സ്റ്റോക്ക്‌ഹോം: 'ഹിബാക്കുഷ'... ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആറ്റം ബോംബ് ദുരന്തത്തെ അതിജീവിച്ച മനുഷ്യരെ സൂചിപ്പിക്കുന്ന ജാപ്പനീസ് പദം. എട്ട് പതിറ്റാണ്ട് മുമ്പ് അമേരിക്ക മനുഷ്യരാശിയുടെ മേൽ പരീക്ഷിച്ച ന്യൂക്ലിയർ സർവനാശത്തിന്റെ ഉണങ്ങാത്ത മുറിവിന്റെ വേദനയുമായി ജീവിക്കുന്ന മനുഷ്യർ വിത്തുപാകിയ സംഘടനയാണ് 'നിഹോൻ ഹിഡാൻക്യോ".
ആറ്റം ബോംബ് പൊട്ടിയ കൊടും ചൂടിൽ ഉരുകിയ പൊള്ളലും ആണവ വികിരണങ്ങളും തലമുറകൾക്കുണ്ടാക്കുന്ന ആഘാതം ജാപ്പനീസ് ജനതയ്ക്കറിയാം.
ഹിരോഷിമ, നാഗസാക്കി ദുരന്തങ്ങൾക്ക് ശേഷം ആണവായുധങ്ങൾ നാശംവിതച്ച ഒരു യുദ്ധം ഭൂമിയിലുണ്ടായിട്ടില്ല. പല രാജ്യങ്ങളും ആണവായുധങ്ങൾ കുന്നുകൂട്ടുമ്പോൾ ഒരു ആണവയുദ്ധ ഭീതിയിലാണ് മാനവരാശി. യുക്രെയിൻ - റഷ്യ , ഇസ്രയേൽ - ഇറാൻ സംഘർഷങ്ങൾ ഈ ആശങ്ക രൂക്ഷമാക്കുന്നു. ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതികൾ അമേരിക്കയുടെയും ഇസ്രയേലിന്റെയും കണ്ണിലെ കരടാണ്. ഇസ്രയേലിന് 900 ആണവായായുധങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
ഈ ഘട്ടത്തിലാണ് ആണവായുധങ്ങൾ തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിച്ച് നിഹോൻ ഹിഡാൻക്യോ സംഘടനയെ തേടി സമാധാന നോബൽ എത്തുന്നത്.
തുടക്കം
ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആറ്റം ബോംബാക്രമണങ്ങളെ അതിജീവിച്ചവർ ഏറെക്കാലം അവഗണിക്കപ്പെട്ടിരുന്നു. 1956ൽ ജപ്പാനിലെ പ്രാദേശിക ഹിബാക്കുഷ അസോസിയേഷനുകൾ പസിഫികിലെ ആണവായുധ പരീക്ഷണ ഇരകളുമായി ചേർന്ന് ' ജപ്പാൻ കോൺഫെഡറേഷൻ ഒഫ് എ - ആൻഡ് എച്ച് - ബോംബ് സഫറേഴ്സ് ഓർഗനൈസേഷൻസിന് "രൂപം നൽകി. സംഘടനയുടെ പേര് വൈകാതെ നിഹോൻ ഹിഡാൻക്യോ എന്നാക്കി.
ആഗോള ശബ്ദം
തങ്ങളുടെ അനുഭവങ്ങൾ അംഗങ്ങൾ ലോകമെമ്പാടുമുള്ള വേദികളിൽ വിവരിച്ചു. ആണവ നിരായുധീകരണത്തിനായി ഐക്യരാഷ്ട്രസഭ, സമാധാന സമ്മേളനങ്ങൾ തുടങ്ങിയവയിൽ പങ്കെടുത്തു. ആണവായുധങ്ങൾക്കെതിരായ ആഗോള ശബ്ദം ശക്തമാകാൻ പ്രസ്ഥാനം സഹായിച്ചു. ദുരന്തത്തിന്റെ ഇരകൾക്ക് പിന്തുണയും നൽകി.സംഘടനയിലെ അംഗങ്ങൾ ശരാശരി 85 വയസുള്ളവരാണ്. തങ്ങളുടെ പ്രവർത്തനങ്ങൾ തുടരാൻ ജപ്പാനിലെ പുതിയ തലമുറയെ ഇവർ പ്രാപ്തമാക്കി.
# ഇരകൾക്കൊപ്പം
ആണവാക്രമണത്തിന് കാരണമായ യുദ്ധത്തിന് ജപ്പാൻ ഭരണകൂടം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു
ഉത്തരവാദിത്വം ഏറ്റെടുക്കാൻ ജാപ്പനീസ് സർക്കാർ വിസമ്മതിച്ചു. മറ്റ് ആവശ്യങ്ങൾ അംഗീകരിച്ചു
ദുരിത ബാധിതരുടെ മെഡിക്കൽ പരിചരണത്തിനടക്കമുള്ള നിയമങ്ങൾ പാസാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |