തിരുവനന്തപുരം: കേരളത്തിന്റെ വിപ്ളവ നായകൻ വി.എസ്.അച്യുതാനന്ദന്റെ 102-ാം പിറന്നാൾ ദിനത്തിൽ ആശസംകളുമായി നേതാക്കളുടെ നിര. ബാർട്ടൺഹില്ലിലുള്ള മകൻ വി.എ.അരുൺകുമാറിന്റെ വീടായ വേലിക്കകത്ത് , ജന്മദിനാശംസകളുമായി എത്തിയ നേതാക്കൾക്കും പ്രവർത്തകർക്കും കുടുംബാംഗങ്ങൾ പായസവും ലഡുവും നൽകി സന്തോഷം പങ്കിട്ടു. വീടിന് പുറത്ത് പ്രിയനേതാവിന് വേണ്ടി പ്രവർത്തകർ ആവേശത്തോടെ ഇൻക്വിലാബ് മുഴക്കി. ഫെയ്സ്ബുക്കിൽ വി.എസിന്റെ ചിത്രം പോസ്റ്ര് ചെയ്താണ് മുഖ്യമന്ത്രി പിണറായിവിജയൻ ജന്മദിനാശംസ നേർന്നത്.ഇന്നലെ രാവിലെ ഒമ്പതു മണിയോടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെത്തി. വി.എസിന്റെ പത്നി വസുമതിയുമായും മകൻ ഡോ.വി.എ.അരുണുമായും വി.എസിന്റെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നാലെ മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ.അനിലുമെത്തി. മൂവരും ഒരുമിച്ച് കുറച്ചു നിമിഷങ്ങൾ ചെലവഴിച്ച് മടങ്ങി. പിന്നാലെ മന്ത്രി കെ.എൻ.ബാലഗോപാലും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആശംസ അറിയിക്കാനെത്തി. പ്രായത്തിന്റെ ക്ഷീണമൊക്കെ മറന്ന് തന്റെ പ്രിയ നേതാവിനെ കാണാൻ മുൻ മന്ത്രി പി.കെ.ഗുരുദാസനും എത്തി. പിറന്നാൾ പായസം കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, ഭാര്യ ബെറ്റിയ്ക്ക് ഒപ്പമാണ് എത്തിയത്. ബി.ജെ.പി നേതാവും ഗോവ ഗവർണറുമായ പി.എസ്.ശ്രീധരൻപിള്ള പൂച്ചെണ്ടുമായാണ് പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായത്. മുതിർന്ന സി.പി.എം നേതാവ് എസ്.രാമചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, മുൻ മന്ത്രി എം.വിജയകുമാർ. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവരും സന്തോഷത്തിൽ പങ്കുചേർന്നു.
ഈ സമയം വീടിന് പുറത്ത് പാർട്ടി പ്രവർത്തകരുടെ വലിയൊരു കൂട്ടവും ആശംസ നേരാനെത്തി. വിവിധ സ്ഥലങ്ങളിൽ നിന്ന് വി.എസിന്റെ ചിത്രം ആലേഖനം ചെയ്ത മെമന്റോകളുമായാണ് ചില പ്രവർത്തകർ എത്തിയത്. ഇടയ്ക്ക് അവർ വി.എസിന് സിന്ദാബാദ് വിളിച്ചു കൊണ്ടിരുന്നു. വീട്ടിൽ സമൃദ്ധമായ പിറന്നാൾ സദ്യ ഒരുക്കിയില്ലെങ്കിലും എല്ലാവരും ഒരുമിച്ചായിരുന്നു ഉച്ചയൂണ്. മകൻ ഡോ.വി.എ.അരുൺകുമാർ, ഭാര്യ ഡോ.രജനി, മകൾ ഡോ. വി.വി ആശ, ഭർത്താവ് ഡോ. ടി.തങ്കരാജ്, അരുൺകുമാറിന്റെ മക്കളായ അർജുൻ, അരവിന്ദ് തുടങ്ങിയവരാണ് ഒത്തുകൂടിയത്. എല്ലാത്തിനും മേൽനോട്ടം വഹിച്ച് വി.എസിന്റെ പത്നി വസുമതിയും. മുമ്പൊക്കെ പിറന്നാൾ ദിനത്തിൽ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് പോകുന്ന പതിവുണ്ടായിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആ യാത്രയില്ല.
വി.എസ് കേരളത്തിന്റെ ചരിത്രപുരുഷൻ: പി.എസ്.ശ്രീധരൻപിള്ള
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്ര പുരുഷനാണ് വി.എസ്.അച്യുതാനന്ദനെന്ന് ബി.ജെ.പി നേതാവും ഗോവ ഗവർണറുമായ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. ബാർട്ടൺഹില്ലിലെ വേലിക്കകത്തു വീട്ടിലെത്തി അദ്ദേഹം വി.എസിന് ജന്മദിനാശംസ നേർന്നു.
എന്നും ആരാധനയോടെ കാണുന്ന വ്യക്തിയാണ് വി.എസ്. ചില നേതാക്കൾ പാർട്ടി ചട്ടക്കൂടിനപ്പുറത്തേക്ക് ജനമനസിൽ ഇടം നേടും. രാഷ്ട്രീയമായി എതിർക്കുന്നവരെ ശത്രുക്കളായി കാണരുത്. എല്ലാവരിലുമുള്ള നന്മയെ സ്വാംശീകരിക്കുകയാണ് വേണ്ടത്. എതിർക്കുന്നവരെയും മാനിക്കുന്നതാണ് ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |