ഡെറാഡൂൺ: ഉത്തരേന്ത്യയിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം നടന്നതായി സംശയം. ഉത്തരാഖണ്ഡിലെ റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തി. റൂർക്കിയിൽ കരസേന ഉപയോഗിച്ചിരുന്ന റെയിൽവേ പാളത്തിലാണ് സിലിണ്ടർ കണ്ടെത്തിയത്.
ധൻദേ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 6.35ഓടെയാണ് സംഭവം നടന്നത്. BCNHL/32849 എന്ന ഗുഡ്‌സ് ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു സംഭവം. ഗുഡ്‌സ് ട്രെയിൻ ലോക്കോ പൈലറ്റാണ് പാളത്തിൽ സിലിണ്ടർ കിടക്കുന്നതായി സ്റ്റേഷനിൽ വിവരമറിയിച്ചത്. കൃത്യസമയത്ത് ലോക്കോ പൈലറ്റ് ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തിയതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു.
ബംഗാൾ എഞ്ചിനീയർ ഗ്രൂപ്പ് ആന്റ് സെന്ററിന് സമീപത്തായാണ് പാളത്തിൽ ഗ്യാസ് സിലിണ്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സേനാ വാഹനങ്ങൾ പതിവായി കടന്നുപോകുന്ന റെയിൽ പാളമാണിത്. സംഭവത്തിൽ പ്രാദേശിക പൊലീസും റെയിൽവേ പൊലീസും അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ഈ മാസം ആദ്യവാരം ഉത്തർപ്രദേശിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നിരുന്നു. റായ്‌ബറേലി ജില്ലയിലെ റെയിൽവേ ട്രാക്കിൽ മൺകൂന കണ്ടെത്തുകയായിരുന്നു. പാസഞ്ചർ ട്രെയിനിലെ ലോക്കോ പെെലറ്റുമാരാണ് മൺകൂന കണ്ടത്. ഇതിനെ തുടർന്ന് വലിയ അപകടം ഒഴിവായി. രഘുരാജ് സിംഗ് സ്റ്റേഷന് സമീപം രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
സെപ്തംബറിൽ കാൺപൂരിലും ഇത്തരത്തിൽ ട്രെയിൻ അട്ടിമറി നടത്താൻ ശ്രമം നടന്നിരുന്നു. കാൺപൂർ ദേഹത് ജില്ലയിലെ റെയിൽവേ ട്രാക്കിലാണ് സംഭവം നടന്നത്. ഡൽഹി -ഹൗറ റെയിൽ പാതയിൽ പ്രേംപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് ഗ്യാസ് സിലിണ്ടർ കണ്ടത്. ഒരു എക്സ്പ്രസ് ട്രെയിനിലെ ലോക്കോ പെെലറ്റാണ് അടുത്ത പാളത്തിൽ ഗ്യാസ് സിലിണ്ടർ കിടക്കുന്നത് കണ്ടത്. തുടർന്ന് അദ്ദേഹം കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. പിന്നാലെ അതുവഴി വന്ന ഗുഡ്സ് ട്രെയിൻ നിർത്താൻ കൺട്രോൾ റൂം അറിയിപ്പ് നൽകുകയായിരുന്നു. ഇതോടെയാണ് വലിയ അപകടം ഒഴിവായത്. സെപ്തംബർ എട്ടാം തീയതിയും ഇത്തരത്തിൽ ട്രാക്കിൽ നിന്ന് ഗ്യാസ് സിലിണ്ടർ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |