കോഴിക്കോട്: രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയിലും മത സ്വാതന്ത്ര്യത്തിലുമുള്ള നഗ്‌നമായ കടന്നാക്രമണവുമാണെന്ന് കേരള മുസ്ലിം ജമാഅത്ത്.
കേരളമുൾപ്പെടെയുള്ള ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും സർക്കാരിന്റെ യാതൊരുവിധ സാമ്പത്തിക സഹായവുമില്ലാതെയാണ് ആയിരക്കണക്കിന് മദ്രസകൾ പ്രവർത്തിക്കുന്നത്. ഇത് നാടിന്റെ സൗഹാർദ്ദത്തിനും ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ഏറെ സംഭാവനകൾ നൽകുന്ന മികച്ച വിദ്യാഭ്യാസകേന്ദ്രങ്ങളാണ്.
എന്നാൽ ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിൽക്കുന്ന ഉത്തരേന്ത്യയിലെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും മുസ്ലീം കുട്ടികൾക്ക് അവരുടെ പ്രാഥമിക മത പഠനത്തോടൊപ്പം സ്‌കൂൾ വിദ്യാഭ്യാസവും നൽകുന്ന സമ്പ്രദായമാണ് പതിറ്റാണ്ടുകളായിട്ടുള്ളത്. സൗഹാർദ്ദ കേന്ദ്രങ്ങളായ ഇവിടങ്ങളിൽ മറ്റു സമുദായക്കാരായ കുട്ടികളും പഠിക്കുന്നു. ഇത്തരം സ്ഥാപനങ്ങളെ ബാലാവകാശ കമ്മിഷന്റെ മറവിൽ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം അത്യന്തം പ്രകോപനപരവും രാജ്യത്തെ ജനാധിപത്യ അവകാശങ്ങളുടെ പച്ചയായ ലംഘനവുമാണന്നും, ജമാഅത്ത് പ്രസ്താവനയിൽ പറഞ്ഞു.
യോഗത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, കെ.കെ അഹമ്മദ് കുട്ടി മുസ്ല്യാർ കട്ടിപ്പാറ, സി.മുഹമ്മദ് ഫൈസി, പേരോട് അബ്ദു റഹ് മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, മാരായമംഗലം അബ്ദു റഹ്മാൻ ഫൈസി, എൻ. അലി അബ്ദുല്ല, സി.പി. സൈതലവി, ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, എ. സൈഫുദ്ധീൻ ഹാജി,മജീദ് കക്കാട്, മാളിയേക്കൽ സുലൈമാൻ സഖാഫി, മുസ്തഫ കോഡൂർ എന്നിവർ സംബന്ധിച്ചു.
പല മദ്രസകളിലും
നടക്കുന്നത് തെറ്റായ
ശൈലി:അബ്ദുള്ളക്കുട്ടി
കണ്ണൂർ: ഇന്ത്യയിലെ ഗ്രാമങ്ങളിലെ പല മദ്രസകളിലും നടക്കുന്നത് തെറ്റായ ശൈലിയാണെന്നും പൊതുവിദ്യാഭ്യാസം കുട്ടികൾക്ക് വേണ്ടത്ര കിട്ടുന്നില്ലെന്നുള്ളത് സങ്കടമാണെന്നും ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ളക്കുട്ടി. മദ്രസകളെ സംബന്ധിച്ച് കൃത്യമായ പഠനം ആവശ്യമാണ്. എന്ത് സിലബസുകളാണ് അവിടെ പഠിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തെ മുസ്ലിം കുട്ടികൾ മുഴുവൻ പൊതുവിദ്യാഭ്യാസ രംഗത്തേക്ക് വരണമെന്നുള്ള ആത്മാർത്ഥമായ ഉദ്ദേശ്യമാണ് ബാലാവകാശ കമ്മിഷൻ മുന്നോട്ടുവച്ചിട്ടുള്ളത്. നോർത്ത് ഇന്ത്യയിൽ രാവിലെ മുതൽ രാത്രിവരെ കുട്ടികൾ മദ്രസയിലാണ്. അവർ പൊതുവിദ്യാഭ്യാസം പഠിക്കുന്നില്ല. ആ രീതി മാറ്റണമെന്ന നിലയിൽ ബാലാവകാശ കമ്മിഷൻ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഇടപെടാൻ തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |