കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല കൊഴുവൻപാറക്കുളത്തിന്റെ കാലക്കേട് മാറുന്നു. ക്വാറി റീ ചാർജ്ജിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ വികസന പദ്ധതികൾ ഇവിടേക്ക് എത്തുന്നു. വർഷങ്ങൾക്ക് മുൻപ് കരിങ്കൽ പൊട്ടിച്ചെടുത്തതോടെ വലിയ കുഴികൾ രൂപപ്പെട്ടാണ് കൊഴുവൻപാറക്കുളമായി മാറിയത്. ഇവിടെ മുൻപ് മത്സ്യക്കൃഷിയടക്കം നടത്തിയിരുന്നു. വലിയ ആഴമുള്ളതിനാൽ അപകടത്തിന് സാദ്ധ്യതയുണ്ട്. അതുകൊണ്ടുതന്നെ നാട്ടുകാർ ഇവിടേക്ക് എത്താതെയായി. ഇപ്പോൾ പാറക്കുളം നാടിന് ശാപമായി മാറിയിരുന്നതാണ്. എന്നാൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി കൊഴുവൻപാറക്കുളവും വികസന വഴിയിലേക്ക് നീങ്ങുകയാണ്.
ജലസേചനം, വൈദ്യുതി
പാറ തുരന്നെടുത്തതിനാൽ വലിയ കുഴികളാണ് കൊഴുവൻപാറയിലുള്ളത്. ഇതിൽ മഴവെള്ളം കെട്ടിനിൽക്കുകയാണ്. വേനൽക്കാലത്ത് വലിയതോതിൽ ജലക്ഷാമം ഉണ്ടാകുന്ന പ്രദേശത്ത് ഇനി പാറക്കുളത്തിലെ വെള്ളം ഉപയോഗിക്കാനാകുംവിധമാണ് പദ്ധതി തയ്യാറാക്കുന്നത്. സർക്കാരിന്റെ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ അനർട്ടിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നേരത്തെ കരീപ്രയിൽ 'ഹരിത തീർത്ഥം' എന്ന പേരിൽ സമാന പദ്ധതി നടപ്പാക്കിയിരുന്നു. ക്വാറികളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ജലം കൃഷിയ്ക്കും മറ്റും ഉപയോഗിക്കുന്നതാണ് ആ പദ്ധതിയും.
സർവെ ഉടൻ
പാറക്കുളത്തിലെ ജലത്തിന്റെ അളവ്, ആഴം എന്നിവയടക്കം ബോദ്ധ്യപ്പെടുന്നതിനായി ഈ മാസം ബാത്തിമെട്രിക് സർവേ നടത്തും. ഹരിതകേരളം മിഷനും സർവെയിൽ പങ്കെടുക്കും.
സുന്ദര ഇടമാക്കും
കൊഴുവൻ പാറയിൽ പദ്ധതി നടപ്പാക്കുമ്പോൾ ഒരു ഓഫീസ് മുറിയും അനുബന്ധ സൗകര്യങ്ങളുമൊരുക്കുന്നുണ്ട്. ഇതിനൊപ്പം പാർക്കും അലങ്കാര, സൗന്ദര്യ വത്കരണവും നടപ്പാക്കാനും അലോചനകളുണ്ട്. സായന്തനങ്ങൾ ചെലവഴിക്കാനുള്ള ഇടമാക്കി മാറ്റുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |