പഞ്ചായത്തുമായി ബന്ധപ്പെട്ടു 6,000 ഹെക്ടറോളം സ്ഥലം
മാവുകൃഷി ചെയ്യുന്ന രണ്ടായിരത്തോളംകർഷകർ
സീസണിൽ മാങ്ങ തരം തിരിച്ചു കയറ്റുമതിക്കായി ക്രമീകരിക്കുന്ന ഇരുന്നൂറ്റൻപതോളം സംഭരണകേന്ദ്രങ്ങൾ
10–15 കോടിയിലധികം വിറ്റുവരവുണ്ടാക്കുന്ന ഇരുപത്തഞ്ചിലധികം സംഭരണകേന്ദ്രങ്ങൾ
മുതലമട: കേരളത്തിന്റെ മാംഗോ സിറ്റി എന്നറിയപ്പെടുന്ന മുതലമടയിൽ മാമ്പഴക്കാലമെത്തി. സെപ്തംബർ പകുതിയോടുകൂടി കർഷകർ മാങ്ങയ്ക്ക് കൊമ്പ് കോതുകയും തടമെടുക്കുകയും ചെയ്തു തുടങ്ങും. ആദ്യഘട്ട മരുന്ന് പ്രയോഗം എന്ന നിലയിൽ മണ്ണിനാണ് വളപ്രയോഗം നടത്തുക. തുടർന്ന് ഒക്ടോബർ അവസാനത്തോടെ മാവിൻ തോട്ടങ്ങളിൽ പൂക്കാലം തുടങ്ങുകയായി.
ഗുണമേന്മയുള്ള മാമ്പഴ ഉത്പാദനത്തിനായി പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം, പട്ടാമ്പി പ്രാദേശിക ഗവേഷണ കേന്ദ്രം, മുതലമട കൃഷിഭവൻ എന്നിവർ ചേർന്ന് പരിസ്ഥിതി സൗഹാദ കൃഷി മുറകൾ നിർദ്ദേശിക്കുന്നുണ്ട്. അനിയന്ത്രിതമായ കീടനാശിനി പ്രയോഗം ഒഴിവാക്കി സംയോജിത കീട രോഗനിയന്ത്രണം മാർഗ്ഗങ്ങൾ അവലംബിക്കുന്നതിലൂടെ ചെലവ് കുറച്ച് കർഷകർക്ക് നേട്ടം കൊയ്യാം.
ഈ സീസണിൽ വളരെ പ്രതീക്ഷയിലാണ് കർഷകരും വിപണിയും മാമ്പഴക്കാലത്തെ വരവേൽക്കുന്നത്.
മൂന്ന് വർഷങ്ങളായി മാംഗോ സിറ്റിക്ക് നഷ്ടം മാത്രമാണ് ഉണ്ടായിട്ടുള്ളത്. സീസൺ ആരംഭിക്കുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 5 ശതമാനം മാങ്ങ
പോലും ലഭിച്ചിട്ടില്ല. രാജ്യാന്തര വിപണിയിലും ഡൽഹി വിപണിയിലും ഉയർന്ന വില ലഭിക്കുന്ന സമയത്തെ ഉൽപാദനക്കുറവാണ് വൻനഷ്ടത്തിലേക്കു കർഷകരെയും വ്യാപാരികളെയും തള്ളിവിട്ടത്. മൂന്നു തവണ മാവുകൾ പൂവിട്ടതു കൊഴിഞ്ഞു പോയ തോട്ടങ്ങളുണ്ട്.
കീടങ്ങളും നിയന്ത്രണ മാർഗങ്ങളും
മാവിൻ തോട്ടങ്ങളിൽ കൂടുതലായി നഷ്ടമുണ്ടാക്കുന്ന കീടങ്ങൾ നീരൂറ്റികുടിക്കുന്ന പ്രാണികളായ തുള്ളനും ഇലപ്പേനുകളുമാണ്. സംയോജിത കീട നിയന്ത്രണ മാർഗം അവലംബിച്ചാൽ ഇവയെ നിയന്ത്രിക്കാവുന്നതാണ്. മാവിൻ തോട്ടങ്ങളിൽ അനുവർത്തിക്കേണ്ട കൊമ്പ് കോതൽ, സംയോജിത വളപ്രയോഗം, കള നിയന്ത്രണം എന്നിവ യഥാസമയം ചെയ്യുന്നതു വഴി കീടാക്രമണം ഒരു പരിധിവരെ തടയാൻ സാധിക്കുമെന്ന് പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഡോ.കെ.സുമിയ, ഡോ.ജെ.രശ്മി, പട്ടാമ്പി ആർ.എ.ആർ.എസിലെ ഡോ.മാലിനി നിലാമുദീൻ എന്നിവർ അറിയിച്ചു.
500 കോടിയുടെ നഷ്ട കണക്ക്
ഇത്തവണ സീസണിൽ വിളവു കുറഞ്ഞതോടെ മാംഗോ സിറ്റിക്കു നഷ്ടം 500 കോടിയിലേറെയായിരുന്നു. മാങ്ങ ഉൽപാദനം 10 ശതമാനത്തിൽ താഴെ മാത്രമായി ഒതുങ്ങി. ഏറ്റവും കൂടുതൽ മാങ്ങ വിപണിയിലെത്തുന്ന മാർച്ചിൽ പോലും തോട്ടങ്ങളിൽ 10 ശതമാനത്തിനടുത്തു മാത്രമാണു മാങ്ങയുള്ളത്. മുൻവർഷങ്ങളിൽ പ്രതിദിനം ശരാശരി 100-150 ടൺ മാങ്ങ ഉത്തരേന്ത്യൻ വിപണികളിലേക്ക് അയച്ചിരുന്നു. എന്നാൽ ഇത്തവണ 10 ടൺ മാങ്ങ പോലും ലഭിക്കാത്ത സ്ഥിതിയായിരുന്നു.
എല്ലാം പ്രതീക്ഷകളാണ്. കാലങ്ങളായി കൃഷി വകുപ്പ് പറഞ്ഞ കാര്യങ്ങൾ ചെയ്ത കർഷകനെന്ന നിലയിൽ കാലവസ്ഥവ്യതിയാനം മറികടക്കാനാവില്ല. ഈ വർഷവും കൃഷി വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് കൃഷി അവലംബിക്കും.
ജി.വിൻസെന്റ്, കുണ്ടല കുളമ്പ് മാമ്പഴഗ്രാമം പ്രസിഡന്റ്.
മുൻ വർഷങ്ങളിൽ കാലവസ്ഥ വ്യതിയാനവും പുതിയ കീടങ്ങളുടെ കടന്ന് വരവും മുതലമട മാങ്ങയുടെ ഉദ്പാത നത്തിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ പ്രാവശ്യം തുടക്കത്തിൽ മഴയും തുടങ്ങിയതിനാൽ കർഷകർ ആശങ്കയിലാണ്.
വി. മോഹൻ കുമാർ, മാംഗോ പ്രൊഡ്യൂസേഴ്സ് ആൻഡ് മർച്ചന്റ് അസോ. ജനറൽ സെക്രട്ടറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |