ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലാണ് ബ്ലെസി സിനിമയാക്കിയത്. മലയാളത്തിൽ ഏറ്റവും അധികം വിറ്റഴിച്ച നോവലുകളിലൊന്നാണിത്. ആറാട്ടുപുഴ പത്തിശ്ശേരില്‍ തറയില്‍വീട്ടില്‍ നജീബിന്റെ ജീവിതമാണ് ബെന്യാമിൻ നോവലാക്കിയത്. അതിനാൽ തന്നെ ചിത്രം പുറത്തിറങ്ങിയ ശേഷം ലോകത്തെ വിവിധ കോണുകളിൽ നിന്ന് പ്രശംസകൾ പിടിച്ചു പറ്റിയിരുന്നു.
ഇപ്പോഴിതാ ആടുജീവിതം സിനിമയിലെ സൗണ്ട് ട്രാക്ക് ഗ്രാമി പരിഗണനയ്ക്ക് അയോഗ്യമാക്കപ്പെട്ടത്തിന്റെ കാരണം തുറന്നുപറയുകയാണ് സംഗീത സംവിധായകൻ എ ആർ റഹ്മാൻ. ഗ്രാമിക്കും ഓസ്കാറിനും ഒരുപാട് മാനദണ്ഡങ്ങളുണ്ടെന്നും അതൊക്കെ പാലിച്ചെങ്കിൽ മാത്രമേ പുരസ്കാരത്തിന് പരിഗണിക്കപ്പെടുകയുള്ളുവെന്നും റഹ്മാൻ പറഞ്ഞു. അടുത്തിടെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ
'ഗ്രാമിക്കും ഓസ്കാറിനുമൊക്കെ ഒരുപാട് മാനദണ്ഡങ്ങളുണ്ട്. അതെല്ലാം നൂറ് ശതമാനം പാലിച്ചെങ്കിൽ മാത്രമേ പുരസ്കാരത്തിന് പരിഗണിക്കൂ. ആടുജീവിതം എന്ന ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ അവർ നിർദേശിച്ച് ദെെർഘ്യത്തേക്കാൾ ഒരു മിനിട്ട് കുറവായിപ്പോയി സംഗീതത്തിന്. ആ ഒറ്റക്കാരണത്താൽ എന്റെ ട്രാക്ക് തള്ളിക്കളഞ്ഞു.
ഗ്രാമിയുടെ ടിക് ബോക്സ് നാം വിചാരിക്കുന്നതിലും വലുതാണ്. അവർ പറയുന്ന മാനദണ്ഡങ്ങൾ മുഴുവൻ ശരിയായെങ്കിൽ മാത്രമേ പുരസ്കാരത്തിന് പരിഗണിക്കൂ. മുൻ വർഷങ്ങളിൽ ഓസ്കാറിനും ഗ്രാമിക്കും വേണ്ടി പൊന്നിയിൽ സെൽവന്റെ ഒന്നും രണ്ടും ഭാഗങ്ങളിലെ സൗണ്ട് ട്രാക്കുകൾ അയയ്ക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ അതിന് സാധിച്ചില്ല', - റഹ്മാൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |