കാസർകോട്: ശ്രദ്ധയൊന്നു തെറ്റിയാൽ ചന്ദ്രഗിരി പുഴയുടെയും കടലിന്റെയും ആഴങ്ങളിലേക്ക് കൊണ്ടുപോകാനാകുന്ന അപകടക്കെണി. തളങ്കര പഴയ ഹാർബറിലാണ് അനാസ്ഥയുടെ നേർസാക്ഷ്യമായി തകർന്ന പാലവും സ്ലാബുകളും മാറ്റാതെ കിടക്കുന്നത്. പുഴയുടെയും കടലിന്റെയും സൗന്ദര്യം ആസ്വദിക്കാൻ നിരവധി പേരാണ് കുടുംബ സമേതം തളങ്കരയിൽ എത്തുന്നത്. ചിൽഡ്രൻസ് പാർക്കുള്ളത് കൊണ്ട് കുട്ടികളും ഈ ഭാഗത്ത് എത്തുന്നുണ്ട്. ഇവിടെയെത്തുന്നവരിൽ ഭൂരിഭാഗം പേരും തളങ്കര ഹാർബറിലും എത്തുക പതിവാണ്.
കരയിൽ നിന്ന് പുഴയിലേക്ക് ബന്ധിപ്പിച്ചുള്ള പാലത്തിന്റെ കൈവരികളും സ്ലാബും തകർന്ന നിലയിലാണ്. മത്സ്യബന്ധനം നടക്കുന്നില്ലെങ്കിലും ടൂറിസം സ്‌പോർട്ടെന്ന നിലയിൽ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും രാവിലെയും വൈകിട്ടും ആളുകൾ എത്തിച്ചേരാറുണ്ട്. പാലത്തിലെ സ്ലാബ് തകർന്ന് കാലങ്ങളായിട്ടും അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടില്ല. മരക്കമ്പുകളും മറ്റും വെച്ച് തകർന്ന സ്ലാബ് മൂടാൻ ശ്രമിച്ചെങ്കിലും ഇത് കൂടുതൽ അപകട ഭീഷണിയുയർത്തുന്നു. നാഥനില്ലാ കളരിയായതിനാൽ അസമയത്ത് പോലും യുവാക്കളടക്കം ബൈക്കുകളിലും മറ്റും ഇവിടെയെത്താറുണ്ട്. പാലത്തിൽ ബൈക്ക് കയറ്റാനും ചിലർ ശ്രമിക്കുന്നു. ഏത് സമയത്തും തകർന്നു വീഴാൻ പാകത്തിലുള്ള പാലത്തിൽ ബൈക്ക് കയറ്റി നടത്തുന്ന അഭ്യാസ പ്രകടനം അപകടത്തിലേക്കാണ് നയിക്കുക.
ഏകോപനമില്ലാതെ വിവിധ വകുപ്പുകൾ
വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഹാർബറിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ആക്ഷേപം. പോർട്ടിന്റെ സ്ഥലത്ത് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പാണ് ഹാർബർ സ്ഥാപിച്ചത്. ഫിഷ് ലാൻഡിംഗിന് പരിമിതികളുള്ളതിനാൽ പിന്നീട് കസബ ഹാർബറിനെ മത്സ്യബന്ധന ബോട്ടുകൾ ആശ്രയിക്കുകയായിരുന്നു. സ്ലാബ് പൊട്ടിയത് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
പൊളിഞ്ഞ ഹാർബറിൽ കോസ്റ്റൽ പൊലീസ് ബോട്ട്
പൊളിഞ്ഞുവീഴാറായ തളങ്കരയിലെ പഴയ ഹാർബർ ഇപ്പോൾ കൃത്യമായി ഉപയോഗിക്കുന്നത് കാസർകോട് കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ രക്ഷാബോട്ട് കെട്ടിയിടുന്നതിനാണ്. കടലിൽ പോകാത്ത സമയം മുഴുവൻ ഈ ബോട്ട് കിടക്കുന്നത് പഴയ ഹർബറിനോട് ചേർന്നാണ്. പഴയ ഹാർബറിന്റെ അവശിഷ്ടം ഉണ്ടായിരുന്നതിനാൽ കോസ്റ്റൽ പൊലീസ് ബോട്ട് നങ്കൂരമിടുന്നതിന് പ്രത്യേകം സംവിധാനം ഒരുക്കിയിരുന്നില്ല. കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് പൊലീസ് ഉദ്യോഗസ്ഥർ പോവുകയും വരികയും ചെയ്യുന്നതും തകർന്ന്, കമ്പിയും മരങ്ങളും കൊണ്ട് കെട്ടിയിട്ട സ്ലാബിന് മുകളിലൂടെയുള്ള നൂൽപ്പാലത്തിലൂടെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |