കാശ്‌മീരിൽ വോട്ടെടുപ്പ് നടന്നതും ജനാധിപത്യ സർക്കാർ അധികാരത്തിലേക്കു വന്നതും ഭീകരരെ അസ്വസ്ഥരാക്കുന്നതായി വേണം കരുതാൻ. കാശ്‌മീരിൽ സമാധാനം വരുന്നത് ഭീകരരുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതിനു തുല്യമാണ്. അതിനാൽ അവിടെ ഏതുവിധേനയും അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ അവർ ശ്രമിച്ചുകൊണ്ടിരിക്കും. ഏറ്റവും ഒടുവിൽ നടന്ന ഭീകരാക്രമണവും അതിന്റെ ഭാഗമായിത്തന്നെ വേണം കാണാൻ. ജമ്മുകാശ്‌മീരിലെ ഗാൻദെർബാൽ ജില്ലയിലെ ഗഗൻഗീർ മേഖലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു ഡോക്ടറും ആറ് തൊഴിലാളികളും കൊല്ലപ്പെട്ടു. മരിച്ച തൊഴിലാളികൾ തുരങ്ക നിർമ്മാണത്തിനായി അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ജോലിക്കു ശേഷം വൈകിട്ട് ക്യാമ്പിൽ തിരിച്ചെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. നുഴഞ്ഞുകയറിയ രണ്ട് ഭീകരരാണ് വെടിവയ്പ്പ് നടത്തിയത്. മേഖലയിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. കാശ്‌മീർ എപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ലോകത്തിനു മുന്നിൽ കാണിക്കാനാണ് ഭീകരരുടെ ശ്രമം.
മാത്രമല്ല, കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഷാങ്‌ഹായ് കോ- ഓപ്പറേഷൻ ഓർഗനൈസേഷൻ ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ സന്ദർശിച്ചതും അവിടത്തെ വിദേശകാര്യ മന്ത്രിയുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയതും മറ്റും ഭീകരർക്ക് ദഹിക്കുന്ന കാര്യമല്ല. 2015-നു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാൻ സന്ദർശിച്ചത്. ഇരു രാജ്യങ്ങളുടെയും ബന്ധം സാധാരണ നിലയിലാവുന്നതിന് ഈ കൂടിക്കാഴ്ച തുടക്കമിടുമോ എന്ന സംശയം ഭീകരർക്കുണ്ട്. അതിനാൽ ഏതുവിധേനയും വിധ്വംസക പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി, ഇരു രാജ്യങ്ങളും തമ്മിൽ അടുക്കാനുള്ള സാദ്ധ്യത തകർക്കേണ്ടത് ഭീകരരുടെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായാണ് അവർ നിരപരാധികളായ തൊഴിലാളികളെ വെടിവച്ചു കൊന്നുകൊണ്ട് താഴ്‌വരയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ഒരുമ്പെട്ടത്. ഭീകരർ സാധാരണയായി മിലിട്ടറി ക്യാമ്പിനു നേരെയോ അതിർത്തി രക്ഷാസേനയ്ക്കു നേരെയോ ആണ് ആക്രമണം നടത്താറുള്ളത്. അതിൽ നിന്ന് വ്യത്യസ്തമായി സിവിലിയൻമാരെ കൊലപ്പെടുത്തിയത് പുതിയ കാശ്‌മീർ മന്ത്രിസഭയെ നിലയ്ക്കു നിറുത്താൻ കൂടിയാവണം.
ഭരണം സുഗമമായി നടത്താൻ അനുവദിക്കില്ല എന്ന സന്ദേശം കൂടിയാണ് അവർ ഈ ഭീകരാക്രമണത്തിലൂടെ നൽകിയിരിക്കുന്നത്. ടണലുകൾ നിർമ്മിക്കപ്പെടുന്നതും റോഡുകൾ സുഗമമാക്കുന്നതും ഭീകരരുടെ നീക്കങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നതാണ്. കിഴക്കൻ ഡൽഹിയിലെ സി.ആർ.പി.എഫ് സ്‌കൂളിനു സമീപമുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഖാലിസ്ഥാൻ ഭീകരരുടെ സാന്നിദ്ധ്യമാണ് സംശയിക്കപ്പെടുന്നത്. ഞായറാഴ്ചയാണ് ബോംബ് സ്ഫോടനം നടന്നത് എന്നതിലാണ് വലിയൊരു ദുരന്തം ഒഴിവായത്. ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തുന്നുണ്ട്. ദീപാവലി ആഘോഷം വരുന്നത് മുതലെടുത്ത് പല സ്ഥലത്തും ഭീകരർ സ്ഫോടനങ്ങൾ പരീക്ഷിക്കാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങളും സുരക്ഷാസേനകളും കനത്ത ജാഗ്രത പുലർത്തേണ്ടതാണ്. കാനഡയിൽ നിന്ന് പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരരും പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന മതമൗലികവാദികളായ വിവിധ ഭീകര ഗ്രൂപ്പുകളും സംയുക്തമായിപ്പോലും ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണങ്ങൾ നടത്താമെന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |