കമ്പിൽ: ബസ് ഡ്രൈവറെയും യാത്രക്കാരനെയും മർദിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ ആശുപത്രി-മയ്യിൽ, ജില്ലാആശുപത്രി-കണ്ണാടിപ്പറമ്പ് റൂട്ടിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക്. മയ്യിൽ കണ്ണൂർ റൂട്ടിലോടുന്ന ഐശ്വര്യ ബസ് ഡ്രൈവർ കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശി രജീഷ് (37), യാത്രക്കാരൻ കണ്ടക്കൈയിലെ പി. രാധാകൃഷ്ണൻ (56) എന്നിവരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.സമരത്തെ തുടർന്ന് വിദ്യാർത്ഥികളുൾപ്പെടെയുള്ള യാത്രക്കാർ കടുത്ത ദുരിതം നേരിട്ടു.
ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് ബസ് സമരത്തിൽ കലാശിച്ച സംഭവങ്ങളുടെ തുടക്കം. ഐശ്വര്യ ബസിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് സ്കൂട്ടർ യാത്രക്കാരനായ കമ്പിൽ ടൗണിലെ ചുമട്ടുതൊഴിലാളി നണിയൂർ നമ്പ്രം സ്വദേശി നസീറും സുഹൃത്ത് മനാഫും ഐശ്വര്യ ബസിലെ ഡ്രൈവർ രജീഷുമായി വാക്കേറ്റത്തിലേർപ്പെട്ടിരുന്നു.കണ്ണൂരിൽ നിന്ന് ബസ് തിരിച്ച് വരുന്നതിനിടെ നസീറും മനാഫും കാത്തിരുന്ന് ഡ്രൈവർ രജീഷിനെ മർദിച്ചു. അക്രമം തടയാൻ ശ്രമിച്ചപ്പോഴാണ് യാത്രക്കാരൻ രാധാകൃഷ്ണന് മർദനമേറ്റത്. തലക്ക് പരിക്കേറ്റ് മയ്യിൽ സി.എച്ച്.സിയിൽ പ്രവേശിപ്പിക്കപ്പെട്ട രാധകൃഷ്ണന് ആറ് തുന്നിക്കെട്ട് ഇടേണ്ടി വന്നു. മർദനമേറ്റ ഡ്രൈവർ രജീഷിനെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കരിങ്കൽ ചീളുകൾ തുണിയിൽ പൊതിഞ്ഞ് തലയ്ക്ക് ഇടിക്കുകയായിരുന്നുവെന്ന് രാധാകൃഷ്ണൻ പൊലീസിനോടു പറഞ്ഞു.
അക്രമത്തിന് ശേഷം ബസിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ട നസീറിനെയും മനാഫിനെയും മയ്യിൽ എസ്ഐ പ്രശോഭും സംഘവും രാത്രി കമ്പിൽക്കടവ് ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തു. അക്രമത്തെ തുടർന്ന് ഈ റൂട്ടിൽ സർവീസ് നിർത്തിവച്ച് പ്രതിഷേധിക്കാൻ അർദ്ധരാത്രിയോടെ തൊഴിലാളികൾ തീരുമാനനെടുക്കുകയായിരുന്നു.
മയ്യിൽ റൂട്ടിൽ അക്രമം ആദ്യമല്ല
നിരന്തരം ബസ് ജീവനക്കാർ ആക്രമിക്കപ്പെടുന്നതായി പരാതിയുള്ള റൂട്ടാണ് മയ്യിൽ -കണ്ണൂർ ആശുപത്രി റൂട്ട്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് കാട്ടാമ്പള്ളി കുന്നിൽ സ്കൂട്ടറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് അറുപതംഗസംഘം ബസിൽ ഇരച്ചുകയറി ബസ് ജീവനക്കാരെ ആക്രമിച്ചിരുന്നു.
മയ്യിൽ-കണ്ണൂർ ആശുപത്രി റൂട്ടിൽ ബസ് ജീവനക്കാർക്കു നേരേ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങൾ തടയാൻ നടപടിയുണ്ടാകണം-ബസ് മയ്യിൽ കൂട്ടായ്മ പ്രവർത്തകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |