തിരുവല്ല : സുരക്ഷിതമല്ലെന്ന് സാക്ഷ്യപ്പെടുത്തിയ കെട്ടിടത്തിൽ
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകാൻ നിയോഗിക്കപ്പെട്ട മുപ്പതോളം പൊലീസുകാർ. പുളിക്കീഴ് പൊലീസ് സ്റ്റേഷനെ കുറിച്ച് എളുപ്പത്തിൽ ഇങ്ങനെ പറയാം. പ്രമാദമായ ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്യുന്ന പുളിക്കീഴ് പൊലീസ് സ്റ്റേഷന്റെ സ്ഥിതി ഏറെ ദയനീയമാണ്. സ്ത്രീകൾ ഉൾപ്പെടെ ജോലിചെയ്യുന്ന സ്റ്റേഷൻ കെട്ടിടത്തിൽ പ്രാഥമിക സൗകര്യങ്ങൾ പോലും നിറവേറ്റാൻ സൗകര്യമില്ല. ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് ലിമിറ്റഡിന്റെ (ടി.എസ്.സി.എൽ) ഉടമസ്ഥതയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ക്വാർട്ടേഴ്‌സ് 1984 ലാണ് പുളിക്കീഴ് പൊലീസ് സ്റ്റേഷന് വിട്ടുനൽകുന്നത്. കാലപ്പഴക്കത്തിൽ കെട്ടിടം ജീർണാവസ്ഥയിലായി. ചുവരുകൾ പലതും വിണ്ടുകീറിയിട്ടുണ്ട്. പൊതുമരാമത്ത് അധികൃതർ നടത്തിയ പരിശോധനയിൽ കെട്ടിടം സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് നൽകിയിട്ട് ഏറെനാളായി. മഴക്കാലത്ത് ഇവിടെ ഡ്യൂട്ടി ചെയ്യാൻ ഏറെ പ്രയാസമാണ്.
പുളിക്കീഴ് പൊലീസിന്റെ അംഗബലം
സർക്കിൾ ഇൻസ്‌പെക്ടർ,
സബ് ഇൻസ്‌പെക്ടർ,
സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ - 5,
സിവിൽ പൊലീസ് ഓഫീസർമാർ - 19,
വനിതാ പൊലീസ് ഓഫീസർമാർ - 2.
പുളിക്കീഴ് സ്റ്റേഷൻ വളപ്പിൽ നിന്നിരുന്ന കൂറ്റൻമരം കടപുഴകിയതിനെ തുടർന്ന് കഴിഞ്ഞവർഷം സ്റ്റേഷൻ കെട്ടിടത്തിന് തകർച്ചയുണ്ടായി. മെയിൻ സ്വിച്ചും ഫ്യൂസും അടക്കം സ്ഥാപിച്ചിരിക്കുന്ന സ്റ്റേഷന്റെ പിൻവശത്തെ മുറിയുടെ മേൽക്കൂരയാണ് തകർന്നത്.
ലോക്കപ്പ് ഇല്ല
പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം തുടങ്ങി നാല് പതിറ്റാണ്ടായിട്ടും ഇതുവരെയും പ്രതികളെ സൂക്ഷിക്കാനുള്ള ലോക്കപ്പ് ഇല്ല. ഇതുകാരണം നിരവധി തവണ ഇവിടെ നിന്ന് പ്രതികൾ രക്ഷപെട്ടിട്ടുണ്ട്. രണ്ടുവർഷം മുമ്പ് ഒരു പ്രതി കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു.
പുതിയ കെട്ടിടം വരുമോ ?
വളഞ്ഞവട്ടം മുത്താരമ്മൻ കോവിലിന് എതിർവശത്തായി പുളിക്കീഴ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാനായി 75 സെന്റ് സ്ഥലം അനുവദിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. എന്നാൽ ഇവിടെ മണ്ണ് പരിശോധന നടത്തിയതല്ലാതെ കെട്ടിടം പണി തുടങ്ങാനുള്ള നടപടികൾ ഒന്നും തുടങ്ങിയിട്ടില്ല.
സൗകര്യങ്ങളില്ലാത്ത ഇടുങ്ങിയ മുറികളും ക്വാർട്ടേഴ്‌സും ശൗചാലയങ്ങളുമെല്ലാം സേനയുടെ മനോവീര്യം കെടുത്തുകയാണ്.
പ്രദേശവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |