@ മൂന്ന് ദിവസത്തെ ബഹിരാകാശ പ്രദർശനം പ്ലാനറ്റേറിയത്തിൽ
കോഴിക്കോട്:വിദ്യാർത്ഥികളിൽ ബഹിരാകാശ വിജ്ഞാനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് പ്ലാനറ്റേറിയത്തിൽ മൂന്നു ദിവസത്തെ ബഹിരാകാശ പ്രദർശനത്തിന് തുടക്കമായി. ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ.എസ്.ആർ.ഒ) ചരിത്രവും വളർച്ചയിലെ സുപ്രധാന നാഴികക്കല്ലുകളും പ്രതിപാദിക്കുന്ന പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്. വിവിധ മോഡലുകൾ, പോസ്റ്ററുകൾ, വീഡിയോ എന്നിവയിലൂടെയാണ് ചരിത്രനേട്ടങ്ങൾ വിശദീകരിക്കുന്നത്. ഇന്ത്യയിൽ നിർമ്മിച്ചു വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റായ രോഹിണി 75 ന്റെ മാതൃക, എസ്.എൽ.വി മുതൽ എസ്.എസ്.എൽ.വി വരെയുള്ള സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്റെ വിവിധ മാതൃകകൾ, ആര്യഭട്ടയുടെ മാതൃക, ഐ.എസ്.ആർ.ഒ ഏറ്റെടുത്ത സുപ്രധാന പദ്ധതികളായ ചന്ദ്രയാൻ1, ഗഗൻയാൻ, എജുസാറ്റ് തുടങ്ങിയവയുടെ വിവരങ്ങൾ, ഉപഗ്രഹം ഭൂമിയെ ചുറ്റുന്നത്, സാറ്റലൈറ്റിന്റെ പ്രവർത്തന രീതികൾ, റിമോട്ട് സെൻസിംഗ് സാറ്റലൈറ്റുകൾ, സൗണ്ടിംഗ് റോക്കറ്റുകൾ, തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ പവലിയനാണ് ഒരുക്കിയിട്ടുള്ളത്. മുൻ രാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞനുമായ എ.പി.ജെ അബ്ദുൽ കലാമിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് പ്രദർശനം ഒരുക്കിയത്. വിവിധ സ്‌കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികളാണ് പ്രദർശനം കാണാനെത്തുന്നത്. കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രം ആൻഡ് പ്ലാനറ്റേറിയം പ്രോജക്ട് കോ ഓർഡിനേറ്റർ എം.എം.കെ.ബാലാജി, ഐ.എസ്.ആർ.ഒ റിട്ട. ശാസ്ത്രജ്ഞൻ ഇ.കെ.കുട്ടി, ബിനോജ്.കെ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |