ജയ്‌പൂർ: മക്കളുമായുണ്ടായ വാക്കുതർക്കത്തിൽ മനംനൊന്ത് 70കാരനും ഭാര്യയും വീട്ടിലെ വാട്ടർ ടാങ്കിൽ ചാടി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ നാഗൗർ സ്വദേശികളായ ഹസാരിറാം ബിഷ്‌ണോയിയും ഭാര്യ ചവാലി ദേവിയുമാണ് (68) മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദമ്പതികളുടെ മൃതദേഹം വാട്ടർ ടാങ്കിൽ നിന്ന് കണ്ടെടുത്തത്. സ്വത്തിനായി മക്കൾ തങ്ങളെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. വീട്ടിലെ ഭിത്തിയിൽ പതിപ്പിച്ച നിലയിലാണ് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തത്.
സ്വത്ത് നേടിയെടുക്കുന്നതിനായി ദമ്പതികളുടെ നാല് മക്കളും ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു. മക്കൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കഴിക്കാൻ ആവശ്യത്തിന് ഭക്ഷണം കിട്ടാത്ത അവസ്ഥയായിരുന്നുവെന്നും കുറിപ്പിൽ വ്യക്തമാണ്. ചവാലിയോട് പാത്രമെടുത്ത് ഭിക്ഷയാചിക്കാനും മക്കൾ ആവശ്യപ്പെട്ടിരുന്നു.
ദമ്പതികൾക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമാണുളളത്. മകനായ രാജേന്ദ്ര മൂന്ന് തവണയും മറ്റൊരു മകൻ സുനിൽ രണ്ട് തവണയായും മർദ്ദിച്ചിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ മാതാപിതാക്കളെ ഉറക്കത്തിൽ കൊന്നുകളയുമെന്ന് മക്കൾ ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ പറയുന്നു. കത്തിൽ നാല് മക്കളുടെയും മരുമക്കളുടെയും ഒരു മകളുടെ മകന്റെയും കുറച്ച് ബന്ധുക്കളുടെയും പേരുണ്ട്.
മക്കൾ ഭീഷണിപ്പെടുത്തി മൂന്ന് സ്ഥലങ്ങളുടെയും ഒരു കാറിന്റെയും ഉടമസ്ഥാവകാശം ചതിയിലൂടെ കൈക്കലാക്കിയിരുന്നു. ഭക്ഷണം കൃത്യമായി കൊടുത്തിരുന്നില്ല. എല്ലാ ദിവസവും ഫോണിൽ വിളിച്ച് ഭീഷണി മുഴക്കുമായിരുന്നു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പറഞ്ഞതായും കുറിപ്പിലുണ്ട്.
വ്യാഴാഴ്ചയാണ് ദമ്പതികളെ കാണാനില്ലെന്ന വിവരം ലഭിച്ചതെന്ന് കനാർ പൊലീസ് സൂപ്രണ്ട് നാരായൻ ടോഗസ് പറഞ്ഞു. വീടിന്റെ പരിസരങ്ങളിൽ അന്വേഷിച്ചു. ഒടുവിലാണ് മൃതദേഹങ്ങൾ വാട്ടർടാങ്കിൽ നിന്നും കണ്ടെടുത്തത്. വീടിന്റെ താക്കോൽ വയോധികന്റെ പോക്കറ്റിൽ നിന്നും കണ്ടെടുത്തതായും ഫോറൻസിക് വിദഗ്ദ്ധർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. വീട്ടിനുളളിൽ ഘടിപ്പിച്ചിരുന്ന സിസിടിവിയിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച മാതാപിതാക്കൾ തങ്ങളെ ആത്മഹത്യാക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് സുനിൽ പൊലീസിന് പരാതി നൽകിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |