ഇന്ത്യൻ സിനിമയിലെ റിബൽ സ്റ്റാർ പ്രഭാസിന് ഇന്ന് 45ാം ജന്മദിനം. 'ബാഹുബലി' എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോകസിനിമയ്ക്ക് മുന്നിൽ
വിസ്മയമായി തീർന്ന പ്രഭാസിന്റെ ആരാധകവൃന്ദം ഇന്ന് ലോകം മുഴുവൻ ആഘോഷത്തിലാണ്. പിറന്നാൾ സമ്മാനമായി ആരാധകർക്ക് വലിയ സർപ്രയിസുകളാണ് പ്രഭാസ് ഒരുക്കിയിരിക്കുന്നത്. പ്രഭാസിന്റെ 6 സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ആരാധകർക്ക് വേണ്ടി ഇന്നും വീണ്ടും റിലീസ് ചെയ്യുന്നത്. മിസ്റ്റർ പെർഫെക്ട്്, മിർച്ചി, ഛത്രപതി, റിബൽ, ഈശ്വർ, സലാർ എന്നീ ചിത്രങ്ങളാണ് റീ റിലീസ് ചെയ്യുന്നത്. കൽക്കിയുടെ ചരിത്ര വിജയം പ്രഭാസിനെ ഇന്ത്യൻ സിനിമയിലെ ഏറ്റവും വിപണി മൂല്യമുള്ള താരമാക്കി മാറ്റിക്കഴിഞ്ഞു. വമ്പൻ സിനിമാ പദ്ധതികളാണ് പ്രഭാസിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. പ്രശാന്ത് നീൽ ഒരുക്കി വൻ വിജയമായ സലാറിന്റെ രണ്ടാംഭാഗം സലാർ2: ശൗര്യംഗ പർവ്വം, സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ്, മാരുതിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ദി രാജ്സാബ് തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെതായി ഉടൻ തീയേറ്ററുകളിൽ എത്തുന്നത്. പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് ദി രാജാസാബിലേത്. റൊമാന്റിക് കോമഡി ഹൊറർ എന്ന വിഭാഗത്തിലാണ് ചിത്രമെത്തുന്നത്. പീപ്പിൾ മീഡിയ ഫാക്ടറി ഇത് നിർമ്മിക്കുന്ന ചിത്രത്തിൽ നിധി അഗർവാൾ, മാളവിക മോഹനൻ എന്നിവരാണ് നായികമാർ. പ്രഭസിന്റെ കരിയറിലെ സമാനതകളില്ലാത്ത വിജയമായിരുന്നു കൽക്കിയുടേത്.താരപ്പകിട്ടുകൊണ്ടും ചിത്രത്തിന്റെ പ്രമേയം കൊണ്ടും അവതരണ രീതിയാലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കൽക്കിയുടെ രണ്ടാം ഭാഗമാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.അടുത്ത വർഷം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. വൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രഭാസിന്റെ കരിയറിലെ തന്നെ പുതിയ അധ്യായത്തിന്റെ തുടക്കമാകുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |