കൊല്ലം: തലവൂരിൽ പത്ത് വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്ത് ഉൾപ്പടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജലാശയങ്ങളുടെ സമീപം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും മൈക്ക് അനൗൺസ്‌മെന്റ് നടത്താനും സ്കൂളുകൾ വഴി കുട്ടികൾക്ക് ബോധവത്ക്കരണ സന്ദേശങ്ങൾ നൽകാനും യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി, പാരിപ്പള്ളി മെഡിക്കൽ കോളേജ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.
മൂക്കിനെയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടന്നാണ് രോഗമുണ്ടാകുന്നത്. മരണനിരക്ക് 97 ശതമാനത്തിലധികമാണ്. രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങി മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കും. രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ പതിനാല് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
പ്രാഥമിക ലക്ഷണങ്ങൾ
തീവ്രമായ തലവേദന പനി ഓക്കാനം ഛർദ്ദി കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്
കുട്ടികളിൽ
ഭക്ഷണം കഴിക്കാനുള്ള വിമുഖത നിഷ്‌ക്രിയത അസാധാരണ പ്രതികരണം രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം ബോധക്ഷയം ഓർമ്മക്കുറവ്
പ്രതിരോധം
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കണം
വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്യണം
മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കണം
നിലവിലെ സാഹചര്യത്തിൽ കുളങ്ങൾ പോലുള്ള ജലസ്രോതസുകളിൽ കുളിക്കരുത്
മുഖവും വായുവും ശുദ്ധജലത്തിൽ മാത്രം കഴുകുക
നീന്തൽക്കുളങ്ങളിൽ പാലിക്കേണ്ടത്
ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കി കളയുക
പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകണം
പ്രതലങ്ങൾ നന്നായി ഉണങ്ങാൻ അനുവദിക്കണം
ഫിൽറ്ററുകൾ വൃത്തിയാക്കുക
ക്ലേറിനേറ്റ് ചെയ്ത വെള്ളമേ പുതുതായി നിറയ്ക്കാവൂ
1000 ലിറ്റർ വെള്ളത്തിൽ അഞ്ച് ഗ്രാം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം
ക്ലോറിൻ നിലവാരം 0.5 മുതൽ 3 വരെ പി.പി.എം ആയി നിലനിറുത്തണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |