പേരാവൂർ: നെടുംപൊയിലിന് സമീപം പത്തേക്കർ വളവിൽ ഇന്നലെ പുലർച്ചെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികന് പരിക്കേറ്റു. നിടുംപുറംചാൽ സ്വദേശി സാജു ജോസഫിനാണ് പരിക്കേറ്റത്. ആക്രമണത്തിൽ സാജുവിന്റെ പുറത്തും കൈക്കും പരിക്കേറ്റു.ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ആറുമണിയോടെ ടാപ്പിംഗ് ജോലിക്കായിനിടുംപുറംചാലിൽ നിന്നും കൊമ്മേരിയിലേക്ക് പോകുന്നതിനിടെയായിരുന്നു സാജുവിനെ കാട്ടുപോത്ത് ആക്രമിച്ചത്. വാരപ്പീടികയ്ക്കും നെടുംപൊയിലിനും ഇടയിൽ പത്തേക്കർ വളവിൽ വച്ചായിരുന്നു സംഭവം. സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ കാട്ടുപോത്തുകളിലൊന്നാണ് സാജു ജോസഫിനെ അക്രമിച്ചത്.
ഇരുചക്ര വാഹനം ഭാഗികമായി തകർന്നു.
രാത്രിയിൽ റോഡിരികിലെ മൺതിട്ടയ്ക്ക് മുകളിൽ റബർ മരങ്ങളുടെ ഇടയിൽ കൂട്ടമായി തമ്പടിച്ചിരുന്ന കാട്ടുപോത്തിൻ കൂട്ടങ്ങളിലൊന്ന് മൺതിട്ടയിൽ നിന്നും റോഡിലേക്ക് ചാടുകയായിരുന്നു.ഈ സമയത്ത് ഇവിടെയെത്തിയ സാജുവിന്റെ സ്‌കൂട്ടറിനെ കാട്ടുപോത്ത് മറിച്ചിടുകയായിരുന്നു.ആക്രമണത്തിന് ശേഷം റോഡിന്റെ മറുഭാഗത്തുള്ള വനത്തിനുള്ളിലേക്ക് കാട്ടുപോത്ത് കടന്നു പോയി. റോഡിൽ വീണുപോയ സാജുവിനെ പിന്നാലെ വന്ന വാഹനയാത്രക്കാരാണ് എഴുന്നേല്പിച്ചത്.
പുറത്തിറങ്ങാനാകാതെ കൊമ്മേരി
കൊമ്മേരി നിടുംപൊയിൽ മേഖലയിൽ ഉൾപ്പെടെ കാട്ടുപോത്ത് ശല്യം രൂക്ഷമാണ്. സാധരണ പുലർച്ചെ മുന്നരയോടെ ടാപ്പിംഗിന് പോകുന്ന സാജുവടക്കമുള്ള തൊഴിലാളികൾ പേടി കാരണം നേരം പുലർന്നതിന് ശേഷം മാത്രമാണ് വീട്ടിൽ നിന്നിറങ്ങുന്നത്.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൈക്ക് പരിക്കേറ്റ നെടുംപുറംചാലിലെ സാജു ജോസഫ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |