ഓസ്ട്രേലിയയിൽ ജോലി, അവിടത്തെ പൗരത്വം
ഉരുളി പൂജാമുറിയിൽ സൂക്ഷിക്കാനെന്ന് മൊഴി
തിരുവനന്തപുരം: അതീവസുരക്ഷയുള്ള ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഓട്ടുരുളി മോഷ്ടിച്ച ഡോക്ടർ അറസ്റ്റിൽ. പഞ്ചാബ് സ്വദേശിയും ഓസ്ട്രേലിയൻ പൗരത്വവുമുള്ള ഡോ. ഗണേഷ് ഝായാണ് അറസ്റ്റിലായത്. ബി.എൻ.എസ് 314 വകുപ്പ് ചുമത്തി കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ആവശ്യമങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പാസ്‌പോർട്ട് ഉടൻ വിട്ടുനൽകില്ലെന്നും ഫോർട്ട് പൊലീസ് അസി.കമ്മിഷണർ പ്രസാദ് പറഞ്ഞു.
ഗണേഷ് ഝായ്ക്കൊപ്പം ഭാര്യയും അവരുടെ സഹോദരിയും ഉണ്ടായിരുന്നു. ഇവർക്ക് കേസുമായി ബന്ധമില്ല.ഗണേഷ് ഝാ മൈക്രോബയോളജിസ്റ്റും ഭാര്യ ഡോക്ടറും സഹോദരി നഴ്സുമാണ്.
പ്രതിയുടെ മൊഴിയും പശ്ചാത്തലവും പരിശോധിച്ച ശേഷം കരുതികൂട്ടിയുള്ള മോഷണമല്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് ആദ്യം ചുമത്തിയ മോഷണ കുറ്റത്തിനുള്ള വകുപ്പുകൾ പിൻവലിച്ച് കേസ് ലഘൂകരിച്ചത്. മോഷ്ടിച്ചതല്ലെങ്കിലും കൈയിൽ കിട്ടിയ വസ്തു തന്റേത് അല്ലെന്ന് അറിഞ്ഞിട്ടും തിരികെ ഏൽപ്പിക്കാതെ രഹസ്യമായി കൊണ്ടുപോയതിനാണ് കേസ്.
കുഴഞ്ഞുവീണു, ഉരുളി കിട്ടി
കഴിഞ്ഞമാസം 13ന് രാവിലെ 8നും 9നും ഇടയിലാണ് മൂവരും ദർശത്തിന് എത്തിയത്. പൂജാദ്രവ്യങ്ങൾ ചെറിയ പാത്രത്തിലാക്കി ഒറ്റക്കൽമണ്ഡപത്തിന് താഴെ ദർശനത്തിനായി ക്യൂ നിൽക്കുമ്പോൾ പ്രമേഹ രോഗിയായ ഝാ കുഴഞ്ഞു വീണു. ഒപ്പമുണ്ടായിരുന്നവർ പിടിച്ചെഴുന്നേൽപ്പിച്ച ശേഷം, നിലത്തു വീണ പൂജാദ്രവ്യങ്ങൾ അവിടെ നിരത്തി വച്ചിരുന്ന പാത്രങ്ങളിലൊന്നിലാക്കി കൈയിൽ നൽകി. അത് ക്ഷേത്രം വക ഉരുളിയായിരുന്നു. ശ്രീകോവിലിൽ കൊടുത്ത് പൂജ ചെയ്ത് തിരികെ വാങ്ങി. ഉപദൈവങ്ങളെ തൊഴുത ശേഷം ഓട്ടുരുളി തന്റേതല്ലെന്ന് മനസിലായി. എങ്കിലും ഭഗവാന്റെ പാത്രം ലഭിച്ചത് അനുഗ്രഹമായി കണ്ട് തിരികെ നൽകിയില്ല. പിടിക്കപ്പെടാതിരിക്കാൻ മുണ്ടുകൊണ്ട് മറച്ച് പുറത്തേക്ക് പോയി. ഓസ്ട്രേലിയിലെ വീട്ടിലെ പൂജാമുറിയിൽ വച്ച് പൂജിക്കുകയായിരുന്നു ഉദ്ദേശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |