തിരുവനന്തപുരം: മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് പമ്പയിലും സന്നിധാനത്തും നവംബർ ഒന്നുമുതൽ ആശുപത്രികൾ ആരംഭിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ബാക്കിയുള്ളവ 15 മുതൽ പ്രവർത്തനമാരംഭിക്കും. രണ്ടിടത്തും ഓപ്പറേഷൻ തിയേറ്ററുകൾ പ്രവർത്തിക്കും. നിലയ്ക്കലും പമ്പയിലും ലാബ് സൗകര്യമുണ്ടാകും. എല്ലാ ആശുപത്രിയിലും വെന്റിലേറ്റർ, ഹൃദ്രോഗചികിത്സയ്ക്ക് ആവശ്യമായ കാർഡിയാക് മോണിറ്റർ, ഡിഫിബ്രിലേറ്റർ എന്നിവയൊരുക്കാനും ഇന്നലെ മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതലയോഗം തീരുമാനിച്ചു.
കോന്നി മെഡിക്കൽ കോളേജായിരിക്കും ബേസ് ആശുപത്രി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബുമുണ്ടാകും. പമ്പ ആശുപത്രിയിൽ കൺട്രോൾ റൂം സ്ഥാപിക്കും. വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാരെ ആരോഗ്യ വകുപ്പിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും നിയോഗിക്കും. മെഡിക്കൽ കോളേജുകളിൽ നിന്ന് വിദഗ്ദ്ധ കാർഡിയോളജി ഡോക്ടർമാരുടേയും ഫിസിഷ്യൻമാരുടേയും സേവനവുമൊരുക്കും.
സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻ റോഡ്), നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ പ്രത്യേക സംവിധാനങ്ങളോടുകൂടിയ ഡിസ്‌പെൻസറികളുണ്ടാകും. കോട്ടയം മെഡിക്കൽ കോളേജ്, അടൂർ ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാർ, കുമളി, ചെങ്ങന്നൂർ തുടങ്ങിയിടങ്ങളിലെ 15 ആശുപത്രികളിലും പ്രത്യേക ചികിത്സാ സൗകര്യങ്ങളൊരുക്കും. മലകയറുന്നവരുടെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ പമ്പ മുതൽ സന്നിധാനം വരെ എമർജൻസി മെഡിക്കൽ സെന്ററുകളും ഓക്‌സിജൻ പാർലറുകളുമുണ്ടാകും. ഹൃദയാഘാതം വരുന്ന തീർത്ഥാടകർക്കായി ആട്ടോമേറ്റഡ് എക്‌സ്റ്റേണൽ ഡിഫിബ്രിലേറ്റർ ഉൾപ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാർ 24 മണിക്കൂറും ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |