സിബിൽ സ്കോർ ഇല്ലെന്ന കാരണത്താൽ കാർഷികാവശ്യത്തിനുള്ള ബാങ്ക് വായ്പ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് തകഴി കുന്നുമ്മയിൽ പ്രസാദ് എന്ന കർഷകൻ വിഷം കഴിച്ച് ജീവനൊടുക്കിയിട്ട് ഒരാണ്ട് തികയാറാകുമ്പോൾ കുടുംബത്തിനു പറയാനുള്ളത് സർക്കാരിന്റെ അവഗണനയുടെ കഥകൾ. കഴിഞ്ഞ വർഷം നവംബർ 11നാണ് കാട്ടിൽപ്പറമ്പിൽ കെ.ജി. പ്രസാദ് ആത്മഹത്യ ചെയ്തത്. സർക്കാരിൽ നിന്ന് യാതൊരു സഹായവും നാളിതുവരെ ലഭിച്ചിട്ടില്ലെന്നാണ് പ്രസാദിന്റെ ഭാര്യ ഉഷയുടെ വെളിപ്പെടുത്തൽ. പിന്നാക്ക വികസന ക്ഷേമ കോർപ്പറേഷനിൽ നിന്നെടുത്ത വായ്പയുടെ പേരിൽ പ്രസാദ് മരിച്ച് ദിവസങ്ങൾക്കകം കുടുംബത്തിന് ജപ്തി നോട്ടീസ് ലഭിച്ചതിന്റെ വാർത്ത 'കേരളകൗമുദി" പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് ഇപ്പോഴത്തെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ് കടംവീട്ടി ആധാരം വീണ്ടെടുത്ത് നൽകിയത്.
റവന്യു വകുപ്പിൽ നിന്ന് ആശ്രിതർക്കു ലഭിക്കുന്ന ധനസഹായംപോലും കുടുംബത്തിന് ലഭിച്ചിട്ടില്ല. പ്രസാദിന്റെ മരണത്തിനു പിന്നാലെ കുടുംബവകയായി വീട്ടിൽ നിന്ന് കിലോമീറ്രറുകൾ അകലെയുള്ള 1.80ഏക്കർ സ്ഥലം പാട്ടക്കൃഷിക്കു നൽകിയ കുടുംബം, ഇത്തവണ വീടിന് സമീപം ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തു. അടുത്തമാസം വിളവെടുക്കാം. പശുവിനെ വളർത്തിയും തൊഴിലുറപ്പ് പണിക്കു പോയുമാണ് പ്രസാദിന്റെ ഭാര്യ കുടുംബം പുലർത്തുന്നത്. വിവാഹിതയായ അദീനയും, തകഴി ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി അദീനിക് പ്രസാദുമാണ് മക്കൾ.
ക്യാൻസർ ബാധിതനായിരുന്ന മകന്റ ചികിത്സയ്ക്ക് പണമില്ലാതെ, കർഷകനായ രാജപ്പൻ ജീവനൊടുക്കുകയും രോഗം മൂർച്ഛിച്ച് പിന്നീട് മകൻ പ്രകാശനും മരണത്തിനു കീഴടങ്ങുകയും ചെയ്തശേഷം ജീവിതദുരിതങ്ങളിലുഴലുകയാണ് കുടുംബം. അരനൂറ്റാണ്ടിലധികം പഴക്കമുള്ള വീട്ടിലാണ് രാജപ്പന്റെ ഭാര്യ രുഗ്മിണിയും (76) മകൻ പ്രകാശന്റെ ഭാര്യ പ്രമീളയും (50) കഴിയുന്നത്. കൂട്ടായി പ്രകാശന്റെ മൂത്തമകൾ രാജലക്ഷ്മിയും അഞ്ചു വയസുകാരായ ഇരട്ടക്കുട്ടികളും ഒപ്പമുണ്ട്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഇളയമകൾ ശ്രീലക്ഷ്മിക്കു കിട്ടുന്ന വരുമാനവും, ആലപ്പുഴ മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ മെസ്സിൽ പാചകക്കാരിയായ പ്രമീളയുടെ തുച്ഛമായ വരുമാനവുമാണ് കുടുംബത്തിന്റ ആശ്രയം.
ആറുമാസം കൂടുമ്പോൾ പതിനായിരത്തിലധികം രൂപ സ്വകാര്യബാങ്കിൽ പലിശ അടയ്ക്കണം. പ്രകാശന്റെ ചികിത്സയ്ക്കായാണ് നാലുലക്ഷം രൂപയ്ക്ക് നിലം ഒറ്റിക്കു നൽകിയത്. ഇത് എങ്ങനെ തിരികെ നൽകുമെന്ന് എത്തുംപിടിയുമില്ല. രാജപ്പന്റെ മരണത്തെ തുടർന്ന് കോൺഗ്രസുകാർ നൽകിയ സഹായധനം കൊണ്ട് കടംവീട്ടാമെന്ന് കരുതിയിരിക്കെയാണ് പ്രകാശന് രോഗം മൂർച്ഛിച്ചത്. അർബുദത്തെ തുടർന്ന് നാവ് മുറിച്ചിരുന്നു. ഒരുമാസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയ്ക്ക് നാലരലക്ഷം രൂപയിലധികം ചെലവായി. പ്രമേഹവും രക്തസമ്മർദ്ദവും മൂർച്ഛിച്ച് മൂന്നു വർഷത്തോളം ഒരുവശം തളർന്നുകിടന്നിരുന്ന രുഗ്മിണിക്ക് രോഗം ഭേദമായെങ്കിലും മാസം നാലായിരം രൂപയുടെ മരുന്നു വേണം.
ഓരോകൃഷിയും കഴിഞ്ഞ് നെല്ലിന്റെ പണം കിട്ടുമ്പോൾ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീലികാട്ടുചിറയിൽ കെ.ആർ.രാജപ്പൻ (88) ആദ്യം പോയിരുന്നത് വണ്ടാനത്തെ മെഡിക്കൽ സ്റ്റോറിലേക്കായിരുന്നു- മാസങ്ങളായുള്ള മരുന്നിന്റെ കടം വീട്ടാൻ. എന്നാൽ കഴിഞ്ഞ വർഷം ഏറെ കാത്തിരുന്നിട്ടും നെല്ലുവില പൂർണമായി ലഭിച്ചില്ല. തനിക്കും ഭാര്യ രുഗ്മിണിക്കും വാങ്ങുന്ന മരുന്നിന്റെ കുടിശ്ശിക തുക, അർബുദബാധിതനായ മകൻ പ്രകാശന്റെ അവസ്ഥ തുടങ്ങിയ ചിന്താഭാരം വേട്ടയാടിയപ്പോഴാണ് കഴിഞ്ഞ സെപ്തംബർ 17ന് രാജപ്പൻ ജീവനൊടുക്കിയത്. പിന്നാലെ ഡിസംബർ 21ന് പ്രകാശനും (56) വിടവാങ്ങി.
രാജപ്പന്റെ മരണത്തെത്തുടർന്ന് കൃഷിമന്ത്രി നേരിട്ടെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു. പ്രകാശന്റെ ഇളയമകൾ ഇലക്ട്രോണിക്സ് ഡിപ്ലോമ യോഗ്യതയുള്ള ശ്രീലക്ഷ്മിക്ക് സ്ഥിരം ജോലി, കടബാദ്ധ്യതകൾ തീർക്കാൻ കുടുംബത്തിന് സഹായം തുടങ്ങിയ വാഗ്ദാനങ്ങളും നൽകി. വീണ്ടും വീട്ടിലെത്തുമെന്നു പറഞ്ഞെങ്കിലും, അന്നു മടങ്ങിയ മന്ത്രിയോ സർക്കാർ പ്രതിനിധികളോ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. സി.പി.ഐ അനുഭാവികളായ കുടുംബത്തിന് യു.ഡി.എഫ് വിവിധ ഘട്ടങ്ങളിലായി നൽകിയ 4,60,000 രൂപയാണ് സഹായമായി ലഭിച്ചത്. മകന്റെ രോഗം മൂലമുള്ള മനോവിഷമത്താലാണ് രാജപ്പൻ ജീവനൊടുക്കിയതെന്ന് സർക്കാർ കയ്യൊഴിയുമ്പോൾ നാലര ഏക്കർ സ്ഥലം പണയംവച്ചുള്ള ഒന്നരലക്ഷം രൂപയുടെ ബാങ്ക് ബാദ്ധ്യതയും, സ്ഥലം ഒറ്റിക്കു നൽകിയ നാലു ലക്ഷവും കുടുംബത്തിനിപ്പോഴും തീരാബാദ്ധ്യതയായി തുടരുകയാണ്.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |