ബംഗളൂരു: ഡോർ ലോക്കാണ്.. എന്നാൽ ജനലിൽ കൂടി അകത്തു കടക്കാം. ബസിനുള്ളിൽ വലിഞ്ഞുകയറാൻ പാടുപെടുന്ന പുള്ളിപ്പുലിയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ. ബംഗളൂരു ബനാർഘട്ട നാഷണൽ പാർക്കിലൂടെ പോയ വിനോദസഞ്ചാരികളുടെ മിനി സഫാരി ബസിൽ കടന്നുകൂടാനാണ് പുലി ശ്രമിച്ചത്. പരാജയപ്പെട്ടതോടെ ആശങ്ക അകന്നെങ്കിലും പുലിയുടെ ശ്രമ വീഡിയോയാ ഹിറ്റായി. പാർക്കിലൂടെ പോകുന്നതിനിടെ ബസ് ഇടയ്ക്ക് നിറുത്തിയപ്പോഴായിരുന്നു സംഭവം. ബസ് ആകെ മൊത്തം നോക്കി. ഡോറിലൂടെ പറ്റില്ല. അടച്ചിട്ടിരിക്കുകയാണ്. തുടർന്ന് ബസിന്റെ ജനലിലൂടെ കയറാൻ നീക്കം. തലയിട്ട് നോക്കി. ഗ്ലാസ് ജനലുകൾ സുരക്ഷിതമായതിനാൽ അകത്തേക്ക് കടക്കാൻ സാധിച്ചില്ല. പിന്നീട് ഊർന്ന് താഴേക്ക്. ചുറ്റിപ്പറ്റി നടന്ന് വീണ്ടും ചാടാൻ ശ്രമിക്കുന്നതിനിടെ ബസ് നീങ്ങി. പുലിയുടെ അപ്രതീക്ഷിത നീക്കത്തിൽ ഭയന്ന സഞ്ചാരികൾ അലറിവിളിക്കുന്നത് വീഡിയോയിൽ കേൾക്കാം.
21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. എന്നാൽ സഫാരിക്കിടെ ഇത്തരം സംഭവങ്ങൾ പതിവാണെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. കർണാടക വനം വകുപ്പ് മന്ത്രി ഈശ്വർ ഖാന്ദ്രെ ജൂണിലാണ് ബനാർഘട്ട ബയോളജിക്കൽ പാർക്കിൽ പുള്ളിപ്പുലി സഫാരിയുടെ ഉദ്ഘാടനം നിർവഹിച്ചത്. 20ഓളം പുള്ളിപ്പുലികളാണ് ഇവിടെയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |