നെടുങ്കണ്ടം: കുമളി- മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടത്തിനടുത്ത് പാറത്തോട്ടിൽ എ.ടി.എം മെഷീൻ കുത്തിത്തുറന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ച മധ്യപ്രദേശ് സ്വദേശികളായ രണ്ട് പേർ പൊലീസ് പിടിയിലായി. മധ്യപ്രദേശ് മാണ്ട്‌ല സ്വദേശികളായ രാം സായ് ദുർവ് (20), തരുൺ സായ് ദുർവ്വ് (21) എന്നിവരാണ് പിടിയിലായത്. രാമിനെ പൂപ്പാറയിൽ നിന്നും തരുണിനെ ചെമ്മണ്ണാറിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 12.30നായിരുന്നു മോഷണ ശ്രമം നടന്നത്. പാറത്തോട് ടൗണിൽ സ്ഥാപിച്ചിരുന്ന സ്വകാര്യ കമ്പനിയുടെ എ.ടി.എം മെഷീൻ കുത്തിത്തുറക്കാനാണ് ശ്രമിച്ചത്. എ.ടി.എം മെഷീന്റെ മുൻഭാഗം ശക്തിയേറിയ ആയുധം ഉപയോഗിച്ച് കുത്തി തുറന്ന പ്രതികൾക്ക് പണം നിക്ഷേപിച്ച ലോക്കർ തകർക്കാനായില്ല. ചൊവ്വാഴ്ച രാവിലെ പണമെടുക്കാൻ എത്തിയ വീട്ടമ്മയാണ് മോഷണ വിവരം ആദ്യമറിഞ്ഞത്. തുടർന്ന് എ.ടി.എം ഫ്രാഞ്ചൈസി എടുത്ത് നടത്തുന്നയാൾ ഉടുമ്പൻചോല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പ്രതികളുടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചിരുന്നു. ഇതും പ്രതികളിലേക്കെത്താൻ സഹായകമായി. ഇരുവരുടെയും പേരിൽ മധ്യപ്രദേശിൽ മോഷണക്കേസുകളുണ്ട്. കട്ടപ്പന ഡിവൈ.എസ്.പി രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഉടുമ്പഞ്ചോല സി.ഐ സുവർണകുമാർ, എസ്.ഐമാരായ ബിജു ഇമ്മാനുവൽ, ബെന്നി കെ.പി, കൃഷ്ണകുമാർ, ബിൻസ് തോമസ്, എസ്.സി.പി.ഒമാരായ സുനീഷ്, അഭിലാഷ്, ബിനു, ബേസിൽ, സി.പി.ഒമാരായ ഷിജോമോൻ, സഞ്ജു സജീവൻ, ബേബിൻ, അനിൽ എന്നിവർ രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. അഞ്ചു മാസങ്ങൾക്ക് മുമ്പ് നെടുങ്കണ്ടം ബസ് സ്റ്റാൻഡ് ജംഗ്ഷനിലും എ.ടി.എം കൗണ്ടർ മോഷണശ്രമം നടന്നിരുന്നു. അന്ന് ഒരാളെ നെടുങ്കണ്ടം പൊലീസ് പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |