കൊല്ലം: കനത്ത മഴയിലും ആവേശം ചോരാതെ ഒൻപതാമത് കേരള ഹോക്കി സംസ്ഥാന സീനിയർ പുരുഷന്മാരുടെ ചാമ്പ്യൻഷിപ്പിന് ന്യൂ ഹോക്കി സ്റ്റേഡയത്തിൽ തുടക്കമായി. തിരുവനന്തപുരം - കണ്ണൂർ മത്സരം മഴമൂലം നിരവധി തവണ തടസപ്പെട്ടു. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി. ഇതിനിടെ വെളിച്ചക്കുറവ് കാരണം മത്സരം നിറുത്തിവച്ചു. അവസാന ക്വാർട്ടർ ഇന്ന് രാവിലെ 6.15ന് നടക്കും. കണ്ണൂർ വിജയിച്ചാൽ സെമി ഫൈനലിലേക്ക് യോഗ്യത നേടാം. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ കണ്ണൂർ തൃശൂരിനെ തോൽപ്പിച്ചിരുന്നു. ആദ്യ മത്സരത്തിൽ കൊല്ലം എതിരില്ലാത്ത 15 ഗോളുകൾക്ക് ഇടുക്കിയെ തോൽപ്പിച്ചു. പൂൾ ബിയിലെ ശക്തൻമാർ തമ്മിലുള്ള പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കണ്ണൂർ തൃശൂരിനെ തോൽപ്പിച്ചു. മൂന്നാം മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് എറണാകുളവും നാലാം മത്സരത്തിൽ എതിരില്ലാത്ത 14 ഗോളുകൾക്ക് മലപ്പുറം ആലപ്പുഴയെയും പരാജയപ്പെടുത്തി.
ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ കോഴിക്കോട് എതിരില്ലാത്ത 15 ഗോളുകൾക്ക് ഇടുക്കിയെ തോൽപ്പിച്ച് സെമി ഫൈനൽ സാദ്ധ്യത നിലനിറുത്തി. പൂൾ എയിൽ രണ്ട് മത്സരങ്ങളും തോറ്റ ഇടുക്കി സെമി കാണാതെ പുറത്തായി. ഇന്ന് കൊല്ലവും കോഴിക്കോടും ഏറ്റുമുട്ടും. വിജയികൾ പൂൾ എയിൽ നിന്ന് സെമിയിലേക്ക് യോഗ്യത നേടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |