കോന്നി: ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിനെ ആക്രമിക്കാൻ വീട്ടിലെത്തിയ വിവിധ കേസുകളിലെ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. റാന്നി പുതുശേരിമല പള്ളിക്കമുരുപ്പ് കെട്ടിടത്തിൽ പുത്തൻവീട്ടിൽ ബിനു മാത്യൂ (47) വാണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് 6 ഓടെയാണ് സംഭവം. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കുമ്മണ്ണൂർ താന്നിമൂട്ടിൽ ഐ.അബ്ദുൽ സത്താറിനെ ആക്രമിക്കാനായി കുമ്മണ്ണൂർ ജംഗ്ഷനിലെത്തിയ ബിനു സമീപ വീടുകളിലെത്തി സത്താറിനെ തിരക്കുകയും, കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ജംഗ്ഷനിലെ സത്താറിന്റെ പഴയ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവരോടും ഇതാവർത്തിച്ചു. അബ്ദുൽ സത്താർ ഇപ്പോൾ താമസിക്കുന്ന മാവനാലിലെ വീട്ടിലെത്തി ഭീഷണി മുഴക്കവേ ബിനുവിനെ പിൻതുടർന്ന് എത്തിയ യുവാക്കൾ ഇയാളെ പിടികൂടുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. വധശ്രമക്കേസുകളിൽ പ്രതിയായ ബിനു ജയിലിൽ സഹതടവുകാരുമായി അടിപിടി കൂടുകയും, പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്യുകയും ബിനുവിനെ കൊല്ലം സബ് ജയിലിലേക്ക് മാറ്റുകയുമായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമിക്കാനെത്താൻ കാരണമെന്ന് പറയുന്നു. ബിനുവിനെതിരെ കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |