കേരളത്തിന്റെ ആശങ്കയും തമിഴ്‌നാടിന്റെ ആശയുമായ മുല്ലപ്പെരിയാർ അണക്കെട്ടിന് 129 വയസ്. 1895 ഒക്ടോബർ 10നാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് ആദ്യമായി വെള്ളം തുറന്നു വിട്ടത്. കേണൽ ജോൺ പെന്നി ക്വിക് എന്ന ബ്രിട്ടിഷ് എൻജിനീയറുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമായി രൂപം കൊണ്ട അണക്കെട്ട് ഇന്ന് ഏറെ വിവാദങ്ങൾക്ക് വഴിതെളിക്കുന്നുണ്ടെങ്കിലും തെക്കൻ തമിഴ്‌നാടിന്റെ ജീവസ്രോതസായി ഇന്നും മുല്ലപ്പെരിയാർ നിലകൊള്ളുന്നു. തേനി ജില്ലയിലെ ലോവർ ക്യാംപിൽ ജോൺ പെന്നി ക്വിക്കിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയും മധുരം വിതരണം ചെയ്തുമാണ് തമിഴ്‌നാട് കർഷകർ മുല്ലപ്പെരിയാറിന്റെ വാർഷികം ആഘോഷിച്ചത്. അതേസമയം മുല്ലപ്പെരിയാർ വിഷയം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ സമരത്തിലാണ്. കേരളത്തിന്റെ ആശങ്കയും തമിഴ്നാടിന്റെ ആവശ്യവും പരിഹരിക്കുന്ന വിധി ഇതുവരെയും നടപ്പിലായിട്ടില്ല.
അണകെട്ടിയ കഥ
1876ൽ മദ്രാസ് പ്രവിശ്യയിലുണ്ടായ കടുത്ത വറുതിയിൽ ലക്ഷങ്ങൾ മരിച്ചതോടെ ബ്രിട്ടീഷ് സർക്കാർ പെരിയാറിലെ വെള്ളം കിഴക്കോട്ട് തിരിച്ചുവിട്ട് ഗ്രാമപ്രദേശങ്ങളിലെ കടുത്ത ജലക്ഷാമം പരിഹരിക്കാൻ തീരുമാനിച്ചു. 1882ൽ പെരിയാറിൽ ഒരു അണക്കെട്ട് നിർമ്മിക്കുന്നതിന് ബ്രിട്ടീഷുകാരനായ എൻജിനിയർ കേണൽ ജോൺ പെന്നിക്വിക്ക് സമർപ്പിച്ച റിപ്പോർട്ട് ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചു. തുടർന്ന് 1887ലാണ് പെന്നിക്വിക്ക് മൂവായിരം തൊഴിലാളികളുമായി വന്യജീവികളുള്ള കൊടുംകാട്ടിൽ പ്രതികൂലമായ കാലാവസ്ഥയിൽ ഡാമിന്റെ നിർമ്മാണം ആരംഭിക്കുന്നത്. നിർമ്മാണാരംഭത്തിൽ അണക്കെട്ടിന്റെ പലഭാഗങ്ങളും രണ്ടുവട്ടം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇതിനിടെ പകർച്ചവ്യാധികൾ പടർന്നുപിടിച്ചും അപകടത്തിലും പ്രകൃതിദുരന്തത്തിലും നിരവധി തൊഴിലാളികൾ മരിച്ചതോടെ സർക്കാർ പദ്ധതി ഉപേക്ഷിച്ചു. എന്നാൽ പിന്മാറാൻ തയ്യാറാവാത്ത പെന്നിക്വിക്ക് ഇംഗ്ലണ്ടിൽ തന്റെയും ഭാര്യ ഗ്രേസ് ജോർജീനയുടെയും പേരിലുള്ള സ്വത്തുക്കൾ വിറ്റുകിട്ടിയ പണംകൊണ്ട് ഡാം നിർമ്മാണം പൂർത്തിയാക്കി. 1895 ഒക്‌ടോബർ 10ന് ഡാം കമ്മിഷൻ ചെയ്തു. ഡാം കേരളത്തിൽ, വെള്ളം തമിഴ്‌നാടിന് ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ വള്ളക്കടവിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
ശർക്കരയും കരിമ്പിൻ നീരും മുട്ടവെള്ളയും ചുണ്ണാമ്പും ചേർത്തു തയാറാക്കിയ സുർക്കി ചാന്തിൽ കരിങ്കല്ല് കെട്ടിയുണ്ടാക്കിയതാണ് അടിത്തറ. 152 അടി ഉയരവും 1200 അടി നീളവുമുള്ള പ്രധാന ഡാം, 240 അടി നീളവും 115 അടി ഉയരവുമുള്ള ബേബി ഡാം, 240 അടി നീളവും 20 അടി വീതിയുമുള്ള എർത്ത് ഡാം എന്നിവ ചേർന്നതാണ് മുല്ലപ്പെരിയാർ അണക്കെട്ട്. തുടക്കത്തിൽ 152 അടി വെള്ളമാണ് അണക്കെട്ടിൽ സംഭരിച്ചു നിറുത്തിയിരുന്നത്. സ്പിൽവേയിൽ 13 ഷട്ടറുകളാണ് ഉള്ളത്. ഇവ തുറക്കുമ്പോൾ വെള്ളം പെരിയാർ നദിയിലൂടെ വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ജലസംഭരണിയിലെത്തും. ഡാം നിർമ്മിച്ചതോടെയാണ് തേക്കടി തടാകമുണ്ടായത്. തേക്കടിയിൽ നിന്ന് രണ്ട് കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെയാണ് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നത്. കുളങ്ങളിലും വൈഗ അണക്കെട്ടിലും സംഭരിക്കുന്ന വെള്ളമാണ് തമിഴ്‌നാട്ടിലെ തേനി, മധുര, ഡിണ്ടിഗൽ, രാംനാട്, ശിവഗംഗ എന്നീ ജില്ലകളിലേക്ക് കുടിക്കാനും കൃഷിക്കായും ഉപയോഗിക്കുന്നത്.
കൃഷിയിൽ തുടങ്ങി
വൈദ്യുതിയിലേക്ക്
1958 മുതൽ അണക്കെട്ടിലെ ജലം ഉപയോഗിച്ച് തമിഴ്‌നാട് വൈദ്യുതി ഉത്പാദിപ്പിക്കാനും ആരംഭിച്ചു. 700 കോടി രൂപയുടെ വൈദ്യുതിയാണ് തമിഴ്‌നാട് മുല്ലപ്പെരിയാർ വെള്ളം കൊണ്ട് ഉത്പാദിപ്പിക്കുന്നത്. അണക്കെട്ടിൽ ചോർച്ച വന്നതോടെ 1979ലാണ് വിവാദങ്ങളുടെ തുടക്കം. കേന്ദ്ര ജലകമ്മിഷൻ അണക്കെട്ട് സന്ദർശിച്ച് ജലനിരപ്പ് 152ൽ നിന്ന് 136ലേക്ക് താഴ്ത്താനും ബലപ്പെടുത്തൽ ജോലികൾ നടത്താനും നിർദ്ദേശിച്ചു. പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള സ്ഥലവും കമ്മിഷൻ കണ്ടെത്തി. എന്നാൽ ബലപ്പെടുത്തൽ ജോലികൾ നടത്തിയ തമിഴ്‌നാട് പുതിയ അണക്കെട്ട് എന്നത് അവഗണിച്ചു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് വീണ്ടും വിവാദങ്ങൾ ഉയർന്നതോടെ വിഷയം സുപ്രീംകോടതിയിലെത്തി. 2010 ഫെബ്രുവരിയിൽ മുല്ലപ്പെരിയാർ വിഷയങ്ങൾ പഠിക്കാനായി ജസ്റ്റിസ് എ.എസ്. ആനന്ദ് ചെയർമാനായ അഞ്ചംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2014 ൽ ജലനിരപ്പ് 136ൽ നിന്ന് 142 അടിയാക്കി ഉയർത്താൻ തമിഴ്‌നാടിന് അനുമതി ലഭിച്ചത്. ഇതോടെ 2014ൽ ജലനിരപ്പ് 142 അടിയാക്കി. പിന്നീട് 2018 ആഗസ്റ്റ് 15നും ജലനിരപ്പ് 142 അടി പിന്നിട്ടു. ജസ്റ്റിസ് ആനന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ നിർദ്ദേശപ്രകാരം അണക്കെട്ടിലെ സ്ഥിതി തുടർച്ചയായി വിലയിരുത്താൻ മൂന്നംഗ മേൽനോട്ട സമിതിക്കും രൂപം നൽകി. കേന്ദ്ര ജലകമ്മിഷൻ പ്രതിനിധി ചെയർമാനായ ഈ സമിതിയിൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഓരോ പ്രതിനിധിയാണുള്ളത്. ഇവരെ സഹായിക്കാൻ അഞ്ചംഗ ഉപസമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഉപസമിതി മാസത്തിൽ ഒരു തവണ അണക്കെട്ട് സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് നൽകണം. മൂന്ന് മാസത്തിലൊരിക്കൽ മേൽനോട്ട സമിതി അണക്കെട്ടിൽ പരിശോധന നടത്തണം. പക്ഷേ തമിഴ്‌നാടിന്റെ നിസഹകരണം മൂലം പലപ്പോഴും കൃത്യമായ ഇടവേളകളിൽ സമിതികളുടെ പരിശോധന നടക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |