SignIn
Kerala Kaumudi Online
Wednesday, 09 July 2025 1.23 PM IST

പാകിസ്ഥാന്റെ വാദവും പ്രതിപക്ഷ നിലപാടും

Increase Font Size Decrease Font Size Print Page

editorial-

ബംഗ്ളാദേശിന്റെ പിറവിക്ക് വഴിയൊരുക്കിയതിന് പകപോക്കാൻ പാകിസ്ഥാൻ കയറ്റുമതി ചെയ്യുന്ന ഭീകരപ്രവർത്തനത്തിന് വെള്ളവും വളവുമായി മാറിയതും ഊർജ്ജം പകർന്നതും ജമ്മുകാശ്‌മീരിന്റെ പ്രത്യേകപദവിയാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ. ഈ യാഥാർത്ഥ്യം അറിയാത്തവരാണോ രാജ്യത്തെ പല പ്രമുഖ പാർട്ടികളുടെയും നേതാക്കൾ? അങ്ങനെ തോന്നിപ്പോകും, പാകിസ്ഥാന്റെ വക്കാലത്ത് ഏറ്റെടുത്തത് പോലുള്ള പ്രതികരണങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ. ജമ്മുകാശ്‌മീരിന്റെ പ്രത്യേകപദവി നരേന്ദ്രമോദി സർക്കാർ എടുത്തുകളഞ്ഞത് 'ഏകപക്ഷീയവും നിയമവിരുദ്ധവും ' ആയ നടപടി ആണെന്നാണ് പാക് വാദം. ഒരു വിഭാഗം പ്രതിപക്ഷ കക്ഷികൾ ഈ വാദഗതിയുടെ ഒരു മാറ്റൊലി പോലെ നടപടിയെ എതിർക്കുമ്പോൾ മൂന്ന് ചോദ്യങ്ങൾക്കാണ് ഉത്തരം തേടേണ്ടത്. ഒന്ന് : ജമ്മുകാശ്‌മീരിന്റെ പ്രത്യേകപദവി ശാശ്വതമായിരുന്നോ? രണ്ട് : ജനാധിപത്യത്തിന് ഹാനികരമായതിനാലാണോ എതിർപ്പും പ്രതിഷേധവും? മൂന്ന് : രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യത്തിൽ അന്തഃഛിദ്രത്തിന്റെ ശബ്‌ദകോലാഹലം സൃഷ്‌ടിക്കുന്നത് ശരിയോ?

പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു ജമ്മുകാശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, 35 എ എന്നിവ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് സ്വന്തം താത്‌പര്യപ്രകാരമായിരുന്നുവെന്ന വാദഗതി ശക്തമാണ്. ഭരണഘടനയുടെ ശില്‌പിയായ അംബേദ്‌കറുടെയോ സംസ്ഥാന രൂപീകരണത്തിന്റെ ശില്‌പിയായ വല്ലഭായ് പട്ടേലിന്റെയോ അഭിപ്രായം അദ്ദേഹം മുഖവിലയ്ക്ക് എടുത്തിരുന്നില്ലെന്നാണ് സൂചനകൾ. പട്ടേലുമായി പിന്നീട് അനുരഞ്ജനത്തിൽ എത്തിയെങ്കിലും അദ്ദേഹത്തിന് പിന്നീട് പാർലമെന്റിൽ വ്യക്തമാക്കേണ്ടിവന്നിരുന്നു, പ്രത്യേകപദവി താത്‌കാലികമാണെന്ന്. 1963 നവംബർ 27-ന് പാർലമെന്റിൽ ഒരു മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മുകാശ്മീരിന്റെ പ്രത്യേകപദവിയോട് കോൺഗ്രസിൽ പോലും അന്നേ ശക്തമായ എതിർപ്പുണ്ടായിരുന്നുവെന്നാണ് ഈ മറുപടി നൽകുന്ന സൂചന. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിന് ശേഷം, 1965-ൽ പ്രത്യേകപദവിയുടെ ഭാഗമായി ജമ്മുകാശ്‌മീരിന് അനുവദിച്ചിരുന്ന 'പ്രധാനമന്ത്രി സ്ഥാനം' കോൺഗ്രസ് ഭരണകൂടം തന്നെ എടുത്തുകളയുകയുമുണ്ടായി. അപ്പോൾ തോന്നാതിരുന്ന പരിപാവനത ഭീകരർ ഒരു ഒഴിയാബാധയായി തുടരവെ, ഇപ്പോൾ കാശ്‌മീരിന്റെ പ്രത്യേകപദവിക്കുണ്ടെന്ന് എങ്ങനെ കരുതാനാവും?

കാശ്‌മീരിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ഒരു പ്രഹസനമായി മാറിയിട്ട് വർഷങ്ങളായി. ജനങ്ങളിൽ ബഹുഭൂരിപക്ഷവും പങ്കെടുക്കാത്ത വോട്ടെടുപ്പുകൾ എങ്ങനെയാണ് ശരിയായ ജനാധിപത്യപ്രക്രിയാവുക? കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോലും ഈ വൈരുദ്ധ്യം കണ്ടതാണ്. കാശ്‌മീരിലെ ബാരമുള്ള മണ്ഡലത്തിൽ 34.29 ശതമാനം പേർ വോട്ടിട്ടു. എന്നാൽ, ശ്രീനഗർ മണ്ഡലത്തിൽ 14.08 ശതമാനം പേരും അനന്ത്‌നാഗ് മണ്ഡലത്തിൽ 8.8 ശതമാനം പേരുമാണ് ജനവിധിയിൽ പങ്കെടുത്തത്. ജനങ്ങളിൽ 85 ശതമാനത്തിലേറെ നിരാകരിച്ച ഒരു വിധിയെഴുത്തിനെ പോലും അംഗീകരിക്കാൻ മടിയില്ലാത്ത രാഷ്ട്രീയപാർട്ടികൾ ഇപ്പോൾ കാശ്‌മീരിൽ ജനാധിപത്യമോ ജനഹിതമോ മാനിക്കപ്പെട്ടില്ലന്ന് വാദിക്കുന്നത് അസംബന്ധമാണ്.

പാക് ഭരണകൂടം ഒരു പിടിവള്ളി പോലെ ഉറ്റുനോക്കുന്നതും പാക് മാദ്ധ്യമങ്ങൾ ആഘോഷിക്കുന്നതും ഇന്ത്യയിലെ പ്രതിപക്ഷനേതാക്കളിൽ ഒരു വിഭാഗത്തിന്റെ എതിർപ്പും പ്രതിഷേധവുമൊക്കെയാണ്. ഈ പ്രശ്‌നത്തിൽ കോൺഗ്രസിൽ പോലും കടുത്ത അഭിപ്രായഭിന്നത തലപൊക്കിയെങ്കിലും, എതിർപ്പിന്റെ ശബ്‌ദം ദുർബലമാണെങ്കിലും അന്തർദേശീയ വേദികളിൽ ഇത് ഇന്ത്യയ്‌ക്കെതിരെ ഒരു ആയുധമാക്കാൻ സാധിക്കുമെന്നാണ് പാകിസ്ഥാന്റെ പ്രതീക്ഷ.അഖണ്ഡതയുടെ കാര്യത്തിൽ രാജ്യം ഒറ്റക്കെട്ടല്ലെന്ന സന്ദേശം പുറം ലോകത്തിന് നൽകിയിട്ട് എന്ത് കിട്ടാനാണ്. ജമ്മുകാശ്‌മീർ കൂടുതൽ അശാന്തമാകുമോയെന്ന ഉത്‌കണ്ഠ പ്രകടിപ്പിക്കുന്നവരുണ്ട്. ജീവികളെ പോലെയാണ് ഭീകരപ്രവർത്തനവും. ആയുസിന് ഒരു പരിധിയുണ്ട്. പഞ്ചാബിലും ശ്രീലങ്കയിലും മാത്രമല്ല ലോകത്ത് പല ഭാഗങ്ങളിലും ഭീകരപ്രവർത്തനത്തിന്റെ ബാല്യവും യൗവനവും വാർദ്ധക്യവും മരണവും കണ്ടിട്ടുണ്ട്. ഈ കാഴ്‌ച ആവർത്തിച്ചുകൊണ്ടിരിക്കും. ജമ്മുകാശ്‌മീർ കൂടുതൽ അശാന്തമാകുമെന്ന വേവലാതിക്ക് അടിസ്ഥാനമൊന്നുമില്ലെന്ന് അർത്ഥം. മാത്രമല്ല, കാശ്‌മീരിലെ ജനങ്ങൾക്ക് പ്രത്യാശ പകരുന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചിരിക്കുന്നത്. ക്രാന്തദർശിയായ നെഹ‌്‌റു ചരിത്രം തന്നെ എങ്ങനെ രേഖപ്പെടുത്തുമെന്ന് ഓർത്ത് ആശങ്കാകുലനായതിന്റെ അനന്തരഫലം കൂടിയാണ് ജമ്മുകാശ്‌മീരിന് ലഭിച്ച പ്രത്യേകപദവി. കാലം തങ്ങളെ എടുത്ത് ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ഇടുമെന്ന് തിരിച്ചറിയാത്തതാണ് ഇപ്പോഴത്തെ പല പ്രമുഖനേതാക്കളുടെയും അടിസ്ഥാനദൗർബല്യം. ശത്രുവിന്റെ ഏത് കുത്സിത നീക്കത്തെയും ഒറ്റക്കെട്ടായി ചെറുക്കണമെന്നിരിക്കെ, പാകിസ്ഥാന്റെ വാദഗതി ഏറ്റുപിടിക്കുന്ന നേതാക്കളെക്കുറിച്ച് വേറെന്ത് പറയാനാണ്.

TAGS: EDITORIAL, EDITORS PICK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.