ഒരു കാലത്ത് മൈസൂർ ദസറ കഴിഞ്ഞാൽ പേരുകേട്ട ദസറ ആഘോഷം കണ്ണൂരിലായിരുന്നു. രണ്ടാം ദസറ എന്ന് അറിയപ്പെടുന്ന കണ്ണൂരിലെ ദസറ ആഘോഷങ്ങളുടെ പകിട്ട് തിരിച്ചെത്തുകയാണ്. കണ്ണൂർ കോർപ്പറേഷന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റേയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദസറ ആഘോഷം കണ്ണൂരിനെ മറ്റൊരു മൈസൂരാക്കി മാറ്റുകയാണ്. ദസറയോട് അനുബന്ധിച്ച് കണ്ണൂർ ടൗൺ സ്‌കയറിലും മറ്റു വിവിധ വേദികളിലും കലാപരിപാടികൾ അരങ്ങേറുകയാണ്. മൈസൂർ വരെ പോകാൻ സാധിക്കാതെ ദസറ കൂടണമെന്ന ആഗ്രഹം മാറ്റിവയ്‌ക്കേണ്ട, കണ്ണൂർ വരെ വന്നാൽ മതി. നവരാത്രി കാലയളവിൽ നഗരത്തിൽ ഉറങ്ങാത്ത ആഘോഷങ്ങളും കലാപരിപാടികളുമാണ് അരങ്ങേറുന്നത്.
ആഘോഷ രാവുകൾ
സംഗീതവും നൃത്തച്ചുവടുകളും വൈദ്യുതി ദീപങ്ങളും ഒരുക്കുന്ന മായക്കാഴ്ചകൾ... രാവേറും വരെ ഒഴുകിയെത്തുന്ന ജനസഞ്ചയം. ഉത്സവ ലഹരിയലാണ് കണ്ണൂർ നഗരം. വർണ വൈവിദ്ധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികൾ നഗര രാത്രികൾക്കു മാറ്റേകുന്നു. വർഷങ്ങൾക്കു മുൻപ് മുടങ്ങിപ്പോയ കണ്ണൂർ ദസറ പുനരാംരംഭിച്ചതു കൊവിഡിന് ശേഷം 2022ലാണ്. 'കളറാക്കാം ദസറ കളയാം ലഹരിക്കറ' എന്ന മുദ്രാവാക്യത്തോടെയായിരുന്നു ആഘോഷം. മാലിന്യത്തിനെതിരെയുള്ള ബോധവത്ക്കരണം എന്ന സന്ദേശം ഉയർത്തിയായിരുന്നു കഴിഞ്ഞ വർഷം ദസറ അരങ്ങേറിയത്. 'കാണാം ദസറ, കരുതാം ഭൂമിയെ' എന്നതാണ് ഈ വർഷത്തെ ദസറയുടെ മുദ്രാവാക്യം. ദസറയോടനുബന്ധിച്ച് കോർപറേഷൻ പരിധിയിൽ വ്യാപാരസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ദീപലങ്കാരങ്ങളാൽ വർണപ്രപഞ്ചം തീർക്കുന്നതിന് വ്യാപാരികളും സംഘടനകളും സജീവമായി പ്രവർത്തിച്ചുവരുന്നു. മികച്ച ദീപാലങ്കാരങ്ങൾക്കു സോണൽ അടിസ്ഥാനത്തിലും കോർപറേഷൻ അടിസ്ഥാനത്തിലും സമ്മാനങ്ങൾ നൽകും. കണ്ണൂർ ദസറയുടെ ആഘോഷത്തിമിർപ്പിന് അനുയോജ്യമായ സ്വാഗത ഗാനമെരുക്കിയത് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂളിലെ പാട്ടുകൂട്ടമാണ്. ഗാനത്തിന്റെ വരികളൊരുക്കിയത് സ്‌കൂളിലെ മലയാളം അദ്ധ്യാപകനായ വൈശാഖ് സുഗുണൻ, സംവിധാനം സംഗീത അദ്ധ്യാപകൻ ഷൈജു പള്ളിക്കുന്ന്, കണ്ണൂരിന്റെ സാംസ്‌കാരിക പൈതൃകമായ ചിറക്കലും അറക്കലും തറികളും തിറകളുമെല്ലാം ചേരുന്ന വരികളും ഈണവുമാണ് സ്വാഗത ഗാനത്തിന്റേത്.
വിശ്വാസ പൂർവ്വം
ദേവിയുടെ വിദ്യ, കല എന്നീ ഭാവങ്ങളെ 9 ദിവസങ്ങളിലായി ഉപാസിക്കുന്ന നവരാത്രി ദിനങ്ങളിൽ കണ്ണൂർ നഗരത്തിലെ കോവിലുകളും ക്ഷേത്രങ്ങളും ദീപാലംകൃതമാക്കി നടത്തുന്ന വിശേഷാൽ പൂജകളും കലാപരിപാടികളും കണ്ണൂർ നഗരത്തിനും പരിസരത്തിനും നൽകുന്ന ആത്മീയ ഉണർവ് ചെറുതല്ല. മുനീശ്വരൻ കോവിലാണ് പ്രധാന ക്ഷേത്രം. ഏഴ് നൂറ്റാണ്ടിനു മുൻപു ജീവിച്ച മുനീശ്വരന്റെ സമാധി സ്ഥലമാണ് മുനീശ്വരൻ കോവിൽ എന്നാണു വിശ്വാസം. ഇപ്പോൾ മുനീശ്വരൻ കോവിൽ സ്ഥിതി ചെയ്യുന്ന സ്ഥലം കാനത്തൂർ ബ്രാഹ്മണരുടെ വേദപാഠശാലയായിരുന്നു. ഇവിടെ വരരുചി, പാണിനി, പതഞ്ജലി എന്നീ മഹർഷിമാരുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് ആരാധിച്ച ക്ഷേത്രവും ഉണ്ടായിരുന്നു. ഈ സ്ഥലം തപോവനം എന്നായിരുന്നുവത്രെ അറിയപ്പെട്ടിരുന്നത്. അക്കാലത്തു കേരളത്തിനു പുറത്തു നിന്നു ഒരു മുനിശ്രേഷ്ഠൻ തീർത്ഥയാത്രയ്ക്കിടെ തന്റെ ശിഷ്യഗണത്തോടൊപ്പം ഇവിടെയത്തി. കൊല്ലൂർ മൂകാംബികയിലേക്കു പോകാൻ തയാറെടുക്കുന്നതിനിടെ തന്റെ സമാധി സമയം അടുത്തുവെന്നു മുനിയുടെ ജ്ഞാന ദൃഷ്ടിയിൽ തെളിഞ്ഞു. ഉടനെ മുനി മൂകാംബികാ ദേവിയെ പ്രാർഥിച്ചു. ദേവി പ്രത്യക്ഷപ്പെട്ടു ദർശനം നൽകി. ശേഷം മുനി സമാധിയായി. മുനിക്ക് മൂകാംബികാ ദേവി ദർശനം നൽകിയ സ്ഥലമായതു കൊണ്ടാണ് ദേവിയെ ആരാധിക്കുന്ന നവരാത്രി ഉത്സവത്തിന് മുനീശ്വരൻ കോവിലിനു പ്രാധാന്യം കൈവന്നത് എന്നാണ് ഐതിഹ്യം. കണ്ണൂർ മുനീശ്വരൻ കോവിലിൽ ഇന്ത്യയിലെ പ്രശസ്ത സംഗീത കലാകാരന്മാരിൽ ഭൂരിഭാഗം പേരും സംഗീതാർച്ചന നടത്തിയിട്ടുണ്ട്.
മുനീശ്വരൻ കോവിൽ മാത്രമല്ല കാഞ്ചി കാമാക്ഷിയമ്മൻ കോവിൽ, പിള്ളയാർ കോവിൽ തുടങ്ങി ചെറുതും വലുതുമായ കോവിലുകൾ നവരാത്രി കാലത്ത് പ്രകാശം പരത്തുന്നവയാണ്. ജാതി മത ഭേദമന്യേ എല്ലാവരെയും അന്നമൂട്ടുന്ന കോവിലുകളും ഇതിലുണ്ട്. തെക്കി ബസാർ കാഞ്ചി കാമാക്ഷിയമ്മൻ കോവിലിൽ ഒൻപതു ദിവസങ്ങളിലും ആയിരങ്ങളാണ് പ്രസാദസദ്യ കഴിച്ചു തൃപ്തിയടയുന്നത്. നവരാത്രി നാളിൽ അതിവിപുലമായ പ്രസാദസദ്യയിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് ഇവിടെ എത്തിച്ചേരുന്നത്. തങ്ങളെ തേടിയെത്തുന്ന ഒരാളെപ്പോലും ഭക്ഷണം ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ച പാരമ്പര്യമില്ല നഗരഹൃദയത്തിലെ കോവിലിന്. നൂറുകണക്കിനാളുകളാണ് കൈ മെയ്യ് മറന്ന് എണ്ണയിട്ട യന്ത്രം പോലെ ഇതിനായി അണിയറയിൽ പ്രവർത്തിക്കുന്നത്.
മൈസൂർ ദസറ
രാജകൊട്ടാരത്തിന്റെ നഗരമായ മൈസൂരിലെ, 10 ദിവസം ആഘോഷിക്കുന്ന ദസറ നഗരത്തിന്റെ രാജകീയ പൈതൃകത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ് . വിശ്വാസമനുസരിച്ച്, മഹിഷാസുരനെ വധിച്ച ചാമുണ്ഡേശ്വരി ദേവിയുടെ വിജയവും തിന്മയുടെ മേൽ നന്മയുടെ വിജയവുമാണ് ആഘോഷത്തിന്റെ കാതൽ. ചാമുണ്ഡി കുന്നിലെ ചാമുണ്ഡേശ്വരി ദേവി എരുമയുടെ തലയുള്ള അസുരനായ മഹിഷാസുരനെ ഇവിടെ വച്ച് കൊന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. 1610ൽ വാഡിയാർ രാജാവാണ് ആഘോഷങ്ങൾ ആദ്യമായി ആരംഭിച്ചത്. 9 ദിവസങ്ങളിലും (നവരാത്രി) വിജയദശമിക്ക് ശേഷമുള്ള വിജയദശമി ദിനത്തിലും നിരവധി ദേവതകളെ ആരാധിക്കുന്നു. ചാന്ദ്ര കലണ്ടർ അനുസരിച്ച് എല്ലാ വർഷവും ഒക്ടോബർ പകുതിയോടെയാണ് മൈസൂർ ദസറയുടെ തുടക്കം. ഈ സമയത്ത് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ മൈസൂരിലെത്താറുണ്ട്.
സംഘാടനമികവിൽ
കോർപറേഷൻ
മതത്തിന്റെയും ജാതിയുടെയും എല്ലാ എല്ലാ അതിരുകൾക്കും അതീതമായ ദസറാ മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണ്. സാംസ്‌കാരിക, കലാ പരിപാടികളെങ്കിൽ ആ അർത്ഥത്തിൽ വൻ വിജയകരമായി പുരോഗമിക്കുകയാണ് കണ്ണൂർ ദസറ. കേരളത്തിൽ ഒരു കോർപറേഷൻ ആദ്യമായാണ് ഒൻപതു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾ ഏറ്റെടുത്തു നടത്തുന്നത് എന്ന ഖ്യാതിയും കണ്ണൂർ ദസറയ്ക്കുണ്ട്. തദ്ദേശിയരും പുറമേ നിന്നുമെത്തുന്ന കലാപ്രതിഭകളും ആടിയും പാടിയും പുതു ചിന്തകൾ പകർന്നും ചിരിപ്പിച്ചും മുന്നേറുന്ന കണ്ണൂർ ദസറയിൽ എല്ലാവരും ഒരേ മനസോടെ പങ്കുചേരുന്നുവെന്നതും പ്രത്യേകതയാണ്. മൈസൂരിന് വർണപ്രപഞ്ചമായി ദസറയെങ്ങനെയാണോ അങ്ങനെ തന്നെയായിരിക്കുകയാണ് കണ്ണൂരിനും ദസറയുടെ ഭാഗമായി നടക്കുന്ന ആഘോഷങ്ങൾ മുൻ മേയർ ടി. ഒ മോഹനന്റെ കാലത്ത് തുടങ്ങിയ ദസറ പുതിയ മേയർ മുസ്ലിഹ് മഠത്തിലിന്റെ കാലത്തും സജീവമായി മുന്നോട്ടുപോകുന്നു. ദസറയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു ഭാഗം മാരക രോഗങ്ങൾ ബാധിച്ചു ജീവിതത്തിന്റെ ഇരുട്ടിൽ കഴിയുന്നവർക്ക് വേണ്ടി ചെലവഴിക്കുന്നുവെന്നാണ് ഏറ്റവും മഹത്തരമായിട്ടുള്ളത്. കണ്ണൂർ ദസറയിൽ കക്ഷിരാഷ്ട്രീയത്തിന്റെ കൊടിയോ മറ്റു ചിഹ്നങ്ങളോ ഉപയോഗിക്കാതെ വിശാലമായ ജനസഞ്ചയത്തെ ചേർത്തു നിർത്താൻ കോർപറേഷന് കഴിയുന്നുണ്ടെന്നത് വലിയ കാര്യമാണ്.കണ്ണൂർ ടൂറിസത്തിന്റെ ബ്രാൻഡ് ഐക്കണായി കണ്ണൂർ ദസറയെ ഇനിയും വളർത്തിയെടുക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |