തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ മോശം പരാമർശങ്ങൾക്ക് പി.വി.അൻവർ എം. എൽ.എ മാപ്പ് ചോദിച്ചു. 'പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും.' എന്ന പരാമർശത്തിലാണ് ഫെയ്സ്ബുക്ക് വീഡിയോയിൽ മാപ്പുപറഞ്ഞത്. ഇന്നലെ രാവിലെ നിയമസഭയ്ക്ക് മുന്നിൽ മാദ്ധ്യമങ്ങളോടായിരുന്നു വാവിട്ട പരാമർശങ്ങൾ.
അൻവറിന്റെ വാക്കുകൾ - 'അപ്പന്റെ അപ്പൻ എന്നല്ല ഉദ്ദേശിച്ചത്. എന്നെ കള്ളനാക്കിയ മുഖ്യമന്ത്രിയുടെ പരാമർശത്തിന്, എത്ര വലിയ ആളാണെങ്കിലും ഞാൻ പ്രതികരിക്കും എന്നാണ് ഉദ്ദേശിച്ചത്. എന്റെ വാക്കുകൾ അങ്ങനെ ആയിപ്പോയതിൽ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു' -
നിയമസഭയിലേക്ക് കയറും മുമ്പ് കടുത്തഭാഷയിലാണ് അൻവർ മുഖ്യമന്ത്രിയെ വിമർശിച്ചത്. പിണറായി വിജയൻ ആഭ്യന്തരം ഭരിക്കുന്നിടത്തോളം പൊലീസിൽ നിന്ന് നീതി ലഭിക്കില്ല. ജുഡിഷ്യൽ അന്വേഷണം വേണം. അജിത് കുമാർ നൊട്ടോറിയസ് (കുപ്രസിദ്ധ ) ക്രിമിനലാണ്. സ്വർണക്കടത്തിൽ അടക്കം കൃത്യമായ അന്വേഷണം നടക്കുന്നില്ല. പൊലീസിൽ വിശ്വാസമില്ല. എസ്.ഐ.ടി അന്വേഷണം സത്യസന്ധമല്ല. ഡി.ജി.പി നല്ല തീരുമാനങ്ങൾ എടുക്കുന്നയാളാണ്. താഴെയുള്ള ഉദ്യോഗസ്ഥർ എ.ഡി.ജി.പിയുടെ ആളുകളാണ്. സ്വർണക്കടത്തിൽ ആരുടേയും മൊഴി എടുത്തില്ല. എല്ലാം ഗവർണറെ ബോധിപ്പിച്ചു. അദ്ദേഹത്തിന് നൽകിയ കത്ത് പുറത്തുവിടും. ഗവർണർക്ക് ഹൈക്കോടതിയെ സമീപിക്കാനാകും. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്ന ഡി.ജി.പിയുടെ റിപ്പോർട്ട് പൂഴ്‌ത്തി. ഗവർണറുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബുദ്ധിമുട്ടുള്ളതിനാലാവാം ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഇന്നലെ ഗവർണർക്ക് മുന്നിൽ പോകാതിരുന്നത്. തനിക്കെതിരെ തിരിഞ്ഞാൽ വിവരമറിയും.
സ്‌പീക്കർ കവലചട്ടമ്പി
45 ഓളം നക്ഷത്ര ചോദ്യങ്ങൾ വെട്ടിയ സ്‌പീക്കർ കവലചട്ടമ്പിയുടെ റോളിലാണ്. പരസ്യകമ്പനിയോ പി.ആർ ഏജൻസിയോ ചെയ്യേണ്ട പണിയാണ് സ്‌പീക്കർ ചെയ്യുന്നത്.
രക്ഷപ്പെടുന്നത് കപ്പിത്താനും കുടുംബവും മാത്രം
മുങ്ങാൻ പോകുന്ന കപ്പലാണിത്. കപ്പിത്താനും കുടുംബവും മാത്രമാണ് രക്ഷപ്പെടുക. മകളെയും മരുമകനെയും രക്ഷിക്കാനാണ് ശ്രമം.തനിക്ക് ശേഷം പ്രളയമെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. എന്നെ ജയിലിൽ അടച്ചേക്കാം.എന്നാലും തെളിവുകൾ പുറത്തുവരും. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിൽ സ്ഥിരതാമസമാക്കും.ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാനാണ് മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് പോകുന്നത്.
ബാറിലും, ഹൈവേയിലും അഴിമതി
മന്ത്രി പി.എ മുഹമ്മദ് റിയാസിനെയും അൻവർ വിമർശിച്ചു. ദേശീയപാത നിർമാണത്തിലും ബാർ ഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകുന്നതിലും അഴിമതിയുണ്ട്. റിയാസ് എത്ര ബാർ ഹോട്ടലുകൾ അനുവദിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ച് സ്റ്റാർ പദവി കൊടുക്കുന്നു. റോഡാകെ തകർന്നു. മന്ത്രിക്ക് സമയമില്ല. ദേശീയപാതയ്‌ക്ക് ഗഡ്ഗരി പണം അനുവദിക്കുന്നതിന് പിന്നിൽ ഡീലുകൾ സംശയിക്കുന്നു. ഉദ്യോഗസ്ഥർക്ക് നക്കാപിച്ച കൊടുത്ത് ബാക്കിയെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. മരാമത്ത് മന്ത്രിയുടെ പങ്കില്ലാതെ ഇത് നടക്കുമോ ?.
അൻവറിന്റെ മൊഴിയെടുത്ത് വിജിലൻസ്
അനധികൃത സ്വത്ത് സമ്പാദനം, കൈക്കൂലി അടക്കം എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, എസ്.പി സുജിത് ദാസ് എന്നിവർക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി പി.വി. അൻവറിന്റെ മൊഴിയെടുത്ത് വിജിലൻസ്. തൈക്കാട് ഗസ്റ്റ് ഹൗസിൽ ബുധനാഴ്ച ഉച്ചമുതൽ നാലുമണിക്കൂർ നീണ്ട മൊഴിയെടുപ്പിൽ തെളിവുകൾ അൻവർ കൈമാറി. ഡിവൈ.എസ്.പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് മൊഴിയെടുത്തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസ് വളപ്പിലെ മരങ്ങൾമുറിച്ചു കടത്തൽ, ഓൺലൈൻ ചാനലുടമയിൽ നിന്ന് ഒന്നരക്കോടി കൈക്കൂലി, കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കൽ, കവടിയാറിൽ ആഡംബര മാളികയുണ്ടാക്കൽ, ബന്ധുക്കളുടെ പേരിലടക്കം അവിഹിത സ്വത്ത് സമ്പാദനം എന്നിവയിലാണ് അന്വേഷണം.
അജിത്കുമാർ ഫ്ലാറ്റ് വാങ്ങി മറിച്ചുവിറ്റതിനെക്കുറിച്ചടക്കം രേഖകൾ അൻവർ കൈമാറി. താൻ പറഞ്ഞ കാര്യങ്ങൾ ഉദ്യോഗസ്ഥർ എഴുതിയെടുത്തെന്നും ഇനിയുള്ള അന്വേഷണത്തിൽ ഈ ഉദ്യോഗസ്ഥരുണ്ടാവുമോയെന്നറിയില്ലെന്നും അൻവർ പിന്നീട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |