ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള യാത്ര കേരളം കണ്ട ഏറ്റവും വലിയ അന്ത്യയാത്ര തന്നെയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളി വരെയുള്ള ആ യാത്രയിൽ വഴിയിലുടനീളം പതിനായിരങ്ങളാണ് ജനനായകനെ അവസാനമായി ഒരു നോക്ക് കാണാൻ മണിക്കൂറുകൾ കാത്തുനിന്നത്. ആ യാത്രയിലെ അനുഭവം വിവരിക്കുകയാണ് ഉമ്മൻ ചാണ്ടിയുടെ അടുത്ത സുഹൃത്തും മുൻ മന്ത്രിയുമായ കെ.സി ജോസഫ്.
''തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ജഗതിയിലെ വീട്ടിലേക്കാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹവുമായുള്ള ആദ്യ വിലാപയാത്ര ആരംഭിച്ചത്. അഭൂതപൂർവമായ ജനസഞ്ചയം. ഒരിഞ്ചുപോലും മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയുണ്ടായി പലയിടത്തും. തുടർന്ന് ദർബാർ ഹാളിലെത്തി. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വിവിധ നേതാക്കളുമെല്ലാം അവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു. അവിടെ നിന്ന് പാളയം സെന്റ് ജോർജ് പള്ളിയിലേക്ക് തിരിച്ചു. കെപിസിസി ആസ്ഥാനത്തേക്കാണ് അടുത്ത യാത്ര. അവിടെ വച്ചാണ് പിറ്റേദിവസത്തെ പരിപാടി ആസൂത്രണം ചെയ‌്തത്.
രാവിലെ 7 മണിക്ക് ജഗതിയിലെ വീട്ടിൽ നിന്ന് യാത്ര ആരംഭിച്ച് വൈകിട്ട് 4 മണിക്ക് കോട്ടയത്ത് എത്താം എന്നാണ് തീരുമാനിച്ചത്. പക്ഷേ പട്ടം വരെ എത്താൻ പോലും മൂന്ന് മണിക്കൂർ എടുത്തു. ചെങ്ങന്നൂർ എത്തിയത് പിറ്റേന്ന് പുലർച്ചെ 5 മണിക്ക്. എല്ലാ പരിപാടികളും തെറ്റിയിരുന്നു. റോഡിലെല്ലാം ജനങ്ങൾ കാത്തു നിൽക്കുകയാണ്. ആരും പിരിഞ്ഞുപോകുന്നില്ല. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും മകളും പെരുന്നയിലെ ആസ്ഥാനത്ത് കാത്തിരുന്നു. സുകുമാരൻ നായർക്ക് ഉമ്മൻ ചാണ്ടിയുമായി വളരെ അടുത്ത വ്യക്തിബന്ധമാണ് ഉണ്ടായിരുന്നത്.
കോട്ടയത്തെ യാത്ര പറയാൻ സാധിക്കുന്നതായിരുന്നില്ല. ആൾക്കാരെല്ലാം ഇമോഷണലാവുകയാണ്. ഞങ്ങളെല്ലാം തളർന്നു. രാത്രി 11 മണിക്ക് ബോഡി പുതുപ്പള്ളി പള്ളിയിലെത്തി. സാധാരണഗതിയിൽ സൂര്യാസ്തമയം കഴിഞ്ഞാൽ ബോഡി സംസ്‌കരിക്കാൻ സമ്മിതിക്കില്ല. കത്തോലിക്ക ബാവ പങ്കെടുക്കില്ല. പക്ഷേ ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ അതെല്ലാം മാറ്റിവച്ചു. പുതുപ്പള്ളി പള്ളി ഉമ്മൻ ചാണ്ടിയോട് കാണിച്ച സ്നേഹം ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. കുടുംബ കല്ലറയെല്ലാമുണ്ടെങ്കിലും, അസാധാരണമായ രീതിയിൽ പള്ളിക്കമ്മിറ്റി തീരുമാനിച്ചത് വൈദികരുടെ കല്ലറയോട് ചേർന്ന് പുതുപ്പള്ളി പള്ളിയുടെ ഹൃദയഭാഗത്ത് ഉമ്മൻ ചാണ്ടിക്ക് കല്ലറ ഒരുക്കാമെന്നാണ്. ഒരു പള്ളിയും ഒരിക്കലും അനുവദിക്കാത്ത കാര്യമാണ് പള്ളിക്കമ്മിറ്റി തീരുമാനിച്ചത്''- കെ.സി ജോസഫിന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |