പൊലീസ് നിരീക്ഷണം ആവശ്യപ്പെട്ടുള്ള യദുവിന്റെ ഹർജിയിൽ വിധി 30ന്.
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്ന എൽ.എച്ച്.യദുവിനെ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എം.എൽ.എയും ഉൾപ്പെടെ വഴിയിൽ തടഞ്ഞ കേസിൽ പ്രതിഭാഗത്തിനെതിരായ രണ്ടു കുറ്റങ്ങൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്.
സച്ചിൻ ദേവ് എം.എൽ.എ ബസിൽ അതിക്രമിച്ചു കടന്നെന്ന കുറ്റവും, യദുവിനെ അസഭ്യം പറഞ്ഞെന്ന കുറ്റവും നിലനിൽക്കില്ലെന്നാണ് റിപ്പോർട്ട്.
കേസന്വേഷണം പൊലീസ് നിരീക്ഷണത്തിലാക്കണമെന്നാവശ്യപ്പെട്ട് യദു നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി നിർദ്ദേശ പ്രകാരം കന്റോൺമെന്റ് പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചത്. നിരീക്ഷണ ഹർജിയിൽ കോടതി 30ന് വിധി പറയും.
ഹൈഡ്രോളിക് സംവിധാനമുള്ള ഡ്രൈവറുടെ നിയന്ത്രണത്തിലെ ബസിന്റെ വാതിൽ യദു തുറന്ന് കൊടുത്ത ശേഷമാണ് സച്ചിൻ ദേവ് ബസിനുളളിൽ കയറി വിവരം അന്വേഷിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി റിപ്പോർട്ടിലുണ്ട്. ഇക്കാരണം കൊണ്ട് തന്നെ സച്ചിൻ ദേവ് ബസിൽ അതിക്രമിച്ചു കടന്നതായി പറയാനാകില്ലെന്നാണ് പൊലീസ് ഭാഷ്യം. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന മൂന്ന് ദൃക്സാക്ഷികളുടെയും, ബസിൽ സഞ്ചരിച്ചിരുന്ന രണ്ട് പേരുടെയും
മൊഴിയെടുത്തതിൽ ആര്യാ രാജേന്ദ്രനും ഭർത്താവും യദുവിനെ അസഭ്യം പറഞ്ഞതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതി നിരീക്ഷണത്തിൽ അന്വേഷണം വേണമെന്ന യദുവിന്റെ ആവശ്യം മാദ്ധ്യമ ശ്രദ്ധ നേടാൻ മാത്രമാണെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രോസിക്യൂട്ടർ കല്ലംപളളി മനു കോടതിയെ അറിയിച്ചു. ഇതുവരെയുളള പൊലീസ് അന്വേഷണത്തിൽ തൃപ്തിയുളളതായി യദുവിന്റെ അഭിഭാഷകനും പറഞ്ഞു.
കോടതി നിർദ്ദേശപ്രകാരം പൊലീസെടുത്ത കേസിൽ സർക്കാർ ജീവനക്കാരന്റെ ജോലി തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞു വയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ബാക്കിയുളളത്. അടുത്ത ഘട്ടത്തിൽ, ഈ കുറ്റങ്ങൾ നിലനിൽക്കുമോയെന്നും പൊലീസ് പരിശോധിക്കും. ബസിനുളളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായാലേ യദു പറയുന്ന വസ്തുതയുടെ യാഥാർത്ഥ്യം ഉറപ്പിക്കാനാകൂവെന്നും സി.സി.ടി.വി യുടെ മെമ്മറി കാർഡ് നഷ്ടപ്പെട്ടത് തമ്പാനൂർ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
'യദുവിന്റെ
റൂട്ടും തെറ്റ് "
സംഭവ ദിവസം യദു ഓടിച്ചിരുന്ന ബസ് പി.എം.ജിയിൽ നിന്ന് ബിഷപ് പെരേര ഹാളിന് മുന്നിലൂടെ ബേക്കറി ജംഗ്ക്ഷൻ വഴി തമ്പാനൂരിലേക്കാണ് പോകേണ്ടിരുന്നത്. എന്നാൽ അനുവദനീയമല്ലാത്ത റൂട്ടിലൂടെയാണ് യദു ബസ് ഓടിച്ചത്. പി.എം.ജിയിൽ നിന്ന് നിയമസഭാ മന്ദിരത്തിന് മുന്നിലൂടെ പാളയം വഴിയാണ് ബസ് തമ്പാനൂരിലേക്ക് എത്തിയതെന്നും റിപ്പോർട്ടിലുണ്ട്. സംഭവസമയം മേയർക്കും ഭർത്താവിനുമൊപ്പമുണ്ടായിരുന്ന വ്യക്തി കന്യാകുമാരി കൊല്ലങ്കോട് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തുള്ള എസ്.ആർ.രാജീവാണെന്ന് തിരിച്ചറിഞ്ഞെന്നും എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ലഭിച്ചില്ലെന്നും കോടതിയെ ബോധിപ്പിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |