നഗരവനം പദ്ധതി 25 ഏക്കർ സ്ഥലത്ത്
പദ്ധതികൾ നടപ്പാക്കുന്നത് അഞ്ച് ഘട്ടങ്ങളിലായി
ഒറ്റപ്പാലം: വനംവകുപ്പ് കുളപ്പുള്ളി അന്തിമഹാകാരൻ കാട് കേന്ദ്രീകരിച്ച് നടപ്പാക്കിയ നഗരവനം വിനോദ സഞ്ചാര പദ്ധതി കാണാൻ വൻ ജനതിരക്ക്. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി ഉദ്ഘാടന ശേഷം പൊതു ജനങ്ങൾക്ക് തുറന്ന് കൊടുത്തിരുന്നു. ആദ്യഘട്ടത്തിന്റെ പ്രവേശനം ഒരാഴ്ച വരെ സൗജന്യമായിരിക്കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജിനേഷ് കുമാർ പറഞ്ഞു. കുട്ടികളുടെ പാർക്ക്, ഓപ്പൺജിം, നഴ്സറി, നടപ്പാത, വിശ്രമകേന്ദ്രങ്ങൾ പ്രവേശന കവാടം എന്നിവയുണ്ട്. പ്രവേശന കവാടവും ചെറിയ കുളവുമെല്ലാം തയ്യാറായിക്കഴിഞ്ഞു. കുളപ്പുള്ളി ഗുരുവായൂർ പാതയിൽ ചുവന്നഗേറ്റിൽ വനം വകുപ്പിന്റെ ഓഫീസിനോട് ചേർന്നാണ് നഗരവനം പദ്ധതി. അന്താമഹാകാളൻ കാടിനോട് ചേർന്നുള്ള 25 ഏക്കർ സ്ഥലത്താണ് നഗരവനം പദ്ധതി യാഥാർത്ഥ്യമാകുന്നത്. അഞ്ച് ഘട്ടങ്ങളിലായി വിപുലമായ പദ്ധതികൾ നടപ്പാക്കും.
മരങ്ങളും ഔഷധസസ്യങ്ങളും ഉൾപ്പെടുന്ന നഴ്സറിയും തയ്യാറാക്കി. പ്രത്യേകമായി തിരിച്ച് മതിൽകെട്ടി അതിനകത്ത് മുളവേലി നിർമ്മിച്ചാണ് നഗരവനത്തിന്റെ അതിർത്തി നിർണയിച്ചിരിക്കുന്നത്. പ്രധാന പാതയിൽ കോൺക്രീറ്റിൽ നിർമ്മിച്ച മരത്തിന് മുകളിൽ തൂക്കിയിരിക്കുന്ന ദിശബോർഡും സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യവ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെ പൂർണതോതിൽ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യം.
40 ലക്ഷം രൂപയുടെ പ്രവർത്തികൾ പുരോഗമിക്കുന്നു
കേന്ദ്രവനംവകുപ്പ് അനുവദിച്ച 40 ലക്ഷം രൂപയുടെ പ്രവർത്തികളാണ് പുരോഗമിക്കുന്നത്. അടുത്തഘട്ടത്തിൽ സംസ്ഥാന വനംവകുപ്പിന്റെ ഫണ്ടുൾപ്പെടുത്തി തുടർപ്രവർത്തികൾ ആരംഭിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. പ്രായമായവർക്കും കുട്ടികൾക്കും വ്യായാമം ചെയ്യാനാഗ്രഹിക്കുന്നവർക്കുമെല്ലാം ഒരേസമയം ഉപയോഗിക്കാനും വിശ്രമിക്കാനും വിനോദത്തിനുമായെത്താവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരുകിലോമീറ്ററോളം നീളമുള്ള നടപ്പാത, ഇരിപ്പിടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം പ്രകൃതി സൗഹൃദമായാണ് നിർമ്മിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |