കൊട്ടാരക്കര: റവന്യു ജില്ലാ സ്കൂൾ കായിക മേളയിൽ അഞ്ചൽ ഉപജില്ല വിജയക്കപ്പിൽ മുത്തമിട്ടു. ആദ്യ ദിനം മുതൽ മുന്നേറിയ അഞ്ചൽ ഒരിക്കൽപ്പോലും പതറാതെയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്.
22 സ്വർണവും 13 വെള്ളിയും 16 വെങ്കലവുമുൾപ്പടെ 207 പോയിന്റ് അഞ്ചൽ നേടിയെടുത്തപ്പോൾ രണ്ടാം സ്ഥാനക്കാരായ കൊല്ലം ഉപജില്ല 136.5 പോയിന്റുമായി ബഹുദൂരം പിന്നിൽ നിൽക്കേണ്ടിവന്നു. 17 സ്വർണവും 12 വെള്ളിയും 10 വെങ്കലവുമാണ് കൊല്ലം നേടിയത്. 10 സ്വർണവും 17 വെള്ളിയും 14 വെങ്കലവും നേടിയ പുനലൂർ 136 പോയിന്റുമായി മൂന്നാം സ്ഥാനത്തുമെത്തി. ചാത്തന്നൂർ (110), കൊട്ടാരക്കര (61.5), ചവറ (41), കുളക്കട (31), കരുനാഗപ്പള്ളി (27), കുണ്ടറ (27), വെളിയം (17), ചടയമംഗലം (13), ശാസ്താംകോട്ട (11) എന്നീ ഉപജില്ലകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
കായിക മേളയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നഗരസഭ കൗൺസിലർ മിനി ഷാജി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ തോമസ് പി.മാത്യു, ഡി.ഇ.ഒ സി.എസ്.അമൃത, എ.ഇ.ഒ ഒ.ബിന്ദു, കെ.സജിലാൽ എന്നിവർ സംസാരിച്ചു.
സ്കൂളിൽ മുന്നിൽ ഇൻഫന്റ് ജീസസ്
മികച്ച കായിക പ്രതിഭകളെ ഇറക്കി ആദ്യ ദിനംമുതൽ തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ളോ ഇന്ത്യൻ എച്ച്.എസ്.എസ് ആധിപത്യമുറപ്പിച്ചിരുന്നു, അവസാന മത്സര ഫലം വന്നപ്പോൾ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മികച്ച സ്കൂളിനുള്ള ട്രോഫിയും സ്വന്തമാക്കി. 10 സ്വർണവും 6 വെള്ളിയും 6 വെങ്കലവുമടക്കം 73.5 പോയിന്റുനേടിയാണ് ഇൻഫന്റ് ജീസസ് മേളയിലെ ഏറ്റവും മികച്ച സ്കൂൾപ്പട്ടം സ്വന്തമാക്കിയത്. 8 സ്വർണവും 8 വെള്ളിയും 9 വെങ്കലവും നേടിയ പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും 10 സ്വർണവും 3 വെള്ളിയും 3 വെങ്കലവും നേടിയ അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമെത്തി.
വ്യക്തിഗത ചാമ്പ്യൻമാർ
സബ് ജൂനിയർ (ആൺ): വൈശാഖ്.എസ്.കുമാർ (ഗവ.എച്ച്.എസ്, ചിറക്കര)
സബ് ജൂനിയർ (പെൺ): ആർ. റോഷ്നി (ഗവ.എച്ച്.എസ്.എസ്, ഭൂതക്കുളം)
ജൂനിയർ (ആൺ): മെൽബിൻ ബെന്നി (സായി, കൊല്ലം)
ജൂനിയർ (പെൺ): കൃഷ്ണ കെ.പിള്ള (സായി, കൊല്ലം)
സീനിയർ (ആൺ): റോഫി വിൻസന്റ് (ഗവ.എച്ച്.എസ്.എസ്, ഭൂതക്കുളം)
സീനിയർ (പെൺ): ഐ.ആഷ്ന (സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ്, പുനലൂർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |