കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശിനെ കണ്ടെന്നും ലഹരി പാർട്ടിയിൽ പങ്കെടുത്തെന്നും സംശയിക്കുന്ന സിനിമാതാരങ്ങളായ പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവരെ പൊലീസ് ചോദ്യം ചെയ്‌തു. ഓംപ്രകാശുമായി നേരിട്ട് പരിചയവും ബന്ധവുമില്ലെന്ന് ഇരുവരും മൊഴി നൽകി.
ശ്രീനാഥ് മരട് സ്റ്റേഷനിലും പ്രയാഗ എറണാകുളം സൗത്തിലെ അസിസ്‌റ്റന്റ് കമ്മിഷണർ ഓഫീസിലുമാണ് ഹാജരായത്. ഉച്ചയ്‌ക്ക് 12നെത്തിയ ശ്രീനാഥ് ഭാസിയെ വൈകിട്ട് അഞ്ചു വരെ ചോദ്യം ചെയ്‌തു. ഓംപ്രകാശ് ലഹരി പാർട്ടി നടത്തിയതായി അറിയില്ലെന്ന് ശ്രീനാഥ് മൊഴിനൽകി. ഓംപ്രകാശിനെ മുൻപരിചയമില്ല. എളമക്കര സ്വദേശിയായ ബിനു ജോസഫിനൊപ്പമാണ് ഹോട്ടലിൽ എത്തിയത്. ബിനുവുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശ്രീനാഥ് മൊഴി നൽകി.
സുഹൃത്തിനെ കാണാനാണ് ഹോട്ടലിൽ പോയതെന്ന് ചോദ്യം ചെയ്യലിന് ശേഷം പ്രയാഗ മാർട്ടിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഓംപ്രകാശിനെ കണ്ടിട്ടില്ല. ഓംപ്രകാശ് ആരെന്ന് അറിഞ്ഞത് പിന്നീടാണ്. ധാരാളംപേരെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അവരുടെയെല്ലാം പശ്ചാത്തലം ചോദിച്ചറിഞ്ഞല്ല കാണുന്നത്. തന്റെ പേരിൽ പ്രചരിക്കുന്നവ സത്യമല്ല. പൊലീസ് ചോദിച്ചതിനെല്ലാം മറുപടി നൽകി. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകാനാവില്ലെന്നും പ്രയാഗ പറഞ്ഞു.
വൈകിട്ട് അഞ്ചരയോടെയാണ് പ്രയാഗ എത്തിയത്. 7.45 ഓടെ മടങ്ങി. നടനും അഭിഭാഷകനുമായ സാബുമോൻ ഒപ്പമുണ്ടായിരുന്നു.
കൊച്ചിയിലെ ലഹരി പാർട്ടിയിൽ കൊക്കെയ്ൻ എത്തിച്ചത് ബിനുവാണെന്നാണ് പൊലീസിന്റെ നിഗമനം. ബിനുവിനൊപ്പം പ്രയാഗ മാർട്ടിനും ശ്രീനാഥും എത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ബിനുവുമായി ബന്ധമുള്ള ദമ്പതികൾ ഉൾപ്പെടെ മൂന്നുപേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. 14 പേരെക്കൂടി ചോദ്യം ചെയ്യും. ഹോട്ടൽ മുറിയിൽ നിന്ന് ലഹരിവസ്‌തുവിന്റെ പായ്‌ക്കറ്റ് ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണം. എ.സി.പി രാജ്കുമാർ പുരുഷോത്തമന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
കൈക്കൂലി ആവശ്യപ്പെട്ട
ഡോക്ടർക്ക് സസ്പെൻഷൻ
അടൂർ : ശസ്ത്രക്രിയ നടത്താൻ രോഗിയുടെ സഹോദരിയോട് പണം ആവശ്യപ്പെട്ട അടൂർ ജനറൽ ആശുപത്രിയിലെ അസി.സർജൻ എസ്.വിനീതിനെ ആരോഗ്യവകുപ്പ് ഡയറക്ടർ സസ്പെൻഡ് ചെയ്‌തു.ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.
കേരള കാരുണ്യ ഭിന്നശേഷി അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി അടൂർ കരുവാറ്റ പൂമൂട് മാധവം വീട്ടിൽ വിജയശ്രീയുടെ പരാതിയെ തുടർന്നാണ് നടപടി. വിജയശ്രീയുടെ സഹോദരി വിജയാദേവിയുടെ
പുറത്തെ മുഴ നീക്കം ചെയ്യുന്നതിന് 12000 രൂപ ഡോക്ടർ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. ഡോക്ടർ ഫോണിൽ പണം ചോദിക്കുന്ന ശബ്ദരേഖ പരാതിക്കാരി പുറത്തു വിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |