഷം കഠിന തടവും 50,000 രൂപ പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിന് ഒരു വർഷം തടവും 10,000 രൂപ പിഴയും അതിക്രമിച്ചു കയറിയതിന് രണ്ടു വർഷം തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒമ്പതു മാസവും കൂടി കഠിന തടവ് അനുഭവിക്കണം. പെൺകുട്ടിയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയ്ക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |