കോട്ടയം: കന്നുകാലി വന്ധ്യത പരിഹരിക്കുന്ന ജില്ലയിലെ ആദ്യത്തെ റീജിയണൽ ലൈവ് സ്റ്റോക് ഫെർട്ടിലിറ്റ് മാനേജ്മെന്റ് സെന്റർ (ആർ.എൽ.എഫ്.എം.സി) തലയോലപ്പറമ്പിൽ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ രണ്ടാമത്തെ ഫെർട്ടിലിറ്റി മാനേജ്മെന്റ് സെന്ററാണിത്. വന്ധ്യത പരിഹരിച്ച് നല്ലയിനം കിടാക്കളെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഒരുതവണ ഗർഭധാരണം നടന്നിട്ട് പിന്നീട് ഗർഭം ധരിക്കാൻ കഴിയാത്ത കന്നുകാലികളെ ഇറച്ചിക്ക് നൽകുന്ന പ്രവണത ഇതോടെ ഒഴിവാകും. വിദഗ്ദ്ധ ചികിത്സയിലൂടെ ഗർഭധാരണം ഉറപ്പാക്കും. സഞ്ചരിക്കുന്ന ഭ്രൂണമാറ്റ ലബോറട്ടറിയും സജ്ജമാക്കും. റഫറൽ കേന്ദ്രമായാണ് ആർ.എൽ.എഫ്.എം.സി പ്രവർത്തിക്കുക. വന്ധ്യതയുമായി ബന്ധപ്പെട്ട് പ്രാദേശിക വെറ്ററിനറി ഡോക്ടർ റഫർ ചെയ്യണം. തുടർന്ന് കർഷകന്റെ വീട്ടിൽ ലബോറട്ടിയുമായി ഉദ്യോഗസ്ഥരെത്തും. ആദ്യഘട്ടത്തിൽ വൈക്കം മണ്ഡലത്തിലെ എട്ടു ബ്ളോക്കുകളിലാണ് സേവനം.
സേവനങ്ങൾ ഇങ്ങനെ
സഞ്ചരിക്കുന്ന ഭ്രൂണമാറ്റ ലബോറട്ടറി വീട്ടുപടിക്കലെത്തും
രോഗനിർണയത്തിനും ചികിത്സയ്ക്കും അത്യാധുനിക ഉപകരണങ്ങൾ
ഭ്രൂണമാറ്റ ഐ.വി.എഫ് സാങ്കേതിക വിദ്യകളുടെ സേവനം ഉറപ്പ്
ചികിത്സാ ദിവസം മുൻകൂട്ടി അറിയിക്കും
സ്ഥലത്തെ വെറ്ററിനറി ഡോക്ടറുടെ സേവനും ലഭിക്കും
ഡോക്ടർക്കും കർഷകർക്കും പരിപാലന തുടർചികിത്സാ നിർദ്ദേശങ്ങൾ
ഈ ലക്ഷണങ്ങളെങ്കിൽ ചികിത്സ
പ്രസവിച്ച് നൂറുദിവസം കഴിഞ്ഞിട്ടും മദിലക്ഷണങ്ങൾ കാണിക്കാത്തവ
മൂന്ന് തവണയെങ്കിലും ബീജസങ്കലനം ചെയ്തിട്ടും ചെന ഏൽത്താത്തവ
രണ്ടുവർഷം കഴിഞ്ഞിട്ടും മദി ലക്ഷണം കാണിക്കാത്തവ
സെന്ററിന്റെ പ്രവർത്തനമിങ്ങനെ
വെറ്റിനറി ഡോക്ടറുടെ റഫൻസോടെ വന്ധ്യതാ നിവാരണ കേന്ദ്രത്തെ സമീപ്പിക്കണം
വന്ധ്യതാ നിവാരണ കേന്ദ്രത്തിൽ രജിസ്ട്രേഷനും റൂട്ട് മാപ്പിംഗും
ചികിത്സയ്ക്ക് എത്തുന്ന ദിവസം കർഷകരേയും ഡോക്ടറേയും മൻകൂട്ടി അറിയിക്കും
വീട്ടുപടിക്കൽ മൊബൈൽ യൂണിറ്റുമായി ഡോക്ടറെത്തി പരിശോധനയും ചികിത്സയും
ഉദ്ഘാടനം ഇന്ന്
പദ്ധതി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തലയോലപ്പറമ്പ് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റർ ക്യാമ്പസിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യം. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |