കൊൽക്കത്ത: ഷെയ്‌ഖ് ഹസീന സർക്കാർ നിലംപതിച്ച ശേഷം അയൽരാജ്യമായ ബംഗ്ളാദേശിൽ ഡോ.മുഹമ്മദ് യൂനുസ് മുഖ്യ ഉപദേശകനായുള്ള ഭരണകൂടമാണ് ഇപ്പോൾ കാര്യങ്ങൾ നിശ്ചയിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദു വിശ്വാസികൾക്കെതിരെയടക്കം വ്യാപക ആക്രമണം നടക്കുന്നുണ്ട്. ഇതിനെതിരെ ഇന്ത്യ മുന്നറിയിപ്പ് നൽകിയത് കഴിഞ്ഞദിവസമാണ്. ബംഗ്ളാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് എതിരെ ബിജെപിയും നിരവധി ഹിന്ദു സംഘടനകളും പ്രതിഷേധിക്കുന്നുണ്ട്. ബംഗ്‌ളാദേശ് അതിർത്തിയ്‌ക്കടുത്ത് പശ്ചിമബംഗാളിലെ 24 പർഗനാസ് ജില്ലയിലെ ഘോജഡംഗയിൽ ബിജെപിയും മറ്റ് സംഘടനകളും പ്രതിഷേധിക്കുന്നുണ്ട്.
ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ശക്തമായ മുന്നറിയിപ്പാണ് ബംഗ്ളാദേശിന് നൽകിയത്. 'ഞങ്ങൾ ബംഗ്ളാദേശിനെ ആശ്രയിക്കുന്നില്ല. ബംഗ്ളാദേശ് ഞങ്ങളെയാണ് ആശ്രയിക്കുന്നത്. 97 ഉൽപ്പന്നങ്ങൾ ഞങ്ങൾ അങ്ങോട്ടയച്ചില്ലെങ്കിൽ അരിയും വസ്‌ത്രങ്ങളുമൊന്നും നിങ്ങൾക്ക് ലഭിക്കില്ല. ജാർഖണ്ഡിൽ നിന്നുൽപ്പാദിപ്പിക്കുന്ന വൈദ്യുതിയില്ലെങ്കിൽ നിങ്ങളുടെ 80 ശതമാനം ഗ്രാമങ്ങളും ഇരുട്ടിലാകും.' സുവേന്ദു അധികാരി മുന്നറിയിപ്പ് നൽകി.
റഫാൽ വിമാനങ്ങൾ ബംഗ്ളാദേശിലേക്കയക്കുമെന്നും സുവേന്ദു അധികാരി മുന്നറിയിപ്പ് നൽകി. '40 റഫേൽ വിമാനങ്ങൾ ഹസിമാരയിൽ കിടപ്പുണ്ട്. അതിൽ രണ്ടെണ്ണം അയച്ചാൽ പണിതീരും. അദ്ദേഹം പറഞ്ഞു. ബംഗ്ളാദേശിലെ മുഹമ്മദ് യൂനുസ് സർക്കാരിനെ താലിബാനോട് ഉപമിച്ച സുവേന്ദു അധികാരി തീവ്രവാദ, മനുഷ്യത്വ വിരുദ്ധ സർക്കാരാണെന്നും അഭിപ്രായപ്പെട്ടു.
ഇതുവരെ 88 മതസംഘർഷങ്ങൾ രാജ്യത്ത് ഉണ്ടായെന്ന് ബംഗ്ളാദേശ് സർക്കാർ വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ 70 പേരെ അറസ്റ്റ് ചെയ്‌തെന്നും ഭരണകൂടം അറിയിച്ചു. ബംഗ്ളാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ നടക്കുന്നതിൽ ഇന്ത്യയുടെ ആശങ്ക കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് ബംഗ്ളാദേശ് രാജ്യത്തെ കലാപത്തിൽ എടുത്ത നടപടികൾ സൂചിപ്പിച്ചത്. ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങളും ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുന്നതുമായ സംഭവങ്ങൾ ബംഗ്ളാദേശിൽ തുടർച്ചയായി അരങ്ങേറുന്നതിന് പിന്നാലെ ഇന്ത്യ ശക്തമായ പ്രിതികരണമാണ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |