കൊച്ചി: തൃക്കാക്കര എം.എൽ.എ ഉമ തോമസ് അപകടത്തിൽപ്പെടാൻ ഇടയാക്കിയത് താത്കാലിക സ്റ്റേജിന്റെ അശാസ്ത്രീയ നിർമ്മാണം. 18 അടി ഉയരമുള്ള സ്റ്റേജിൽ സുരക്ഷിതമായ ബാരിക്കേഡ് ഉണ്ടായിരുന്നില്ല. വി.ഐ.പികൾക്കായി 40 കസേരകൾ ഇവിടെ ഒരുക്കിയിരുന്നു. മുന്നിലെ കസേരയും സ്റ്റേജിന്റെ അറ്റവും തമ്മിൽ വലിയ അകലമുണ്ടായിരുന്നില്ല. ചുവടുതെറ്റിയപ്പോൾ എം.എൽ.എ റിബണിൽ പിടിക്കാൻ ശ്രമിച്ചത് വിനയായി.
സ്റ്റേജിൽ പെട്ടെന്നുണ്ടായ പുനഃക്രമീകരണമാണ് അപകടത്തിന് കാരണമായതെന്ന് പരിപാടിയുടെ ഇവന്റ് മാനേജർമാർ അറിയിച്ചു. താഴെ നിലവിളക്ക് കത്തിച്ച്, ശേഷിക്കുന്ന പരിപാടികൾ സ്റ്റേജിൽ നടത്താം എന്നതായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഗ്രൗണ്ടിൽ വിളക്ക് കത്തിക്കാൻ പാടില്ലെന്ന് സ്റ്റേഡിയം അധികൃതർ അറിയിച്ചതോടെ ആ ചടങ്ങും മുകളിലേക്ക് മാറ്റി. ഇതിനായാണ് ഉമ തോമസ് സ്റ്റേജിലേക്ക് കയറിയത്. ഫയർഫോഴ്സിന്റെയും മറ്റും അനുമതിയോടെയാണ് സ്റ്റേജ് നിർമ്മിച്ചത്. കാഴ്ചയ്‌ക്ക് തടസമില്ലാതിരിക്കാനാണ് ബാരിക്കേഡ് സ്ഥാപിക്കാതിരുന്നതെന്നും അപകടത്തിന് ശേഷം പരിപാടി തുടർന്നത് നർത്തകിമാരെയും അവരുടെ രക്ഷിതാക്കളെയും പരിഗണിച്ചാണെന്നും ഓസ്കർ ഇവന്റ് മാനേജ്മെന്റ് പ്രതിനിധി ജെനീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |