കണ്ണൂർ: കനത്ത മഴയെ തുടർന്ന് ജില്ലയിൽ സ്ഥാപിച്ച പത്തോളം ദുരിതാശ്വാസ ക്യാമ്പുകൾ മന്ത്രി ഇ.പി ജയരാജൻ സന്ദർശിച്ചു. ക്യാമ്പുകളിലെ സൗകര്യങ്ങൾ വിലയിരുത്തിയ മന്ത്രി ഭക്ഷണം, കുടിവെള്ളം, വൈദ്യസഹായം ഉൾപ്പടെയുള്ളവയുടെ സ്ഥിതിഗതികൾ വിലയിരുത്തി. കണ്ണൂർ ജില്ലയിൽ 79 ക്യാമ്പുകളിലായി 8000ത്തോളം പേരാണുള്ളത്. എല്ലായിടത്തും സൗകര്യങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും അവശ്യസാധനങ്ങളുടെ ശേഖരണത്തിനും വിതരണത്തിനും എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കണ്ണൂർ കളക്ട്രേറ്റിൽ ഒരുക്കിയിട്ടുള്ള കൺട്രോൾ റൂമിൽ എത്തിയ മന്ത്രി ഏറ്റവും പുതിയ സ്ഥിതിഗതികൾ വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘം എല്ലാവിധ സംവിധാനങ്ങളും ഒരുക്കി ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. കൂടുതൽ ക്യാമ്പുകൾ തുടങ്ങേണ്ട സാഹചര്യം പരിശോധിക്കുന്നുണ്ട്. വീടുകൾ നഷ്ടമായവർക്കും മാറി താമസിക്കേണ്ടി വരുന്നവർക്കും താമസ സൗകര്യം ഒരുക്കാൻ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |