കോഴിക്കോട്: പൂവ്വാട്ട്പറമ്പ് കുറ്റിക്കാട്ടൂർ പുത്തൂർമഠം ഭാഗങ്ങളിൽ നൂറോളം ഭവന ഭേദന കേസിലെ മോഷ്ടാക്കൾ പിടിയിൽ. മായനാട് താഴെ ചാപ്പങ്ങാതോട്ടത്തിൽ സാലു എന്ന ബുള്ളറ്റ് സാലു(38),കോട്ടക്കൽ സ്വദേശി സുഫിയാൻ (37) എന്നിവരെയാണ് ഡെപ്യുട്ടി കമ്മിഷണർ അങ്കിത് സിംഗിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളജ് എ.സി.പി ഉമേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജിജീഷും സംഘവും പിടികൂടിയത്. ഇതോടെ ജില്ലക്കകത്തും പുറത്തുമായി മുപ്പതോളം കേസുകൾക്ക് തുമ്പുണ്ടായി. ഈ വർഷമാദ്യം മുതൽ ഇത് വരെ മുപ്പതോളം വീടുകളിൽ നിന്നായി നൂറിലധികം പവൻ സ്വർണ്ണവും ലക്ഷക്കണക്കിന് രൂപയും കവർച്ച ചെയ്ത സാലു മുൻപ് നൂറോളം മോഷണ കേസുകളിലും പ്രതിയാണ്.
മായനാട് സ്വദേശിയായ സാലു വീട്ടിൽ സ്ഥിരമായി വരാറില്ല. ലോറിയിൽ ദൂരസ്ഥലങ്ങളിലേക്ക് ജോലിക്ക് പോവുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മോഷണം. ഓരോ മോഷണശേഷവും ഗുണ്ടൽപേട്ടയിലെ ഒളിത്താവളത്തിലേക്കെത്തുകയും അടുത്ത ദിവസം തന്നെ കേരളത്തിലേക്ക് വന്ന് മോഷണവസ്തുക്കൾ വിൽപ്പന നടത്തി വീണ്ടും ഗുണ്ടൽപേട്ടയിലേക്ക് പോയി ചൂതാട്ടത്തിനും,ആർഭാഢജീവിതത്തിനും വേണ്ടി പണം ചെലവഴിക്കാറാണ് പതിവ്.
പണം തീരുമ്പോൾ വീണ്ടും കവർച്ചക്കായെത്തി സന്ധ്യയായാൽ സ്കൂട്ടറിൽ കറങ്ങിയും മറ്റും ആളില്ലാത്ത വീട് കണ്ട് വെക്കും. തലേന്ന് ഒളിപ്പിച്ച് വെച്ച ആയുധവുമായി ഓട്ടോയിലോ,മറ്റു വാഹനങ്ങളിലോ കയറി ലക്ഷ്യസ്ഥാനത്തെത്തുകയും കൃത്യം ചെയ്തതിന് ശേഷം സ്ഥലത്ത് കിടന്ന് പുലർച്ചെ നടന്നും വാഹനത്തിന് കൈകാട്ടികയറുകയും ശേഷം കിട്ടിയ ബസിൽ ബോർഡർ കടക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |