കോഴിക്കോട്: വാഹനപ്രേമികളെ വീഴ്ത്താൻ പുതിയ അടവുമായി വ്യാജൻമാർ രംഗത്ത്. ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് നിർമിച്ചാണ് പുതിയ തട്ടിപ്പ്. ഒറ്റനോട്ടത്തിൽ യഥാർത്ഥ വെബ്‌സൈറ്റ് പോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് ഇവ നിർമ്മിക്കുന്നത്.യഥാർത്ഥ വെബ്‌സൈറ്റിൽനിന്ന് ഒന്നോ രണ്ടോ അക്ഷരങ്ങൾ തെറ്റിച്ചാകും വ്യാജ വെബ്‌സൈറ്റുകളുടെ വിലാസവും. അതിനാൽ തന്നെ വേഗത്തിൽ തട്ടിപ്പ് മനസിലാകില്ല. ഈ വെബ്‌സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങൾനൽകാമെന്ന് പ്രചരിപ്പിക്കുന്നത്. വ്യാജ ബുക്കിംഗ് ഓഫറുകൾ അടങ്ങിയ പരസ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് അടുത്ത പടി. ഇതിൽ ആകൃഷ്ടരായി വ്യാജവെബ്‌സൈറ്റിലൂടെ പണമടച്ച് വാഹനം ബുക്ക് ചെയ്യുന്നവരാണ് വഞ്ചിക്കപ്പെടുന്നത്.
ഇത്തരം വെബ്‌സൈറ്റുകൾ വഴി പണം അടയ്ക്കുന്നതിന് മുമ്പ് അവയുടെ വിലാസം സൂക്ഷ്മമായി പരിശോധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. കുറഞ്ഞ വിലയ്ക്ക് വാഹന ബുക്കിംഗ് വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചുമാത്രമേ ബുക്കിംഗ് നടപടികളുമായി മുന്നോട്ടു പോകാവൂ എന്നാണ് പൊലീസ് പറയുന്നത്.
ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ അതീവജാഗ്രത പുലർത്തണം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ചോ സൈബർ പോർട്ടൽ മുഖേനയോ സൈബർ പൊലീസിനെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |