സ്റ്റോക്‌ഹോം: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ജാപ്പനീസ് സംഘടനയായ നിഹോൺ ഹിഡാൻക്യോയാണ് നൊബേലിന് അർഹരായത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടനം അതിജീവിച്ചവരുടെ സംഘടനയാണിത്. ഹിബാകുഷ എന്നും ഇവർ അറിയപ്പെടുന്നുണ്ട്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം നേടാനുള്ള ശ്രമങ്ങൾക്കും ആണവായുധങ്ങൾ ഇതിനൊരിക്കലും ഉപയോഗിക്കരുതെന്ന ശക്തമായ ആഹ്വാനത്തിനും ഉൾപ്പെടെയാണ് അംഗീകാരം ലഭിച്ചത്.
അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ ക്യാമ്പെയ്‌നുകൾ സൃഷ്‌ടിച്ചും ആണവായുധങ്ങളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ അടിയന്തര മുന്നറിയിപ്പുകൾ നൽകിക്കൊണ്ടും ലോകമെമ്പാടും ആണവായുധങ്ങൾക്കെതിരെ വ്യാപകമായ എതിർപ്പ് സൃഷ്‌ടിക്കാനും ഏകീകരിക്കാനും ഹിബാകുഷ വലിയ പങ്കുവഹിച്ചെന്ന് നൊബേൽ കമ്മിറ്റി കണ്ടെത്തി.
ആണവായുധങ്ങൾ മൂലമുണ്ടാകുന്ന നഷ്‌ടങ്ങളും കഷ്‌ടപ്പാടുകളും എങ്ങനെയാകുമെന്ന് മനസിലാക്കാനും ഹിബാകുഷ ആഗോളതലത്തിൽ നമ്മെ സഹായിക്കുന്നുവെന്നും കമ്മിറ്റി പറഞ്ഞു. ശാരീരിക ക്ലേശങ്ങളും വേദനാജനകമായ ഓർമ്മകളും ഉണ്ടായിരുന്നിട്ടും സമാധാനം വളർത്തിയെടുക്കാൻ സമയം ചെലവഴിച്ച എല്ലാവരെയും ബഹുമാനിക്കുന്നുവെന്നും കമ്മിറ്റി പറഞ്ഞു.
ആകെ 286 പേരാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി നിർദേശിച്ചിരുന്നത്. ഇതിൽ 197 വ്യക്തികളും 89 സംഘടനകളുമാണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |