റാബത്ത് : ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയിൽ അമ്പത് വർഷത്തിനിടെ ആദ്യമായി വെള്ളപ്പൊക്കം. ! തെക്കുകിഴക്കൻ മൊറോക്കോയിൽ രണ്ട് ദിവസം തുടർച്ചയായി പെയ്ത മഴയാണ് സഹാറയുടെ ഭാഗങ്ങളെ വെള്ളക്കെട്ടിലാക്കിയത്. സഹാറയിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങൾ വൈറലായി. മേഖലയിൽ ഒരു വർഷം ലഭിക്കേണ്ട ശരാശരി മഴയേക്കാൾ കൂടുതലാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. തലസ്ഥാനമായ റാബത്തിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ടാഗോനൈറ്റ് ഗ്രാമത്തിൽ സെപ്തംബറിൽ വെറും 24 മണിക്കൂറിനിടെ 100 മില്ലിമീറ്റർ മഴ പെയ്ത് റെക്കാഡ് സൃഷ്ടിച്ചിരുന്നതായി അധികൃതർ പറയുന്നു. സഗോറ, ടാറ്റ നഗരങ്ങൾക്കിടെയിലുള്ള ഇറിഖി തടാകം നിറഞ്ഞു. കഴിഞ്ഞ അര നൂറ്റാണ്ടായി വരണ്ടു കിടന്നതാണ് തടാകം. മൊറോക്കോയിലെ വെള്ളപ്പൊക്കം കഴിഞ്ഞ മാസം 18 പേരുടെ ജീവൻ കവർന്നിരുന്നു. വടക്ക്, മദ്ധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിൽ 90 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന സഹാറ മരുഭൂമിയിൽ ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥയിൽ മാറ്റങ്ങളുണ്ടാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വെള്ളപ്പൊക്കങ്ങൾ സഹാറയിൽ ആവർത്തിച്ചേക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |