ഈ എ.ഐ യുഗത്തിലും ബ്രാഹ്മണപ്പേടിയുമായി ജനാധിപത്യ ഭരണകൂടം പോലും നിന്നു വിറയ്ക്കുമ്പോൾ ദൈവത്തെ സൃഷ്ടിച്ചവരെ പേടിക്കുന്ന ആധുനിക പുരോഗമന വിപ്ലവ വീര്യമേ, നമസ്ക്കാരം. ശബരിമലയിലെ മേൽശാന്തിമാരെ നമ്പൂതിരി സമുദായത്തിൽ നിന്നു മാത്രം തിരഞ്ഞെടുക്കുന്നതു കണ്ടിട്ട് മറ്റൊന്നും പറയാൻ തോന്നുന്നില്ല. നമ്മൾക്ക് എന്നാണ് നേരം വെളുക്കുന്നത്? ശരീരവും മനസും പ്രായംകൊണ്ട് തളർന്നവരും ബുദ്ധി വളർച്ചയില്ലാത്തവരും ഈ അസംബന്ധം അറിഞ്ഞതായി നടിക്കില്ല. ദൈവത്തെ അല്ലങ്കിൽ ദൈവത്തെ സൃഷ്ടിച്ചവരോടുള്ള ഭയമാണ് അടിസ്ഥാന കാരണം. രാജവും ജനപ്രതിനിധികളും ഭയപ്പെടുന്നത് ആരെ? എന്തിന്?
കീഴ്ജാതി, മേൽജാതി, സവർണൻ, അവർണൻ, മുന്നാക്കക്കാരൻ, പിന്നാക്കക്കാരൻ, പിന്നെ ദളിതൻ.... ഇത്തരം അയുക്തികവും ശാസ്ത്ര വിരുദ്ധവും മാനുഷികമല്ലാത്തതുമായ വേർതിരുവുകൾ മനുഷ്യർക്കിടയിൽ പല പ്രകാരത്തിൽ നിലനിറുത്തി, അതിന്റെ നേട്ടം അനുഭവിക്കുന്ന ബ്രാഹ്മണ വിഭാഗം ഇന്ത്യയെയും ഇന്ത്യൻ രാഷ്ട്രീയത്തെയും നിയന്ത്രിക്കുമ്പോൾ സമത്വത്തിനായും നീതിക്കായും ബഹുഭൂരിപക്ഷം വരുന്നവർ എവിടെപ്പോകും? പ്രബുദ്ധ വിപ്ലവ പുരോഗമന സർക്കാരിനു പോലും ഈ ജാതിരോഗത്തിന്റെ വേര് അറുക്കുവാൻ കഴിയുന്നില്ല. ഈ നൂറ്റാണ്ടിലും ഇത്തരം അസംബന്ധങ്ങൾകൊണ്ട് ധർമ്മത്തെയും പൊതുജനത്തേയും വിദ്യാഭ്യാസത്തേയും അവഹേളിക്കുകയാണ് ഈ ആചാരങ്ങൾ.
ഗുരുവിന്റെ ജാതിയില്ലാ വിളംബരം ഏറ്റെടുത്ത് ആഘോഷിച്ചവർ വായ് പൊത്തി, സവർണർ ഭരിക്കുന്ന ദേവസ്വം ബോർഡിലെ 'വാലുള്ളവരുടെ" മുന്നിൽ നിശബ്ദരായി നിൽക്കുന്ന ദയനീയതയാണ് ശബരിമലയിൽ കാണുന്നത്. ഇന്ത്യൻ ഭരണഘടന പറയുന്ന ജാതിരഹിത സമത്വം എവിടെയാണ്? ജാതിയില്ലെന്നും ജാതിപ്പേരുകൾ സൂചിപ്പിക്കരുതെന്നും അരുളിയ ഗുരുദേവനെ ഉയർത്തിപ്പിടിക്കുന്നത് അവിടുത്തെ ഉത്കൃഷ്ട ചിന്തകളോടുള്ള ആദരവുകൊണ്ടാണോ, അതോ അവിടുത്തെ പരമ ദൈവമായി കാണുന്നവരുടെ വോട്ടിനു വേണ്ടിയാണോ? കേവലം ബൗദ്ധമായ (ബുദ്ധമത) ശബരിമലയിലെ ദേവസങ്കല്‌പത്തെ നൂലണിയിച്ച ചരിത്രം വ്യക്തമായിരിക്കേ, ഈ നൂലിട്ട നറുക്കെടുപ്പുകളും നൂലുള്ളവരുടെ മുന്നിലെ വിധേയത്വവും വലിച്ചു ദൂരെയെറിയാനുള്ള ആർജ്ജവം അധികാരികൾക്കുണ്ടാവണം. എങ്കിലേ പുതുതലമുറ മനുഷ്യരായി വളരുകയുള്ളൂ. വേദങ്ങൾ സൃഷ്ടിച്ച ഋഷിമാരും, ലോകത്തെ വിശിഷ്ട സംസ്ക്കാരം സനാതനമാണെന്നു പറയുന്നവരും, അറിവിൽ രമിക്കുന്നവരാണ് ഭാരതീയർ എന്നു പറയുന്നവരും നന്നായി ആലോചിക്കണം.
നാനാജാതി മതസ്ഥരുടെ സാംസ്കാരിക മാതൃകയെന്നു വിശേഷിപ്പിക്കുന്ന ഇടമാണ് ശബരിമല. അവിടെ ഇതിനെല്ലാം വിപരീതമായി ജാതി നോക്കി മാത്രം പൂജകരെ നിയമിക്കുന്ന ദാരിദ്ര്യം എത്ര അപചയമാണ്. ഭാരതത്തിലോ കേരളത്തിലോ പാരമ്പര്യ വേരുകളില്ലാത്ത പൗരോഹിത്യസൃഷ്ടമായ ജാതി ഉണ്ടാക്കിയതും രാജാക്കന്മാരെക്കൊണ്ട് നടപ്പിലാക്കിയതുമായ ആരാധനാ അധികാരത്തെ ജനാധിപത്യ സർക്കാർ വന്നിട്ടു പോലും മാറ്റാൻ ധൈര്യമില്ലാത്ത ഈ പൗരോഹിത്യപ്പേടി എത്ര ശക്തമാണ്! മാറ്റിക്കൂടേ, ഈ വൃത്തികെട്ട മലയാള ബ്രാഹ്മണ നറുക്കെടുപ്പ്? പുതുതലമുറയെങ്കിലും മനുഷ്യരെക്കണ്ടു വളരട്ടെ.
ശബരിമലയെ ലോകത്തെ ഏറ്റവും വലിയ മതേതര മാതൃകയാക്കി, വേദത്തിലെ മഹാവാക്യമായ "തത് ത്വം അസി" എന്ന് എഴുതിവച്ചിട്ട് അവിടെ ജാതി മാനദണ്ഡം പാലിക്കുന്ന, വേദവിരുദ്ധമായ ആചാരം സംരക്ഷിക്കുന്ന ഇടമായാൽ എന്താണ് അർത്ഥം? നൂലിട്ടവർക്കും വെളിവുണ്ടെങ്കിൽ ആലോചിക്കാം- മറ്റു മനുഷ്യർക്കില്ലാത്ത എന്തു പ്രത്യേകതയാണ് തങ്ങൾക്കെന്ന്! തന്ത്രം പഠിച്ച ആർക്കും പൂജിക്കാം, യോഗ്യത ജാത്യടിസ്ഥാനത്തിലാകരുത്. പുരോഗമന ഭാരതത്തിന്റെ വിശിഷ്ട കണ്ടെത്തലാണ് അദ്വൈതം. അയ്യപ്പനെ ആചാരത്തിന്റെ മാറാല ചാർത്തി, അതിൽ ജാതീയതയുടെ മാറാല ചൂടിയ ആധുനികതയെ പുതപ്പിച്ച് ഹിന്ദുവെന്ന ചിന്താശൂന്യരായ ബഹുഭൂരിപക്ഷത്തെ പറ്റിക്കുന്ന ദേവസ്വം ബോർഡിന്റെ ഈ നടപടി ഇനിയെങ്കിലും നിറുത്തരുതോ? പുതുതലമുറയിലെ കുഞ്ഞുങ്ങൾക്ക് അല്പം മാനുഷികതയുടെ വെളിച്ചമെങ്കിലും ഈ ക്ഷേത്രങ്ങളിലൂട ലഭിക്കട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |