തൃശൂർ: കാൻസർ ബാധിതരാകുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതായും കേരളത്തിൽ എട്ട് സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും പഠനം. 1970 മുതലുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ ആകെ കാൻസർ രോഗികളിൽ 44 ശതമാനമായിരുന്നു സ്ത്രീകൾ. നിലവിൽ ഇത് 64 ശതമാനമാണ്. 2006 മുതൽ മൂന്ന് വർഷക്കാലം തൃശൂർ അമല ആശുപത്രിയിൽ നടത്തിയ പഠനപ്രകാരം 54 ശതമാനമായാണ് സ്ത്രീകളിലെ കാൻസർ ഉയർന്നത്. ഇവിടെയെത്തുന്ന കാൻസർ രോഗികളിൽ മൂന്നിൽ രണ്ടു പേരും സ്ത്രീകളാണെന്ന് കണ്ടെത്തി.
സ്തനാർബുദവും യൂട്രൈൻ കാൻസറുമാണ് കൂടുതൽ. 1970കളിൽ ഗർഭാശയമുഖ കാൻസറായിരുന്നു കൂടുതൽ. ഇതിപ്പോൾ കുറഞ്ഞു. ശരീരത്തിൽ ഈസ്ട്രജൻ കൂടുന്നതാണ് പ്രധാന കാരണം. അമിതവണ്ണമാണ് ഈസ്ട്രജൻ കൂടാൻ ഇടയാക്കുന്നത്. പ്രസവശേഷമുള്ള അനാവശ്യ വിശ്രമവും ശരീരപുഷ്ടിക്കുള്ള ചില മരുന്നും അമിതവണ്ണത്തിന് ഇടയാക്കുന്നു. പിന്നീടിത് കുറയ്ക്കാൻ കഴിയാതാകും. പാരമ്പര്യഘടകങ്ങളും രോഗബാധയിൽ പ്രധാനപങ്കു വഹിക്കുന്നു. ഇത്തരക്കാർ പ്രത്യേകം കരുതലെടുക്കണം.
കാരണം, പരിഹാരം
അമിതവണ്ണത്തിന്റെ ദോഷങ്ങളെ പറ്റിയും ഭക്ഷണക്രമത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സ്ത്രീകളെ ബോദ്ധ്യപ്പെടുത്തണം. പെൺകുട്ടികൾ കായികവിനോദങ്ങളിൽ ഏർപ്പെടണം. ജങ്ക് ഫുഡിനോടുള്ള ആസക്തിയാണ് മറ്റൊരു പ്രശ്‌നം. ജീവിതശൈലി മാറ്റവും വ്യായാമക്കുറവും മറ്റ് കാരണങ്ങളാണ്. ഇതെല്ലാം പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോമിലേക്കും തുടർന്ന് ഈസ്ട്രജൻ കൂടി സ്തനാർബുദത്തിനും ഗർഭാശയ കാൻസറിനും കാരണമാകുന്നു.
തിരിച്ചറിയാം, പ്രതിരോധിക്കാം
സ്തന പരിശോധനയിലൂടെ രോഗ സൂചന ലഭിക്കും.
വർഷത്തിലൊരിക്കലെങ്കിലും എക്‌സ് റേ, സ്‌കാനിംഗ് നടത്തണം.
സെർവിക്കൽ കാൻസർ പ്രതിരോധത്തിന് വാക്‌സിനുണ്ട്.
പാപ്‌സ്മിയർ ടെസ്റ്റിലൂടെ യൂട്രൈൻ കാൻസർ നേരത്തെ അറിയാം.
സ്തനാർബുദവും ഗർഭാശയ കാൻസറും പരിശോധനയിലൂടെ നേരത്തേ തിരിച്ചറിഞ്ഞ് ഭേദപ്പെടുത്താം.
ഡോ.ബെറ്റ്‌സി തോമസ്
പ്രിൻസിപ്പൽ, അമല മെഡിക്കൽ കോളേജ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |