കാളികാവ് : ഒട്ടേറെ അപകടങ്ങൾക്കിടയാക്കിയ പുല്ലങ്കോട് വെടിവച്ച പാറ വളവ് നിവർത്തൽ തുടങ്ങി. ഇവിടെയുള്ള പാറ പൊട്ടിച്ചുമാറ്റിയാണ് റോഡിന്റെ വളവ് നിവർത്തുന്നത്.
മലയോര ഹൈവേ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുല്ലങ്കോട് വെടിവച്ചപാറയിൽ പാറ പൊളിച്ച് നീക്കൽ തുടങ്ങിയത്. ഇവിടെ റോഡിലേക്ക് തള്ളി നിൽക്കുന്ന പാറക്കൂട്ടങ്ങളാണുള്ളത് . നേരത്തെ കുറച്ച് ഭാഗം വെടിപൊട്ടിച്ച് മാറ്റിയിരുന്നു. അതാണ് ഇവിടെ വെടിവച്ച പാറ എന്ന പേരുവന്നത്.
അപകടം നിത്യസംഭവമായ വെടിവച്ചപാറ വളവിലെ പാറക്കെട്ടുകൾ കാരണം ഗതാഗതം ഏറെ ദുഷ്‌ക്കരമാണ്.
പാറയുടെ മറവു കാരണം എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങൾ കാണാത്ത അവസ്ഥയാണ്. ഇത് കാരണം ഇവിടെ അപകടങ്ങൾ പതിവാണ്.
എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ മറയ്ക്കുന്ന പാറക്കെട്ടുകൾ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് പൊളിച്ച് നീക്കുന്നത്. പാറക്കെട്ടുകളിൽ ഡ്രില്ലിംഗ് നടത്തി ഹോളുകൾ ഉണ്ടാക്കി ഇതിൽ കെമിക്കലുകൾ നിറക്കും. ഏതാനും മണിക്കൂറുകൾക്ക് ശേഷം പാറക്കെട്ടുകളിൽ വിള്ളൽ വീണ് പൊളിയും. ഇത് പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചെടുക്കുകയും നീക്കം ചെയ്യുകയും ചെയ്ത് കൊണ്ടിരിക്കുകയാണ്. ഒരാഴ്ചയിലധികമായി വെടിവച്ച പാറയിൽ ഈ പ്രവൃർത്തി നടന്ന് വരികയാണ്. പാറക്കെട്ടുകൾ പൂർണ്ണമായി നീക്കം ചെയ്യാൻ ഇനിയും
ഏതാനും ദിവസങ്ങൾ കൂടി വേണ്ടി വരും . റോഡ് വീതി കൂട്ടി പുനർ നിർമ്മിക്കുന്നതോടെ വെടിവച്ച പാറയുടെ മുഖച്ഛായ തന്നെ മാറുകയും ഗതാഗതം സുഗമമാവുകയും ചെയ്യും. പാറക്കെട്ടുകൾക്ക് എതിർ ഭാഗത്തുണ്ടായിരുന്ന കൂറ്റൻ മരങ്ങളും മുറിച്ച് മാറ്റിയിട്ടുണ്ട്.
പുല്ലങ്കോട് വെടിവച്ച പാറയിലെ പാറക്കെട്ടുകൾ പൊളിച്ചു മാറ്റുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |