വിലങ്ങാട്: വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തമേഖല സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് മുമ്പിൽ പരാതികളുടെ കെട്ടഴിച്ച് നാട്ടുകാർ. ജനജീവിതം സാധാരണ നിലയിലാക്കാൻ ഈ മേഖലയിൽ ഉടനടി നടപ്പിലാക്കേണ്ട വിഷയങ്ങളിൽ തീരുമാനങ്ങൾ എടുത്തിരുന്നെന്നും അവ നടപ്പിലാക്കുന്നതിൽ അലംഭാവം ഉണ്ടായതായാണ് നാട്ടുകാരുടെ പരാതി. തീരുമാനങ്ങൾ
നടപ്പിലാക്കുന്നതിൽ വീഴ്ചയുണ്ടായെങ്കിൽ പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. വിലങ്ങാട് ഉരുൾ പൊട്ടൽ നാശം വിതച്ച മഞ്ഞച്ചീളിയിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ദുരിത ബാധിതർക്ക് സർക്കാർ സഹായങ്ങൾ ലഭ്യമായില്ലെന്ന് ആരോപണങ്ങൾ ഉയർന്നതിനാൽ ഈ കാര്യങ്ങൾ പഠിക്കാനാണ് നേരിട്ട് എത്തിയത്. ഉരുൾ നാശം വിതച്ച വയനാടിന് എന്തെല്ലാം സഹായങ്ങൾ നൽകിയോ അത് പോലെ വിലങ്ങാടിനും സഹായങ്ങൾ നൽകും. ദുരിത ബാധിതരുടെ കൃത്യമായ പുനരധിവാസം ഉറപ്പാക്കേണ്ടതുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ, വൈസ് പ്രസിഡന്റ് സൽമ രാജു, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) ഇ. അനിതകുമാരി,
വടകര ആർ.ഡി.ഒ ഷാമിൻ സെബാസ്റ്റ്യൻ, തഹസിൽദാർ ഡി.രഞ്ജിത്ത്, വിവിധ വാർഡിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും ചീഫ് സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.
ബോക്സ്.....
അനധികൃത ക്വാറിയെക്കുറിച്ച്
അന്വേഷിക്കാൻ നിർദ്ദേശം
വിലങ്ങാട്: വിലങ്ങാട്ട് ഉരുൾപൊട്ടിയ പ്രദേശത്ത് അനുവാദമില്ലാതെ പ്രവർത്തിക്കുന്ന ക്വാറി സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ ചീഫ് സെക്രട്ടറി തഹസിൽദാറോട് ആവശ്യപ്പെട്ടു. വിലങ്ങാട് മേഖലയിൽ നിരവധി അനധികൃതക്വാറികളുണ്ടെന്നും ഉരുൾപൊട്ടലിന് ആക്കം കൂട്ടിയത് ഇവയാണെന്നുമുള്ള പരാതിയെത്തുടർന്നാണിത്. രേഖകൾ വീണ്ടെടുക്കാനുള്ള അദാലത്തുമായി ബന്ധപ്പെട്ട് അപേക്ഷിച്ചവർക്ക് രേഖകൾ കിട്ടിയോയെന്ന് അന്വേഷിക്കണം. കൃഷിയോഗ്യമായ ഭൂമിക്ക് സാധാരണ നഷ്ടപരിഹാരവും
കൃഷിയോഗ്യമാക്കാൻ പറ്റാത്ത ഭൂമിക്ക് അതിന്റെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരവും നൽകണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് നഷ്ടമായ തൊഴിൽ ഉറപ്പാക്കി നൽകണമെന്നും തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രദേശത്ത് പ്രത്യേക പദ്ധതി നടപ്പിലാക്കണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |