കണ്ണൂർ: എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്തും കളക്ടറേറ്രിനു മുന്നിലും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ആളിക്കത്തി. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. ദിവ്യയ്ക്കെതിരെ കേസെടുക്കണമെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും പിന്നാലെ യുവമോർച്ചയും ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഓഫീസിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രവർത്തകർ ദിവ്യയുടെ കോലം ഓഫീസിനു മുന്നിൽ കെട്ടിത്തൂക്കി. നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് മാറ്റണമെന്നും യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെ ടൗൺ പൊലീസ് കരുതൽ തടങ്കലിലാക്കി.
എ.ഡി.എമ്മിന്റെ ആത്മഹത്യയിൽ കാരണക്കാരായവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് കരിങ്കൊടിയുമായി എത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ബി.ജെ.പി പ്രവർത്തകർ ദിവ്യയുടെ കോലം കത്തിച്ചു.
എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ കളക്ടറേറ്റ് പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി. കളക്ടറെ ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. മുസ്ലീംലീഗ്, യൂത്ത് ലീഗ് പ്രവർത്തകരും ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
റോഡ് ഉപരോധിച്ചു
നവീൻ ബാബു ആത്മഹത്യ ചെയ്ത പള്ളിക്കുന്നിലെ വീടിന് മുന്നിലെ റോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. തെളിവുകൾ നശിപ്പിച്ചു കൊണ്ടാണ് മൃതദേഹം ഇവിടെ നിന്ന് കൊണ്ടുപോയതെന്ന് ആരോപിച്ചാണിത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ കയറ്റുന്നതിനിടയിൽ യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകരടക്കം വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. പള്ളിക്കുന്ന് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ റോഡ് ഉപരോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |